ഹറമിന്റെ ദിശയില്‍ മിനായുടെ അതിര്‍ത്തിയിലാണ് ജംറകള്‍ സ്ഥിതിചെയ്യുന്നത്. ഹജ്ജിന്റെ ഭാഗമായി കല്ലേറ് എന്ന ചടങ്ങ് നിര്‍വഹിക്കേണ്ടത് ഇവിടെയുള്ള ജംറകള്‍ എന്നു അടയാളപ്പെടുത്തിയ തൂണുകള്‍ക്കുനേരെയാണ്. ജംറ എന്നാല്‍ ചെറുകല്ല്, കല്ലുകള്‍ ഒരുമിച്ചു കൂട്ടുന്ന സ്ഥലം എന്നെല്ലാമാണ് ഭാഷയിലെ അര്‍ഥം. മിനായില്‍ നിശ്ചിത അകലങ്ങളിലായി സ്ഥാപിച്ച തൂണുകളും അതിനു ചുറ്റുമുള്ള കൊട്ടത്തളവും ഉള്‍ക്കൊള്ളുന്നതാണ് ഹജ്ജിലെ ജംറ. ഏകദേശം ഇരുനൂറുമീറ്റര്‍ അകലങ്ങളിലായി ഇങ്ങനെ മൂന്നു കല്ലേറു സ്ഥലങ്ങള്‍ (ജംറ) ഉണ്ട്. ഈ തൂണുകള്‍ക്കു നേരെയാണ് കല്ലെറിയേണ്ടത്.
ഏറെ തിരക്കിന് സാധ്യതയുള്ള ഇവിടെ ഹാജിമാര്‍ക്ക് പരമാവധി സൗകര്യപ്രദമായി കര്‍മം നിര്‍വഹിക്കാനുള്ള സജ്ജീകരണങ്ങള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്. അതിന്റെ ഭാഗമായി ജംറയിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും വണ്‍വേ സംവിധാനമാണ്. കൂടാതെ ഒരോ രാജ്യക്കാര്‍ക്കും പ്രത്യേകം സമയം നിശ്ചയിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകള്‍തട്ടിലൂടെയും എറിയാനുള്ള പാലം ഉണ്ടാക്കിയിട്ടുണ്ട്. അധികൃതരുടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് ഹാജിമാര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ കുറ്റകരമാണ് എന്നു പണ്ഡിതന്മാര്‍ ഫത്‌വ നല്കിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ ഇവിടെയുണ്ടായ പലദുരന്തങ്ങള്‍ക്കും പ്രധാനകാരണം ഇങ്ങനെ വന്ന നിയമ ലംഘനങ്ങളായിരുന്നു. നിഷ്‌കളങ്കരായ ഹാജിമാരുടെ വിഷമങ്ങള്‍ക്കും മരണത്തിനും കാരണക്കാരാകാതിരിക്കാന്‍ ഒരോരുത്തരും ശ്രദ്ധിക്കേണ്ടത് ഇസ്‌ലാമിക ബാധ്യതയാണ്.
എന്നാല്‍ പ്രയാസമുണ്ടാകാതിരിക്കാന്‍വേണ്ടി നബി(സ്വ) നിര്‍ദേശിച്ചുതന്ന സമയവും സ്ഥലവും രൂപവുമൊന്നും മാറ്റാവുന്നതല്ല. അയ്യാമുത്തശ്‌രീഖില്‍ ഉച്ചക്കുശേഷമാണ് ജംറകളില്‍ എറിയേണ്ടത്. ഇത് രാവിലെ നിര്‍വഹിക്കാന്‍ പാടില്ല. ആദ്യം എറിയാന്‍ പറഞ്ഞ സ്ഥലത്ത് തിരക്കായാല്‍ അടുത്തതില്‍ നിന്ന് തുടങ്ങാനും പാടില്ല. ഏഴു കല്ലുകളില്‍ ഒരോന്നു വീതം അല്ലാഹു അക്ബര്‍ എന്നു ചൊല്ലി