പ്രകൃത്യാ മനുഷ്യനില്‍ അന്തര്‍ലീനമായ ലൈംഗിക വികാരത്തെ പരിപൂര്‍ണമായും നിയന്ത്രിച്ചുനിര്‍ത്തുന്നതും അനിയന്ത്രിതമായി കയറൂരി വിടുന്നതും ആപല്‍ക്കരമാണ്. ഇവ രണ്ടിന്റെയും മധ്യേ വ്യവസ്ഥാപിതമായ വഴിയിലൂടെ വികാരത്തിന് ശമനവും ലൈംഗികസംതൃപ്തിയും മനുഷ്യന് ലഭിക്കുക എന്നതാണ് യുക്തിപൂര്‍വകമായ സമീപനം. ഇസ്‌ലാം അടക്കമുള്ള എല്ലാ ദൈവികമതങ്ങളുടെയും നിലപാട് ഇതുതന്നെയാണ്. സ്ത്രീപുരുഷന്മാര്‍ക്ക് പ്രത്യുത്പാദനശേഷിയുടെ പ്രായമെത്തിയാല്‍ ശരീരഘടനയില്‍ പ്രകടമായ മാറ്റങ്ങള്‍ വരുന്നു. ലൈംഗിക വികാരത്തിന് തീക്ഷ്ണത കൂടുകയും എതിര്‍ലിംഗങ്ങള്‍ തമ്മില്‍ പരസ്പരാകര്‍ഷണത്തിനുള്ള പ്രവണത വര്‍ധിക്കുകയും ചെയ്യുന്നു. നിയമവിധേയമല്ലാത്ത ബന്ധങ്ങളിലൂടെ ഇണചേരാനുള്ള ആന്തരികചോദന മനുഷ്യനെ ദുര്‍നടപ്പിലേക്ക് വഴിതെളിയിക്കുന്നു. ഈ അവസ്ഥയില്‍ സ്രഷ്ടാവായ അല്ലാഹു മനുഷ്യന് നിയമാനുസൃത വഴിയിലൂടെ ഇണചേരാനും പ്രത്യുത്പാദനംനടത്താനുമുള്ള അവസരം നല്‍കുന്നത് വലിയ അനുഗ്രഹമാണ്.
ദാമ്പത്യബന്ധത്തിന് തുടക്കം കുറിച്ചുകൊണ്ട് പുരുഷനെയും സ്ത്രീയെയും ഇണകളായി പ്രഖ്യാപിക്കപ്പെടുന്ന വിവാഹമെന്ന കാര്യത്തെ ഇസ്‌ലാം പുണ്യകര്‍മമായാണ് പരിഗണിക്കുന്നത്. നബി(സ്വ) യുവാക്കളോട് പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. 'യുവ സമൂഹമേ, നിങ്ങളില്‍ നിന്ന് വിവാഹത്തിന് കഴിവുള്ളവര്‍ വിവാഹം കഴിക്കട്ടെ, അത് കണ്ണുകളെ നിയന്ത്രിക്കാനും ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കാനും ഏറ്റവും നല്ലതാണ്. അതിന്(വിവാഹത്തിന്) കഴിയാത്തവര്‍ നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ. അത് അവനുള്ള പരിചയാണ് (ബുഖാരി, മുസ്‌ലിം)
മനുഷ്യന്റെ ലൈംഗിക താത്പര്യം ശരിയായ മാര്‍ഗത്തിലൂടെ സംരക്ഷിക്കപ്പെടാതെ പോയാല്‍ അവിഹിതമായ വഴികളിലേക്ക് ചെന്നുചാടാന്‍ പ്രയാസമുണ്ടാകില്ല. ലൈംഗിക തൃഷ്ണ ന്യായമാര്‍ഗത്തില്‍ ശമിപ്പിക്കാന്‍ വിവാഹമെന്ന മാര്‍ഗം ഉപയുക്തമാകുമ്പോള്‍ ധാര്‍മിക വിശുദ്ധിയോടെ സമൂഹത്തിന്റെ സുസ്ഥിതി കൂടിയാണ് പരിരക്ഷിക്കപ്പെടുന്നത്. നബി(സ്വ) അരുളി: 'വല്ലവനും വിവാഹിതനായാല്‍ മതത്തിന്റെ പകുതി അവന്‍ നിറവേറ്റി. മറ്റേ പകുതിയില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിച്ച് ജീവികട്ടെ (ബൈഹഖി). വവാഹത്തിന് പ്രായവും കഴിവുമുള്ളവന്‍ വിവാഹത്തിന് തയ്യാറാവണമെന്ന് നിഷ്‌കര്‍ഷിച്ചപോലെത്തന്നെ അങ്ങനെയുള്ളവരെ വിവാഹം കഴിപ്പിക്കാനുള്ള ബാധ്യതകൂടി സമൂഹത്തിലെ രക്ഷിതാക്കള്‍ക്കും നേതാക്കള്‍ക്കുമുണ്ട്. അല്ലാഹു പറയുന്നു: 'നിങ്ങളില്‍ നിന്നുള്ള അവിവാഹിതര്‍ക്കും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്ത്രീകളില്‍ നിന്നുമുള്ള നല്ല ആളുകള്‍ക്കും നിങ്ങള്‍ വിവാഹം ചെയ്ത് കൊടുക്കുവിന്‍. അവര്‍ ദരിദ്രരായിരിക്കുന്ന പക്ഷം അല്ലാഹു അവന്റെ അനുഗ്രഹത്താല്‍ അവര്‍ക്ക് ധന്യത നല്‍കുന്നതാണ്. അല്ലാഹു വിശാലനും സവര്‍ജ്ഞനുമാകുന്നു' (24:32)
വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതായി ഇസ്‌ലാം പഠിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ വര്‍ധനവും നിലനില്‍പ്പുമാണ്. 'അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കിത്തന്നിരിക്കുന്നു. നിങ്ങളുടെ ഇണകളില്‍ നിന്ന് മക്കളെയും പേരമക്കളെയും സൃഷ്ടിച്ച് തന്നിരിക്കുന്നു' (16:72).
ജന്തുസഹജമായ കേവലം പ്രത്യുത്പാദനപരം മാത്രമല്ല ലൈംഗികതയുടെ ലക്ഷ്യം. ജീവിത സംതൃപ്തിയും അതിലൂടെ ലഭ്യമാകുമെന്നാണ് മനഃശാസ്ത്രം പറയുന്നത്. വിവാഹത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ഐഹിക ജീവിതത്തില്‍ മനസ്സമാധാന (30:21)വും കൂടിയാണ്. സംതൃപ്ത ദാമ്പത്യവും സന്തുഷ്ട കുടുംബവും സകുടുംബം സ്വര്‍ഗ പ്രവേശം ലഭിക്കാന്‍ പര്യാപ്തമാണ് (13:23) എന്ന വിശുദ്ധ ക്വുര്‍ആന്‍ പ്രഖ്യാപനം എത്ര പ്രതീക്ഷാനിര്‍ഭരമാണ്.