Skip to main content

വധു

ഇമ്പവും ഇണക്കവുമുള്ള ഒരു കുടുംബാന്തരീക്ഷം നിലനില്ക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കു ന്ന രണ്ടാമത്തെ കണ്ണിയാണ് ഭാര്യ. ഉപജീവന മാര്‍ഗം തേടേണ്ട പുരുഷന്, വീട്ടിനകത്തെ കാര്യങ്ങള്‍ യഥാവിധി നിര്‍വഹിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഭര്‍ത്താവ് സമ്പാദിച്ചുകൊണ്ടുവന്നത് സൂക്ഷിച്ച് കൈകാര്യം ചെയ്യാനും ചെലവഴിക്കാനുമുള്ള ബാധ്യത ഭാര്യയ്ക്കുണ്ട്. അതുകൊണ്ടാണ് ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലെ ഭരണാധിപയാണ് എന്ന് റസൂല്‍(സ്വ) പറഞ്ഞത്. നല്ല കുടുംബിനിയുടെ ലക്ഷണങ്ങള്‍ ഖുര്‍ആനില്‍ ഇപ്രകാരം വിവരിക്കുന്നു. 

''നല്ല സ്ത്രീകള്‍ അനുസരണശീലമുള്ളവരും അല്ലാഹു സംരക്ഷിച്ച പ്രകാരം ഭര്‍ത്താവിന്റെ അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ് (4:34). മതനിഷ്ഠയുള്ളവളാണ് സ്ത്രീയെങ്കില്‍ സമ്പത്തും അനുബന്ധ ജീവിതവിഭവങ്ങളും ഇല്ലെങ്കിലും സമാധാനവും സംതൃപ്തിയും നിറഞ്ഞ ജീവിതമാണ് ഉണ്ടാവുക.

ഉമര്‍ ഫാറൂഖ്(റ) തന്റെ ഭരണകാലത്ത് പ്രജകളുടെ ജീവിതവിഷമങ്ങള്‍ നേരിട്ടറിയാന്‍ ഖലീഫയാണെന്നറിയിക്കാതെ രാത്രിയില്‍ നടക്കുക പതിവായിരുന്നു. ഒരു ദിവസം ഇങ്ങനെ നടന്നുക്ഷീണിച്ച് ഒരു വീടിന്റെ ചുമര് ചാരിയിരുന്നു. കുറച്ചുകഴിഞ്ഞ് ആ വീട്ടിനകത്തുനിന്ന് ഉമ്മയും മകളും സംസാരിക്കുന്നത് അദ്ദേഹം കേട്ടു. വേഗത്തില്‍ എഴുന്നേറ്റ് പാല്‍ കറന്ന് കുറച്ചുവെള്ളവും ചേര്‍ത്ത് അങ്ങാടിയില്‍ കൊണ്ടുപോയി വില്‍ക്കാനായിരുന്നു ഉമ്മയുടെ നിര്‍ദേശം. മകള്‍ പറഞ്ഞു: ഉമര്‍(റ)ന്റെ ഉത്തരവുപ്രകാരം പാലില്‍ വെള്ളം ചേര്‍ത്ത് വില്‍ക്കാല്‍ പാടില്ല. ഉമര്‍ ഇതെങ്ങനെ അറിയാനാണെന്ന് ചോദിച്ച ഉമ്മയോട്, ഉമര്‍ അറിഞ്ഞില്ലെങ്കിലും അല്ലാഹു അറിയുന്നുണ്ട് എന്ന് മകള്‍ മറുപടി പറഞ്ഞു. ഈ സംസാരം ഉമര്‍(റ)നെ സംതൃപ്തനാക്കി. ആ പെണ്‍കുട്ടിയെ മുഖാമുഖം കണ്ടിട്ടില്ലെങ്കിലും പ്രായമോ സൗന്ദര്യമോ ഒന്നും പരിഗണിക്കാതെ തന്റെ മകന്‍ ആസ്വിമിന് വിവാഹം ചെയ്തുകൊടുക്കാന്‍ തീരുമാനിച്ചു. മകന്‍ ഉപ്പയുടെ നിര്‍ദേശം അംഗീകരിച്ചു. പൂര്‍വികരായ മഹാന്മാര്‍ അവര്‍ക്കും അവരുടെ സന്തതികള്‍ക്കും വിവാഹാലോചന നടത്തിയപ്പോള്‍ ഭാര്യയുടെയോ വീട്ടുകാരുടെയോ സമ്പത്തും കുലമഹിമയും പരിഗണിച്ചിരുന്നില്ല. പ്രത്യുത, ധര്‍മനിഷ്ഠയും സല്‍സ്വഭാവവുമായിരുന്നു വധുവിനെ തെരഞ്ഞെടുക്കുന്നതില്‍ അവര്‍ മുന്‍ഗണനയര്‍ഹിക്കുന്ന യോഗ്യതയായി പരിഗണിച്ചുപോന്നിരുന്നത്. അതാണ് നബി കല്പിച്ചതും.
 

Feedback