ദാമ്പത്യ ജീവിതത്തിന്റെ പ്രധാനവേദി കിടപ്പറയാണ്. ഉറങ്ങാന്‍ വേണ്ടിമാത്രമുള്ള ശയനപ്രതലങ്ങളായി കിടക്കകള്‍ ചുരുങ്ങുമ്പോള്‍ രതിജീവിതം വിരസമാവുന്നു. എന്നാല്‍ സംസ്‌കാരത്തെ മാര്‍ദവമുള്ള കിടക്കയെന്ന് പാവ്‌ലൊ വിശേഷിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കിടപ്പറയിലെ ക്രമീകരണവും വസ്ത്രധാരണവും ചുമരുകളുടെ നിറഭേദം പോലും ലൈംഗിക ഉത്തേജനത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. രതിവിരസതക്കും ഒരുവേള ലൈംഗിക ശൈത്യത്തിനുപോലും ഹേതുവാകുന്നതും കിടപ്പറയിലുള്ള ലൈംഗിക വിശുദ്ധിയുടെ അഭാവമാണ്. ശാരീരികവും മാനസികവും വൈകാരികവുമായ സംതൃപ്തി ഇണകള്‍ തമ്മിലുള്ള ലൈംഗിക വേഴ്ചയിലൂടെ കിടപ്പറയില്‍ നിന്ന് ലഭിക്കാതെ പോകുമ്പോള്‍ ലൈംഗികാസ്വാദനത്തിന്റെ നിഷിദ്ധ വഴികളിലേക്ക് ചെന്നുപെടുന്നു. അതുകൊണ്ടുതന്നെ ദാമ്പത്യത്തിന്റെ സൗന്ദര്യം വ്യക്തികളുമായും ചുറ്റുപാടുകളുമായും ബന്ധപ്പെട്ട് നില്‍ക്കുന്നതിനാല്‍ കിടപ്പറയില്‍ ഇണകള്‍ വൃത്തിയും അലങ്കാരവും നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമെന്ന് പ്രവാചകന്‍(സ്വ) പഠിപ്പിച്ചിട്ടുണ്ട്.
വസ്ത്രധാരണത്തിലൂം പരിസര ശുചിത്വത്തിലും സൗന്ദര്യബോധത്തിന് ഊന്നല്‍ നലകുമ്പോള്‍ ദാമ്പത്യം താളപ്പൊരുത്തമുള്ള ഹൃദയബന്ധമായിത്തീരുന്നു. സ്ത്രീക്ക് സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട(ആവശ്യമെങ്കില്‍ നിര്‍ബന്ധമായ) സന്ദര്‍ഭമാണ് കിടപ്പറയിലെ സ്വകാര്യവേള. ഭാര്യ ഭര്‍ത്താവിന് വേണ്ടിയും ഭര്‍ത്താവ് ഭാര്യയ്ക്കുവേണ്ടിയും അണിഞ്ഞൊരുങ്ങണമെന്നും ഉറങ്ങുന്നതിന് മുമ്പ് ദന്തശുദ്ധീകരണം നടത്തണെന്നുമുള്ള പ്രവാചകന്‍(സ്വ)യുടെ നിര്‍ദേശം ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ദുര്‍ഗന്ധമുള്ള വിയര്‍പ്പും വായനാറ്റവും മടുപ്പിക്കുന്ന കേശഗന്ധവും സുഗമമായ ലൈംഗിക ബന്ധത്തിന് ഭംഗം സൃഷ്ടിക്കുന്നു. അതിനാല്‍ വൃത്തി പാലിക്കുന്നതിന്റെ ഭാഗമായി ഗുഹ്യരോമങ്ങള്‍ നീക്കം ചെയ്യാനും മുടിയും താടിയും രോമങ്ങളും ബഹുമാനപൂര്‍വം പരിചരിക്കാനും പ്രവാചകന്‍(സ്വ) നിഷ്‌ക്കര്‍ഷിച്ചത് ഹൃദ്യമായ ശാരീരികബന്ധം കിടപ്പറയില്‍ ദമ്പതികള്‍ക്കിടയില്‍ സാധ്യമാകാന്‍ കൂടിയാണ്.
ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള സ്വകാര്യ ബന്ധങ്ങളാണ് കിടപ്പറയില്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ദാമ്പത്യരഹസ്യങ്ങള്‍ സൂക്ഷിക്കുകയും പരസ്പരം വിശ്വാസവും ചാരിത്ര്യവും സംരക്ഷിച്ചു ജീവിക്കുകയും ചെയ്യേണ്ടത് അവരുടെ ബാധ്യതയാണ്. ''അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു''(2:187).