അല്ലാഹുവിലുള്ള ദൃഡവിശ്വാസം മനസ്സില്‍ വേരുറക്കുമ്പോള്‍ മാത്രമാണ് നിരാശ തൊട്ടു തീണ്ടാത്ത ജീവിതം നയിക്കാന്‍ നമുക്കു സാധിക്കുന്നത്. പാരത്രിക ലോകത്തെ വിജയമെന്ന ലക്ഷ്യസാക്ഷാത്കാരത്തിനായി ഇഹലോകത്ത് കര്മനിരതനാകവേ വിശ്വാസിക്ക് വന്നു ഭവിക്കുന്ന വിപത്തുകള്പോലും പ്രതിഫലാര്‍ഹമാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട്. അല്ലാഹുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ക്ഷമ അവലംബിക്കുന്നവര്‍ക്ക് കണക്കറ്റ പ്രതിഫലം അല്ലാഹു വാഗ്ദാനം ചെയ്തു. സുപ്രതീക്ഷയുള്ള മനസ്സില്‍ നേരിയ തോതിലെങ്കിലും നിരാശ പടര്‍ന്നു പിടിക്കുകയില്ല എന്ന് ഖുര്‍ആന്‍ പ്രവാചകന്മാരുടെ ജീവിതസംഭവങ്ങളിലൂടെ നമ്മെ ബോധിപ്പിക്കുന്നു. ദുരിത പര്‍വങ്ങള്‍ ഏറെ താണ്ടിക്കടക്കേണ്ടിയിരുന്ന ജീവിത സാഹചര്യമായിരുന്നു പ്രവാചകന്മാര്ക്കുണ്ടായിരുന്നത്. പക്ഷേ അല്ലാഹുവിലുള്ള ദൃഡവിശ്വാസവും പ്രാര്‍ഥനയിലൂടെ അവനില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന മനസ്സും അവര്‍ക്ക് എല്ലാവിധ വിഷമതകളില്‍ നിന്നും പോംവഴി കാണിച്ചുകൊടുത്തു. പ്രാര്‍ഥനയുടെ രീതിയും ശൈലിയും വിഷയവും പരിശോധിച്ചവരില്‍ നിരാശ തൊട്ടുതീണ്ടാത്ത ദൃഡമനസ്സ് കാണാനാവും. വാര്‍ധക്യത്തിന്റെ അവശതയിലും ഒരു കുഞ്ഞിനു വേണ്ടി അതിയായി ആഗ്രഹിച്ച് അല്ലാഹുവിലേക്ക് കരങ്ങളുയര്‍ത്തിയ സകരിയ്യാ നബി പ്രാര്‍ഥിക്കുന്നു. ''എന്റെ രക്ഷിതാവേ, എന്റെ എല്ലുകള്‍ ബലഹീനമായിക്കഴിഞ്ഞിരിക്കുന്നു. തലയാണെങ്കില്‍ നരച്ചുതിളങ്ങുന്നതായിരിക്കുന്നു. രക്ഷിതാവേ, നിന്നോട് പ്രാര്‍ഥിച്ചിട്ട് ഞാന്‍ ഭാഗ്യം കെട്ടവനായിട്ടില്ല (19:4).
ബാലനായ യൂസുഫിനെ നഷ്ടപ്പെട്ട യഅ്ഖൂബ്(അ) അങ്ങേയറ്റം വ്യസനിച്ചു. ആ ദുഃഖങ്ങളും പ്രയാസങ്ങളും തപിക്കുന്ന മനസ്സോടെ അല്ലാഹുവെ ബോധിപ്പിച്ചു. പ്രതീക്ഷ കൈവിടാതെ മറ്റു മക്കളോട് പോയി അന്വേഷണം നടത്താന്‍ നിര്‍ദേശിക്കുന്നു. യഅ്ഖൂബ് നബി(അ) പറയുന്നു. അവിശ്വാസികളായ ജനങ്ങളല്ലാതെ അല്ലാഹുവിങ്കല്‍ നിന്നുള്ള ആശ്വാസത്തെപറ്റി നിരാശപ്പെടുകയില്ല (12:87).
