വിവാഹം ചെയ്യുമ്പോള്‍ വരന്‍ വധുവിന് നിര്‍ബന്ധമായും നല്‍കേണ്ട സമ്മാനത്തിനാണ് മഹ്ര്‍ അഥവാ വിവാഹമൂല്യം എന്ന് പറയുന്നത്. വരന്റെ സാധ്യതയ്ക്കനുസരിച്ച് വിവാഹമൂല്യം നല്‍കിയാലേ ദമ്പതിമാര്‍ തമ്മിലുള്ള നിയമാനുസൃത ബന്ധത്തിന്റെ തുടക്കമായ വിവാഹം സാധുവാകുകയുള്ളൂ. വിവാഹസന്ദര്‍ഭത്തില്‍ പുരുഷന്‍ സ്ത്രീക്ക് സമ്മാനമായി ഇങ്ങനെ നല്‍കുന്നതിന് 'മഹ്ര്‍' എന്ന് സാധാരണ പ്രയോഗിക്കുമെങ്കിലും വിശുദ്ധ ഖുര്‍ആനില്‍ 'സ്വദുഖാത്ത്, ഉജൂര്‍' എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. അല്ലാഹു പറയുന്നു: ''സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ ഒരു മനഃസംതൃപ്തിയോടു കൂടി നിങ്ങള്‍ നല്‍കുക'' (4:4). സ്വദുഖാത്ത് എന്ന പദപ്രയോഗത്തിന്റെ അര്‍ഥം സാധുതയുണ്ടാക്കുന്നത്, സത്യപ്പെടുത്തുന്നത്, യാഥാര്‍ഥ്യമാക്കുന്നത് എന്നെല്ലാമാണ്. വിവാഹത്തിന്റെ സാധുതയ്ക്ക് ഇസ്‌ലാമില്‍ പരിഗണിക്കപ്പെടുന്ന പ്രധാനമായ ഒന്നാണ് മഹ്ര്‍ എന്ന് ഈ പദപ്രയോഗത്തില്‍ നിന്ന് ഗ്രഹിക്കാം.
മഹ്ര്‍ സ്ത്രീയുടെ അവകാശമാണ്. സ്ത്രീക്ക് ഇത്ര മഹ്ര്‍ വേണമെന്ന് ആവശ്യപ്പെടുകയോ പുരുഷന്‍ നിര്‍ദേശിച്ചത് സ്ത്രീ സമ്മതിക്കുകയോ രക്ഷാധികാരി പറഞ്ഞിട്ട് സ്ത്രീ അത് സമ്മതിക്കുകയോ ചെയ്യാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. മഹ്ര്‍ നിശ്ചയിക്കാനുള്ള പരമാധികാരം സ്ത്രീകള്‍ക്കാണ്. ആമിര്‍(റ) പറയുന്നു: 'ബനുഫുസാറയില്‍ പെട്ട ഒരു സ്ത്രീ രണ്ട് ചെരിപ്പ് മഹ്ര്‍ നിര്‍ണയിച്ച് വിവാഹിതയായി. നബി(സ്വ) അവളോട് ചോദിച്ചു. നീ മനസാ തൃപ്തിപ്പെട്ടുവോ? അവള്‍ പറഞ്ഞു. അതേ, അപ്പോള്‍ നബി(സ്വ) അത് മഹ്‌റായി അനുവദിച്ചു (അഹ്മദ്, ഇബ്‌നുമാജ, തിര്‍മിദി, സുനനുത്തിര്‍മിദി പേര്‍ 1113).
മഹ്ര്‍ ധനമൂല്യമുള്ളതാകുന്നതാണ് നല്ലത്. എന്നാല്‍ അറിവ്, ഗ്രന്ഥങ്ങള്‍ എന്നിങ്ങനെ ഉപകാരപ്രദമായ എന്തും മഹ്‌റായി നല്കാവുന്നതാണ്. പുരുഷനില്‍ നിന്ന് മഹ്ര്‍ ആയി സ്വീകരിക്കുന്നതെന്തായാലും അതില്‍ സ്ത്രീ സംതൃപ്തയാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതകൂടി പുരുഷനുണ്ട്.