Skip to main content

ആത്മപ്രശംസ

അല്ലാഹു അവന്റെ സൃഷ്ടികള്‍ക്ക് ഭിന്നനിലവാരത്തിലും തോതിലുമാണ് ജീവിത വിഭവങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഭൗതിക വിഭവങ്ങളിലും ശേഷികളിലും മനുഷ്യര്‍ തീര്‍ത്തും ഭിന്നാവസ്ഥയിലാണെന്ന് ചുരുക്കം. അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളില്‍ ഏത് കാര്യത്തിലായാലും ഉള്ളവന്‍ ഇല്ലാത്തവനോട് താരതമ്യപ്പെടുത്തി ആത്മപ്രശംസ നടത്തുന്നത് സത്യവിശ്വാസിയില്‍ ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത ദുര്‍ഗുണമാണ്. കാരണം ആത്മപ്രശംസ അഹങ്കാരത്തിലേക്ക് നയിക്കുകയും അതുവഴി അവന്‍ അല്ലാഹുവിലും പരലോകത്തിലും നിഷേധിക്കുന്നവനായി മാറുകയും ചെയ്യുന്നു. 

പ്രവാചകന്‍മാര്‍ വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത സമൂഹങ്ങളിലേക്ക് നിയോഗിക്കപ്പെട്ടപ്പോള്‍ അഹങ്കാരികളും ആത്മപ്രശംസ നടത്തുന്നവരുമായ ആളുകളാണ് പ്രവാചകന്മാരെ നിഷേധിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നത്. 'ഞാനാണ് സര്‍വോന്നതനായ റബ്ബ് എന്ന് അഹങ്കരിച്ചിരുന്ന ഫറോവ ചക്രവര്‍ത്തി മൂസാനബി(അ)യെ നിഷേധിക്കാന്‍ കാരണവും ആത്മപ്രശംസയാണ്. ഫിര്‍ഔന്‍ തന്റെ ജനതയോട് വിളിച്ചുപറഞ്ഞു. എന്റെ ജനങ്ങളേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലയോ? ഈ നദി (നൈല്‍) എന്റെ താഴ്ഭാഗത്തുകൂടി ഒഴുകുന്നു. എന്നാല്‍ (എന്റെ മഹത്വം) നിങ്ങള്‍ ദര്‍ശിക്കുന്നില്ലയോ? അല്ലെങ്കില്‍ ഈ നിന്ദ്യനായ സംസാരിക്കാന്‍ കഴിയാത്ത മൂസായേക്കാള്‍ ഉത്തമന്‍ ഞാനല്ലയോ? (43:51, 52). 

ഖാറൂന്‍ എന്ന മുതലാളിക്ക് തന്റെ ഖജനാവുകളുടെ താക്കോല്‍കൂട്ടങ്ങള്‍ വഹിക്കാന്‍പോലും വലിയ സംഘം വേണ്ടിവന്നു. ഈ സമ്പത്തിന്റെ വലിയ കൂമ്പാരങ്ങളത്രയും തന്റെ വിദ്യ (സാമര്‍ഥ്യം) കൊണ്ട് ലഭിച്ചതാണെന്ന ആത്മപ്രശംസ നടത്തിയ ആ അഹങ്കാരിക്ക് ഉണ്ടായ ദുരന്തപരിണതി അല്ലാഹു പറഞ്ഞുതരുന്നു. 'അങ്ങനെ അവനെയും അവന്റെ ഭവനത്തെയും നാം ഭൂുമിയില്‍ ആഴ്ത്തികളഞ്ഞു. (28:81). ആത്മപ്രശംസ ധ്വനിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും പാടില്ലെന്ന് റസൂല്‍(സ്വ) ഗൗരവ സ്വരത്തില്‍ ഉണര്‍ത്തി. അബൂസലമയുടെ മകള്‍ സൈനബിന് അവരുടെ വീട്ടുകാര്‍ ബര്‍റ(പുണ്യവതി) എന്നു നാമകരണം ചെയ്തപ്പോള്‍ നബി(സ്വ) പറഞ്ഞ് ഇപ്രകാരമാണ് ''നിങ്ങള്‍ നിങ്ങളെ സ്വയം പരിശുദ്ധിപെടുത്തി  പറയരുത്. നിങ്ങളിലുള്ള പുണ്യവാന്മാരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ് (മുസ്‌ലിം). ബര്‍റ എന്നതിന് പകരം സൈനബ് എന്ന് പേര് അവര്‍ക്ക് നിര്‍ദേശിച്ചുകൊടുക്കുകയും ചെയ്തു.

സൂക്ഷ്മമായ ബീജകണത്തില്‍ നിന്ന് ഉത്ഭവം കുറിച്ച മനുഷ്യന്റെ തുടക്കവും ഒടുക്കവും വളര്‍ച്ചയും കൃത്യമായി അറിയുന്നവന്‍ അല്ലാഹുവായിരിക്കെ സ്വയം പരിശുദ്ധരായി പ്പറയുന്നത് സൂക്ഷ്മതയുള്ളവര്‍ക്ക് ചേര്‍ന്നതല്ല എന്ന് ഖുര്‍ആന്‍ (53:32) പഠിപ്പിക്കുന്നു. അല്ലാഹുവിന്റെ മക്കളും സ്‌നേഹഭാജനങ്ങളുമായ തങ്ങള്‍ മാത്രമാണ് സ്വര്‍ഗത്തിന് അവകാശികള്‍ എന്നായിരുന്നു വേദക്കാര്‍ ആത്മപ്രശംസ നടത്തിയത്. ഇതിനെയും കടുത്ത ഭാഷയില്‍ അല്ലാഹു (4:49) വിലക്കുകയും സത്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉഹ്ദ് യുദ്ധത്തില്‍ ശത്രുവിനെ വധിച്ചശേഷം ഞാന്‍ പേര്‍ഷ്യക്കാരനായ അടിമയാണെന്ന് ആത്മപ്രശംസ നടത്തിയ അനുചരനെ റസൂല്‍(സ്വ) വിലക്കി.


 

Feedback