Skip to main content

വര്‍ഗീയത

മനുഷ്യന്‍ സമൂഹമായി ജീവിക്കുമ്പോഴും വര്‍ണം, വര്‍ഗം, ഭാഷ, ദേശം, മതം, ജാതി എന്നിവയിലൊക്കെ വ്യത്യസ്തരാണ്. ഈ ഘടകങ്ങളെ അവഗണിക്കാന്‍ നമുക്കാവില്ല. എന്നാല്‍ അവയോട് അന്ധമായ ആഭിമുഖ്യം പുലര്‍ത്തുന്നത് മതത്തിന്റെയും ജാതിയുടെയും പേരിലോ, ഭാഷയുടെയും, ദേശത്തിന്റെയും പേരിലോ, വര്‍ണവര്‍ഗങ്ങളുടെ പേരിലോ ആയാലും വിഭാഗീയതയുടെ വേലിക്കെട്ടുകള്‍ പണിയാന്‍ കാരണമാകുന്നു. കക്ഷിത്വവും സ്വജനപക്ഷപാതവും ഇതിന്റെ ഫലമായി കടന്നുവരുന്നു. താന്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിയുടെ തെറ്റിനെ ന്യായീകരിക്കാനും അന്യരുടെ ശരിയെപ്പോലും തെറ്റായി വ്യാഖ്യാനിക്കുവാനും കിണഞ്ഞു പരിശ്രമിക്കുകയും നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നതിനു പകരം, അന്ധമായ കക്ഷിത്വത്തിന്റെ പേരില്‍ അന്യായത്തിന് പിന്തുണയേകുകയും ചെയ്യുന്ന ദുഷ്പ്രവണതയ്ക്കാണ് വര്‍ഗീയത എന്നു പറയുന്നത്. വാസില(റ) പറയുന്നു: ഞാന്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേ, എന്താണ് വര്‍ഗീയത? നബി(സ്വ) പറഞ്ഞു. 'സ്വന്തം ആളുകളെ അന്യായത്തില്‍ നീ പിന്തുണക്കലാണ് അത് (അബൂദാവൂദ്). സത്യവും നീതിയും ആരുടെ ഭാഗത്തായിരുന്നാലും അവരെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണ് മുസ്ലിമിന്റെ ബാധ്യത. മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളാണ്. ആദം-ഹവ്വാഅ് ദമ്പതികളിലൂടെ ലോകത്ത് തലമുറകളായി വന്ന മനുഷ്യര്‍ക്കിടയില്‍ മതം, ജാതി, വര്‍ഗം, വര്‍ണം, ഭാഷ, ദേശം എന്നിവയുടെ വേര്‍തിരിവുകള്‍ പ്രകടമാണ്. എങ്കിലും മനുഷ്യന്‍ എന്ന ഏകകത്തില്‍ ഒരേ മാതാവിന്റെയും പിതാവിന്റെയും സന്തതികള്‍ എല്ലാവരും വിഭാഗീയതകള്‍ മറന്ന് ഒന്നായി കഴിയേണ്ടവരാണ്. ഏതെങ്കിലും വിധേയമുള്ള കക്ഷിത്വത്തിനു ശ്രമിക്കുന്നവര്‍ സമൂഹ ശിഥീലീകരണ പ്രക്രിയക്ക് കുട പിടിക്കുകയാണ് ചെയ്യുന്നത്.