സ്തൂപത്തിനു നേരെ എറിയുകയാണ് ഏറിന്റെ രീതി. ഇതിനു പകരം എല്ലാംകൂടി ഒന്നിച്ചെറിയാനോ, സ്തൂപത്തിലോ ചുറ്റുമുള്ള തടത്തിലെങ്കിലുമോ വീഴാത്ത വിധത്തില്‍ എവിടെയെങ്കിലും എറിഞ്ഞുപോകാനോ പാടില്ല. ചെകുത്താനെ എറിയുന്നു എന്ന രൂപേണ ചെകുത്താനെ ചീത്ത വിളിച്ചും തളത്തിന്റെ മതിലുകള്‍ ചവിട്ടിയും മറ്റും വലിയ കല്ലും ചെരിപ്പും കുടയും പോലുള്ള വസ്തുക്കള്‍കൊണ്ട് എറിയാനോ, വീണുപോയ കല്ലിനുപകരം മറ്റെന്തെങ്കിലും എടുത്ത് എറിയാനോ പാടില്ല. കടലമണിയോളം വലിപ്പമുള്ള ചെറിയ കല്ലുകളാണ് എറിയാന്‍ ഉപയോഗിക്കേണ്ടത്. കിട്ടിയില്ലെങ്കില്‍ വലിയ കല്ലുപയോഗിക്കാം. ഇത് എവിടെ നിന്നും ശേഖരിക്കാവുന്നതാണ്. ദുല്‍ഹിജ്ജ പത്താം ദിവസത്തെ ഏറിനുള്ള ഏഴെണ്ണം എടുത്തുനല്കാന്‍ നബി(സ്വ) ആവശ്യപ്പെട്ടത് ജംറക്ക് തൊട്ടടുത്തു നിന്നാണ്. എല്ലാ ദിവസത്തേക്കുമുള്ള കല്ലുകള്‍ മുസ്ദലിഫയില്‍ നിന്നു തന്നെ പെറുക്കി സൂക്ഷിക്കുന്നതില്‍ ഒരു പുണ്യവുമില്ല. മിനായില്‍ നിന്നു ശേഖരിച്ചാല്‍ മതി. കല്ലുകള്‍ കഴുകുകയോ മറ്റോ വേണ്ടതില്ല. കല്ലെറിയുമ്പോള്‍ മറ്റുള്ളവരുടെ കണ്ണിലും തലയിലുമൊന്നും വീഴാതിരിക്കാനും ശ്രദ്ധിക്കുക. ഏറെ സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഇബാദത്താണ് എന്ന ബോധം നഷ്ടപ്പെടാതെ സൂക്ഷിക്കണം. അതിരുകവിയലുകള്‍ കര്‍മത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുമെന്നു മാത്രമല്ല കുറ്റകരം കൂടിയാണ്.
ദുല്‍ഹിജ്ജ പത്തിന് മിനായിലെത്തിയാല്‍ ആദ്യമായി ചെയ്യേണ്ടത് കല്ലേറാണ്. ഇത് നബി(സ്വ) നിര്‍വഹിച്ചത് ദുഹാ (പൂര്‍വാഹ്നം) സമയത്താണ്. എപ്പോഴാണോ എത്തുന്നത് അപ്പോള്‍ എറിയാവുന്നതാണ്. മുസ്ദലിഫയില്‍ നിന്ന് നേരത്തേ പുറപ്പെട്ട സ്ത്രീകളും ദുര്‍ബലരും ദുഹാസമയം ആയതിനു ശേഷമാണ് കല്ലെറിയേണ്ടത്. മിനാ അതിര്‍ത്തിയില്‍ മക്കയോട് അടുത്തുള്ളതും കൂടുതല്‍ വലുതുമായ ജംറതുല്‍ കുബ്‌റായിലാണ് (ജംറതുല്‍ അഖബ) അന്ന് കല്ലെറിയേണ്ടത്. ഇവിടെ കല്ലെറിഞ്ഞ് തുടങ്ങുന്നതോടെ തല്‍ബിയത് അവസാനിപ്പിക്കണം. പിന്നീട് തക്ബീറാണ് ചൊല്ലേണ്ടത്. അന്ന് കല്ലെറിഞ്ഞ് മിനായില്‍ മടങ്ങിയെത്തിയ ശേഷമാണ് ദുഹ്ര്‍ നമസ്‌കരിക്കേണ്ടത്.