അല്ലാഹുവിലുള്ള ദൃഢവിശ്വാസം കൊണ്ട് പ്രതീക്ഷ ഒരിക്കലും മങ്ങലേല്ക്കാതെ ധീരമായ പ്രതിസന്ധികളെ മറികടന്ന പ്രവാചകനാണ് ഇബ്രാഹീം(അ). അദ്ദേഹത്തിന്റെ പ്രാര്‍ഥന ഇക്കാര്യം വെളിപ്പെടുത്തിത്തരുന്നു. 'അതായത് എന്നെ സൃഷ്ടിച്ച് എനിക്ക് മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ടിരിക്കുന്നവന്‍. എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്തവന്. എനിക്ക് രോഗം ബാധിച്ചാല്‍ സുഖപ്പെടുത്തുന്നവന്‍. എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവന്. പ്രതിഫലത്തിന്റെ നാളില്‍ ഏതൊരുവന് എന്റെ തെറ്റ് പൊറുത്തുതരുമെന്ന് ഞാന്‍ ആശിക്കുന്നുവോ അവന് (26:78-82). രോഗങ്ങളും ശാരീരിക അവശതകളും സമ്പത്തിലും സന്താനങ്ങളിലുമുള്ള കഷ്ടനഷ്ടങ്ങളും മനുഷ്യനെ വ്യാകുലചിത്തനാക്കുന്നു. അപ്പോള്‍ നിരാശ ജീവിതത്തില്‍ ഇരുള്പടര്ത്താതെ വിശ്വാസംകൊണ്ടും പ്രാര്‍ഥനകൊണ്ടും പ്രിതസന്ധികളെ മറികടന്ന് കര്‍മനിരതരാവാന്‍ വിശ്വാസികള്‍ക്കല്ലാതെ സാധ്യമല്ല.
കഠിനരോഗത്തിന് വിധേയനായ അയ്യൂബ് നബി(അ) അല്ലാഹുവോട് നടത്തിയ പ്രാര്‍ഥന ഖുര്‍ആന്‍ പറഞ്ഞു തരുന്നു. ''എനിക്കിതാ ദീനം ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ (21:83). ആ പ്രാര്‍ഥനയില്‍ പ്രതിഫലിക്കുന്നത് അല്ലാഹുവിന്റെ സഹായത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷയാണ്. അല്ലാഹു അദ്ദേഹത്തിന് രോഗശമനം നല്കി മനഃക്ലേശത്തെ ദുരീകരിച്ചു. ഉഹ്ദ് രണാങ്കണത്തില്‍ മുസ്ലിംകള്ക്ക് പരാജയവും നഷ്ടങ്ങളും ഏറ്റ് വാങ്ങേണ്ടിവന്നു. നബി(സ്വ)യുടെ അനുചരന്മാര്ക്ക് കുറേ മനോവിഷമമുണ്ടാക്കിയ ഉഹ്ദിന്റെ പശ്ചാത്തലത്തില്‍ അല്ലാഹു അവരെ സ്വാന്തനിപ്പിക്കുന്നു. വിശ്വാസത്തിന്റെ അകബലം കൊണ്ടു മുന്നേറാനാണ് അല്ലാഹുവിന്റെ കല്പന. ''നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്മാര് (3:139).
സുഖദുഃഖ സമ്മിശ്രമാണ് ഐഹിക ജീവിതം. സത്യവിശ്വാസി സന്തോഷകരമായ കാര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അല്ലാഹുവിനെ സ്തുതിച്ച് നന്ദി പറയുകയാണ് വേണ്ടത്. ദുഃഖമുണ്ടാകുമ്പോള്‍ ക്ഷമയവലംബിച്ച് അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും വേണം. സുഖവും ദുഃഖവും ദൈവിക പരീക്ഷണത്തിന്റെ ഭാഗമാണ്. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ മുന്നിശ്ചയമനുസരിച്ചാണെന്നും നന്മയും, തിന്മയും അല്ലാഹുവില്‍ നിന്നാണെന്നും ഉറച്ച് വിശ്വസിക്കേണ്ട സത്യവിശ്വാസിക്ക് ഒട്ടും നിരാശ ഉണ്ടാവുകയില്ല. അതുകൊണ്ട് നിരാശ സത്യനിഷേധികളുടെ സ്വാഭാവമായിട്ട് ഖുര്‍ആന്‍ നിരവധി സൂക്തങ്ങളിലൂടെ (29:23, 22:15, 12:87) പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ ഗുണനാമങ്ങളില്‍ വിശുദ്ധഖുര്ആനില് കൂടുതല്‍ ആവര്‍ത്തിച്ച് വന്നിട്ടുള്ളതാണ് റഹ്മാന്, റഹീം പരമകാരുണികന്റെ കരുണാനിധി എന്നത്. തെറ്റുകുറ്റങ്ങളില്‍ മുഴുകി ജീവിച്ചവരോടും അല്ലാഹു സുവാര്‍ത്ത അറിയിക്കുന്നതും അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശയടയാതെ ജീവിക്കാനാണ് തെറ്റുകള്‍ തിരുത്തി നിഷ്കളങ്ക മനസ്സോടെയുള്ള പശ്ചാത്താപം മഹാപാപികള്‍ക്കും രക്ഷയിലേക്കുള്ള വഴി എളുപ്പമാക്കികൊടുക്കുമെന്ന് അല്ലാഹു ഉണര്‍ത്തുന്നു (39:53).