മനുഷ്യരെ ഇണകളായി സൃഷ്ടിക്കുകയും ആ ഇണകള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തവനാണ് അല്ലാഹു. ഇണയുമൊത്തുള്ള ജീവിതത്തിലൂടെ സമാധാനം അനുഭവിക്കാനാവണമെന്നതാണ് മതത്തിന്റെ താല്പര്യം. സ്‌നേഹവും കാരുണ്യവും അല്ലാഹു ഇരുവരുടെയും മനസ്സില്‍ ഇട്ടുകൊടുത്ത വികാരമാണ്. വിശുദ്ധ ഖുര്‍ആനില്‍(30:21) ചിന്തനീയമായ ദൈവികദൃഷ്ടാന്തമായി ഇത് എടുത്തുപറഞ്ഞിട്ടുണ്ട്.
സ്‌നേഹവും കാരുണ്യവുമാണ് ദാമ്പത്യബന്ധത്തിന്റെ അഴകും അര്‍ഥവും നിലനിര്‍ത്തുന്നത്. അതുകൊണ്ടുതന്നെ ഇണകളായി ജീവിക്കുന്നതിന്റെ മുന്നോടിയായി നടക്കേണ്ട വിവാഹകര്‍മത്തിലേക്ക് വധൂവരന്മാര്‍ എത്തുന്നത് പരസ്പരം കണ്ടും അറിഞ്ഞും തൃപ്തിപ്പെട്ടുമായിരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. മനസ്സിനിണങ്ങിയവളെ വധുവായി കിട്ടണമെന്ന് ആഗ്രഹിക്കുകയും മതം നിഷ്‌കര്‍ഷിക്കുന്ന നിബന്ധനകള്‍ പാലിച്ചുകൊണ്ട് യോജിച്ച ഇണയെ അന്വേഷിക്കുകയുമാവാം. മതബോധവും സംസ്‌കാരവുമുള്ളവര്‍ക്ക് മുന്തിയ പരിഗണന നല്‍കി യോജിച്ച ഇണയെ കണ്ടെത്തിയാല്‍ അവളുടെ ഇഷ്ടം നേടാന്‍ വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്യാം. വലിയ്യ്(രക്ഷാധികാരി) പെണ്‍കുട്ടിയെ വരന് വിവാഹം ചെയ്തുകൊടുക്കുന്നതു വരെ വിവാഹിതരാവാന്‍ പോകുന്നവര്‍ അന്യസ്ത്രീയും പുരുഷനും തന്നെയാണ്. അതുകൊണ്ടു തന്നെ അന്യ സ്ത്രീയും പുരുഷനും ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളെല്ലാം ഇരുവരും പാലിക്കണം. നേരത്തെ പരിചയമുള്ളവരാണെങ്കിലും വിവാഹം നടക്കുന്നതിന് മുമ്പ് പ്രതിശ്രുത വധുവിനോടൊപ്പം യാത്ര ചെയ്യുകയോ അവര്‍ മാത്രമായി ഒന്നിച്ചുകൂടുകയോ ഒന്നിച്ചു താമസിക്കുകയോ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല.
അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിക്കുന്നത് അവിഹിതമായ ബന്ധത്തിലേക്ക് എത്തിക്കും. ഒടുവില്‍ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഇരുവരും പ്രേമജീവിതം നയിക്കും. വിവാഹത്തിലൂടെ തനിക്ക് അവകാശപ്പെട്ടവളാവാന്‍ പോകുന്നുവെന്ന ന്യായത്തില്‍ വിവാഹത്തിന് മുമ്പ് ഒന്നിച്ചുള്ള യാത്രയും അന്യസ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പാലിക്കേണ്ട നിയമങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള കൂടിച്ചേരലുകളും മതവിരുദ്ധമാണ്. ഇഷ്ടപ്പെട്ടവളെ ഇണയായി സ്വീകരിക്കുന്നതിന് മതം എതിരല്ല. എന്നാല്‍ വിവാഹത്തിന് മുമ്പും ശേഷവും ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ള പെരുമാറ്റച്ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുള്ള ജീവിതരീതിയാണ് സ്വീകരിക്കേണ്ടത്.