പതിനൊന്നു മുതലുള്ള ദിനങ്ങളില്‍ ഉച്ചയ്ക്കു ശേഷമാണ് കല്ലെറിയേണ്ടത്. അതിനു മുമ്പെ എറിയുന്നത് സ്വീകരിക്കപ്പെടില്ല. അതിനാല്‍ മാറ്റി എറിയണം. എന്തെങ്കിലും കാരണവശാല്‍ ഒരു ദിവസം എറിയാന്‍ കഴിയാതെവന്നാല്‍ അത് അടുത്ത ദിവസം എറിയാവുന്നതാണ്. അയ്യാമുത്തശ്‌രീഖ് തീരുന്നതിനു മുമ്പായി അതു നിര്‍വഹിക്കണം. നബി(സ്വ) ഈ ദിവസങ്ങളില്‍ കല്ലേറിനു ശേഷമാണ് ദുഹ്ര്‍ നമസ്‌കരിച്ചത്. അസ്തമയത്തിനു മുമ്പാകുന്നതാണ് നല്ലതെങ്കിലും രാത്രിയിലും ഏറ് നിര്‍വഹിക്കാവുന്നതാണ്. പതിനൊന്നിന് ആദ്യം ജംറതുല്‍ ഊലായില്‍ ഏഴു കല്ലുകള്‍ ഓരോന്നായി, അല്ലാഹുഅക്ബര്‍ എന്നു പറഞ്ഞ് എറിയുക. ശേഷം അല്പം മുന്നോട്ട് വന്ന് ഖിബ്‌ലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കുക. പിന്നെ ജംറതുല്‍ വുസ്ത്വായിലും ആദ്യത്തേതുപോലെ എറിയുകയും പ്രാര്‍ഥിക്കുകയും ചെയ്യുക. അവസാനം ജംറതുല്‍ അഖബയില്‍ എറിയുക. എന്നാല്‍ അവിടെ നബി(സ്വ) പ്രാര്‍ഥിച്ചിട്ടില്ലാത്തതിനാല്‍ പ്രാര്‍ഥിക്കേണ്ടതില്ല. ജംറതുല്‍ ഊലായിലും വുസ്ത്വായിലും നമുക്കിഷ്ടമുള്ള പ്രാര്‍ഥനകള്‍ നിര്‍വഹിക്കാവുന്നതാണ്.
പന്ത്രണ്ടിനും ഇതേ ക്രമത്തില്‍ എറിയുക. ഇതോടെ വാജിബ് പൂര്‍ണമായതിനാല്‍ അത്യാവശ്യമുള്ളവര്‍ക്ക് ഹജ്ജ് അവസാനിപ്പിച്ച് പോകാവുന്നതാണ്. എന്നാല്‍ പൂര്‍ണമാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പതിമൂന്നിനും ഇതേ ക്രമത്തില്‍ ഏറു നടത്തുക. ഇവ ഈക്രമത്തില്‍ തന്നെ ചെയ്യുക എന്നത് ഹജ്ജിന്റെ നിര്‍ബന്ധബാധ്യതയില്‍ പെട്ടതാണ്. ബോധപൂര്‍വം തെറ്റിച്ചാല്‍ പ്രായശ്ചിത്തമായി മൃഗബലി നടത്തണം. എന്തെങ്കിലും കാരണങ്ങളാല്‍ ഏതെങ്കിലും ദിവസം പകലോ രാത്രിയോ ആ ദിവസത്തെ ഏറ് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു ദിവസത്തെയും ഏറുകള്‍, അല്ലെങ്കില്‍ മൂന്നു ദിവസത്തെയും ഏറുകള്‍ മൂന്നാമത്തെ ദിവസം ആദ്യദിവസത്തെ ഏറിനു ശേഷം രണ്ടാം ദിനത്തിന്റെത് എന്ന ക്രമത്തില്‍ ഒരേ ദിവസംതന്നെ എറിയാവുന്നതാണ്. ഇതോടെ ബാധ്യത വീടും. അയാള്‍ ബലി നിര്‍വഹിക്കേണ്ടതില്ല (ഇബ്‌നു ഖുദാമ, അല്‍മുഗ്നീ, 5/333).
എത്ര കല്ലുകള്‍ എറിഞ്ഞു എന്നോ എറിഞ്ഞ കല്ല് ജംറയില്‍ വീണിട്ടുണ്ടോ എന്നും സംശയമായാല്‍ ഉറപ്പുള്ള എണ്ണം സ്വീകരിക്കുകയും വേറെ കല്ല് എറിയുകയും വേണം. കുറച്ച് പ്രയാസപ്പെട്ടാലും സ്വയം എറിയുന്നതാണ് ഉത്തമം. എന്നാല്‍ വലിയ പ്രയാസമുള്ളവര്‍ക്ക് മറ്റു ഹാജിമാരെ ചുമതലപ്പെടുത്താവുന്നതാണ്. അയാള്‍ ഓരോ ജംറയിലും ആദ്യം തന്റെ ഏറ് നിര്‍വഹിക്കുകയും ശേഷം നിയ്യത്തോടുകൂടി ഏല്പിച്ച ആള്‍ക്കുവേണ്ടി ഏറു നര്‍വഹിക്കുകയുമാണ് വേണ്ടത്. പകരക്കാരന്‍ ചെയ്തതിനു ശേഷം സ്വന്തമായി ചെയ്യാനുള്ള സാഹചര്യമുണ്ടായാല്‍ വേണമെങ്കില്‍ സ്വന്തമായി നിര്‍വഹിക്കാം; ബാധ്യതയില്ല (ഇമാം ശന്‍ഖീത്വീ, അദ്‌വാഉല്‍ ബയാന്‍ 5/309).