Skip to main content

ഹജ്ജിന്റെ ഇഹ്‌റാം രീതികള്‍

ഹജ്ജിന് മൂന്നുതരത്തില്‍ ഇഹ്‌റാം നിര്‍വഹിക്കാവുന്നതാണ്. (ഒന്ന്) ഹജ്ജിന്റെ മാസങ്ങളില്‍ (ദുല്‍ഖഅ്ദ ഒന്നുമുതല്‍ ദുല്‍ഹിജ്ജ പത്തുവരെയുള്ള ദിവസങ്ങളാണ് ഹജ്ജിന്റെ മാസങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്) ഹജ്ജ് മാത്രം ഉദ്ദേശിച്ച് ഇഹ്‌റാമില്‍ പ്രവേശിക്കുക. ഇതിന് ഇഫ്‌റാദ് എന്നു പറയും. ഇവര്‍ ലബ്ബൈക ഹജ്ജന്‍ എന്നോ അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍ എന്നോ നിയ്യത്ത് ചെയ്യണം. ശേഷം ഹജ്ജിന്റെ ദിവസം (ദുല്‍ഹിജ്ജ എട്ട്) ഹജ്ജ് നിര്‍വഹിക്കാനായി മിനായിലേക്ക് പോകണം. 

(രണ്ട്) ഹജ്ജിന്റെ മാസത്തില്‍ ഹജ്ജും ഉംറയും ഒരൊറ്റ ഇഹ്‌റാമില്‍ ഉദ്ദേശിക്കുക. ഈ രൂപത്തിന് ഖിറാന്‍ എന്നു പറയുന്നു. ലബ്ബൈക ഹജ്ജന്‍ വ ഉംറതന്‍ എന്നോ അല്ലാഹുമ്മ ലബ്ബൈക ഹജ്ജന്‍ വ ഉംറതന്‍ എന്നോ ആണ് ഇവര്‍ നിയ്യത്ത് ചെയ്യുക. ഇവര്‍ ഉംറ നിര്‍വഹിച്ചു കഴിഞ്ഞാല്‍ ഹജ്ജിന്റെ ദിവസം വരെ ഇഹ്‌റാമില്‍ തന്നെ തുടരുകയും ശേഷം ഹജ്ജിന്റെ ദിവസമാകുമ്പോള്‍ അതേ ഇഹ്‌റാമോടെ ഹജ്ജ് നിര്‍വഹിക്കുകയും ചെയ്യുന്നു.

(മൂന്ന്) ഹജ്ജിന്റെ മാസത്തില്‍ ലബ്ബൈക ഉംറതന്‍ (അല്ലാഹുമ്മ ലബ്ബൈക ഉംറതന്‍) എന്നു പറഞ്ഞ് ഉംറക്കായി ഇഹ്‌റാമില്‍ പ്രവേശിക്കുകയും അതു നിര്‍വഹിച്ച് തഹല്ലുലാവുകയും ചെയ്യുന്നു. (ഇഹ്‌റാമില്‍ നിന്നൊഴിവാകുന്നതിനാണ് തഹല്ലുല്‍ എന്നു പറയുന്നത്.) ദുല്‍ഹിജ്ജ എട്ടിന് തന്റെ താമസസ്ഥലത്തു നിന്ന് പുതിയ ഇഹ്‌റാം ചെയ്ത് ലബ്ബൈക ഹജ്ജന്‍ എന്ന നിയ്യത്തുമായി ഹജ്ജ് നിര്‍വഹിക്കുക. ഇതിന് തമത്തുഅ് എന്നാണ് പറയുക. തമത്തുഅ് ആണ് നബി(സ്വ) താല്പര്യപ്പെട്ട ഹജ്ജിന്റെ രൂപം. 

തമത്തുഅ് (ഇഹ്‌റാം മുറിച്ച് സ്വാതന്ത്ര്യമെടുക്കല്‍) രൂപവും ഖിറാന്‍ (ചേര്‍ത്തെടുക്കല്‍) രൂപവുമെടുത്ത് ഹജ്ജും ഉംറയും നിര്‍വഹിച്ചവര്‍ ഒരു ആടിനെയെങ്കിലും ബലി അറുത്ത് മക്കയിലെ പാവങ്ങള്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്. ബലി സാധിക്കാത്തവര്‍ പത്തു ദിവസം നോമ്പു നോല്‍ക്കണം. അതില്‍ മൂന്നെണ്ണം മക്കയില്‍ നിന്നും ബാക്കി ഏഴെണ്ണം നാട്ടിലെത്തിയ ശേഷവും നിര്‍വഹിക്കാം. ഈ മൂന്നു നോമ്പ് സാധാരണ നോമ്പ് നിഷിദ്ധമായ അയ്യാമുത്തശ്‌രീഖിന്റെ ദിനങ്ങളായ ദുല്‍ഹിജ്ജ 11, 12, 13 തിയ്യതികളിലും നിര്‍വഹിക്കാവുന്നതാണ്. ഇഫ്‌റാദായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ ബലി നല്‌കേണ്ടതില്ല.

എന്നാല്‍ തമത്തുഓ ഖിറാനോ ഉദ്ദേശിച്ച് ഇഹ്‌റാം ചെയ്ത് എത്തിയവരില്‍ ചിലര്‍ ബലിയില്‍ നിന്ന് രക്ഷപ്പെടാനായി പിന്നീട് ഇഫ്‌റാദാക്കുകയും അതിനു ശേഷം ഹറമില്‍ നിന്ന് പുറത്തുപോയി പുതിയ നിയ്യത്തില്‍ ഇഹ്‌റാമില്‍ പ്രവേശിക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അല്ലാഹു വിന്റെ ദീനിനെ കളിയാക്കലാണ്.

 
 

Feedback