മരണാനന്തര ജീവിതത്തിലേക്ക് വരെയുള്ള ബന്ധമായി ഭൂമിയിലെ വിവാഹത്തെ ഇസ്ലാം ദര്‍ശിക്കുന്നു. വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ സ്ത്രീക്ക് പുരുഷനെക്കുറിച്ചും പുരുഷന് സ്ത്രീയെക്കുറിച്ചും കൃത്യമായ ധാരണയുണ്ടായാല്‍ മാത്രമേ ഇണകളായി ജീവിക്കാന്‍ അവര്‍ക്കു സാധിക്കുകയുള്ളൂ. വിവാഹാലോചനയ്ക്കു വേണ്ടി സ്ത്രീപുരുഷന്മാര് പരസ്പരം കണ്ടിരിക്കണം എന്ന് നബി(സ്വ) നിഷ്കര്‍ഷിച്ചു. പുരുഷന്റെ ഭാഗത്തുനിന്ന് സ്ത്രീയെ വിവാഹം അന്വേഷിക്കുക എന്നതാണ് പതിവു രീതി. തന്റെ മകള്‍ക്കോ സഹോദരിക്കോ യോജിച്ചവനെന്ന് കണ്ട പുരുഷനോട് വിവാഹം ചെയ്യാന്‍ തയ്യാറുണ്ടോ എന്ന് സ്ത്രീയുടെ രക്ഷാകര്‍ത്താവ് ആരായുന്നതും മതവിരുദ്ധമല്ല. ഉമര്‍ബ്നു ഖത്താബിന്റെ മകള്‍ ഹഫ്സ്വ(റ)യുടെ ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ അദ്ദേഹം മകള്‍ക്കുവേണ്ടി ഉസ്മാന്(റ)യോടും അബൂബക്ര്(റ)വിനോടും വിവാഹാലോചന നടത്തി. രണ്ടുപേരുടെയും തീരുമാനം അത് വേണ്ടെന്നായിരുന്നു. പിന്നീട് കുറച്ചുദിവസം കഴിഞ്ഞ് നബി(സ്വ) ഹഫ്സ്വ(റ)യെ വിവാഹമാലോചിച്ചു. അങ്ങനെ ആ വിവാഹം നടന്നു.
സ്ത്രീയും പുരുഷനും നേരിട്ട് ചോദിക്കുന്ന വിവാഹാലോചനാ രീതിയും സ്വീകരിക്കാം. ഒരു സ്ത്രീ അനുയോജ്യനായ ഒരു പുരുഷനോട് സ്വയം വിവാഹാലോചന നടത്തുന്നതിനും മതത്തില്‍ വിലക്കില്ല. അനുയോജ്യയായ സ്ത്രീയെ പുരുഷന് സ്വയം വിവാഹാലോചന നടത്തിയ സന്ദര്‍ഭങ്ങളും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. അലിയ്യുബ്നു ഉമൈദ്(റ) എന്ന സ്വഹാബി സകീന എന്ന സ്ത്രീയെ നേരിട്ടുകണ്ട് വിവാഹാലോചന നടത്തിയാണ് ഭാര്യയാക്കിയത് (ദാറഖുത്വ്നി). അബൂത്വല്‍ഹ(റ)യും ഉമ്മുസലമ(റ)യും തമ്മിലുള്ള വിവാഹവും അവര്‍ പരസ്പരം അഭിമുഖമായി കണ്ട് അന്വേഷിച്ചായിരുന്നു (ബുഖാരി).
ഖുര്‍ആനിന്റെ ഈ കല്പന ലംഘിച്ച് വിവാഹത്തിന് തയ്യാറെടുക്കുകയും ഇദ്ദയ്ക്കുശേഷം വിവാഹം നടത്തുകയും ചെയ്താല്‍ ആ നിക്കാഹ് സാധുവല്ലെന്ന് ഇമാം മാലിക്(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹത്തിന്റെ നിയമങ്ങള്‍ പാലിക്കപ്പെടുന്നതിനാല്‍ വിവാഹം സാധുവാകുമെന്നാണ് ശാഫിഈയുടെ അഭിപ്രായം. എന്നാല്‍ ഇദ്ദാ കാലത്ത് നടത്തപ്പെടുന്ന വിവാഹം സാധുവല്ലെന്ന് പണ്ഡിതന്മാര് ഏകോപിച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒരു കിടമത്സരത്തിന്റെ സ്വഭാവത്തില്‍ ഒരു സ്ത്രീയെ ഒരാള്‍ വിവാഹാലോചന നടത്തുന്നതിനിടയില്‍ അതിനെക്കുറിച്ച് തീരുമാനമാകുന്നതുവരെ വേറൊരാള് അന്വേഷിക്കുന്നത് നബി(സ്വ) വിലക്കിയിട്ടുണ്ട്.
അന്യസ്ത്രീയെ പരപുരുഷന് നോക്കാന്‍ ഇസ്ലാം അനുവദിച്ച അവസരങ്ങളിലൊന്നാണ് വിവാഹാലോചനവേള. അബൂഹുറയ്റ(റ) പറയുന്നു: ഞാന്‍ നബി(സ്വ)യുടെ അടുത്തിരിക്കുമ്പോള്‍ ഒരാള്‍ അവിടെ വന്ന് 'ഞാന്‍ ഒരു അന്‍സ്വാരി സ്ത്രീയെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു എന്ന് പറഞ്ഞു. അപ്പോള്‍ നബി(സ്വ) ചോദിച്ചു. 'നീ അവളെ കണ്ടുവോ?' അദ്ദേഹം പറഞ്ഞു. ഇല്ല. ''എന്നാല്‍ നീ അവളെ പോയി കാണുക'' എന്ന് നബി(സ്വ) അദ്ദേഹത്തോട് പറഞ്ഞു (മുസ്ലിം, നസാഈ). പെണ്ണുകാണല്‍ ഒരു ചടങ്ങായി സംഘടിപ്പിക്കുകയും അതിന്റെ പേരില്‍ ദുരാചാരങ്ങള്‍ പലതും കൊണ്ടുവരികയും ചെയ്യുന്നത് ഇസ്ലാമികമല്ല.