അല്ലാഹു പറയുന്നു. ഹേ മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിനായി നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെയടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു (49:13). ജാതിയുടെയും മതത്തിന്റേയും പേരില്‍ കടുത്ത വിഭാഗീയതയും ഇന്ന് ശക്തിപ്പെട്ടുവരുന്നു. വര്‍ണവെറി, ഭാഷാഭ്രാന്ത് തുടങ്ങിയവ ജനങ്ങളെ തമ്മിലടിപ്പിക്കുന്നു. വംശീയ സംഘട്ടനവും തീവ്രവാദ ആക്രമണങ്ങളും ഭീകരവാദികളുടെ ഭീഷണികളും നാട്ടില്‍ അശാന്തി പടര്‍ത്തുന്നു. ഈ അരാജകത്വങ്ങളുടെയെല്ലാം മുഖ്യ കാരണം വര്‍ഗീയതയാണെന്ന് നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കുന്നു. റസൂല്‍(സ്വ) പറഞ്ഞു. ''വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല, വര്‍ഗീയതയ്ക്കു വേണ്ടി യുദ്ധത്തിലേര്‍പ്പെടുന്നവന്‍ നമ്മില്‍ പെട്ടവനല്ല, വര്‍ഗീയതയുടെ പേരില്‍ മരിക്കുന്നവനും നമ്മില്‍ പെട്ടവനല്ല'' (അബുദാവുദ്). ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷാ, സംസ്‌കാരങ്ങളിലൊക്കെ വൈവിധ്യം നിലനില്‍ക്കുന്ന സാമൂഹിക സാഹചര്യത്തില്‍ വര്‍ഗീയത വേരുറച്ച് കക്ഷിത്വവും ഭിന്നതയും ശക്തിപ്പെട്ടു വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവിടെ വൈവിധ്യങ്ങളെ വൈരുധ്യങ്ങളായി കാണാതെ, സംഘട്ടനത്തിന് പകരം ആരോഗ്യപരമായ സഹവര്‍ത്തനത്തിലൂടെ സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താനുള്ള ബാധ്യത ഒരോ പൗരനുമുണ്ട്. ഇസ്്‌ലാമിക ചരിത്രവും തിരുദൂതരുടെ ജീവിതവും ബഹുസ്വര സമൂഹത്തില്‍ വര്‍ഗീയതയില്ലാതെ നീതിയിലും നന്മയിലും എങ്ങനെ ജീവിക്കാമെന്നതിനുള്ള മികച്ച മാതൃകയാണ്. ഒരു പ്രദേശത്തോ രാജ്യത്തോ സമാധാനാന്തരീക്ഷം നിലവില്‍ വരാന്‍ ആരുമായിട്ടൊക്കെ സഹകരിച്ചാലാണോ സാധ്യമാകുന്നത് അവരോടെല്ലാം അവരുടെ മതമോ ജാതിയോ വംശമോ ഭാഷയോ നോക്കാതെ സഹകരിക്കുക എന്ന നിലപാടാണ് നബി(സ്വ) മാതൃക കാണിച്ചത്. ജനങ്ങളോടെല്ലാം നല്ലത് പറയുക എന്ന വിശുദ്ധഖുര്‍ആന്‍ സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ സംസാരത്തിലും സമ്പര്‍ക്കത്തിലും വിഭാഗീയതകള്‍ ഒന്നുമില്ലാതെ മാന്യതയും നന്മയും നിലനിര്‍ത്തണമെന്നാണ്. പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കാനും പാപത്തിലും അതിക്രമത്തിലും സഹകരിക്കാതിരിക്കാനുമുള്ള അല്ലാഹുവിന്റെ കല്പന (5:2) നന്മതിന്മകളെ വിലയിരുത്തുന്നതിലും വിഭാഗീയത കടന്നു വരാനുള്ള പഴതുകള്‍ അടക്കുകയാണ് ചെയ്യുന്നത്. 

വര്‍ഗീയതക്കടിമപ്പെട്ടവര്‍ ഏതു വിധേനയും തന്റെയും തന്റെ കക്ഷിയുടെയും നിലപാടുകളെ വെള്ള പൂശുന്ന സമീപനമാണ് സ്വീകരിക്കുക. താന്‍ പ്രതിനിധാനം ചെയ്യുന്ന കക്ഷിയില്‍പ്പെട്ട വ്യക്തിയുടെ ക്രൂരതയെപ്പോലും വെള്ളപൂശുകയും എതിരാളിയുടെ നന്മ ദുര്‍വ്യാഖ്യാനം ചെയ്ത് പുണ്യഹത്യ നടത്തുകയും ചെയ്യും. വര്‍ഗീയത കടുത്ത അനീതി നിറഞ്ഞ നിലപൊടെടുക്കാന്‍ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വര്‍ഗീയതയോട് സന്ധിയാവാന്‍ വിശ്വാസിക്ക് ഒരിക്കലും സാധിക്കുകയില്ല. ''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും, നിനക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാവരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. (5:8)

തര്‍ക്കങ്ങളില്‍ വാദം കേള്‍ക്കുമ്പോഴും, പ്രശ്‌നങ്ങളില്‍ തീര്‍പ്പു കല്പിക്കുമ്പോഴും നബി(സ്വ) അങ്ങേയറ്റം അവധാനതയും സൂക്ഷമതയും കാണിച്ചു. നിരപരാധി ശിക്ഷിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കി. നിയമത്തിന്റെ മുമ്പില്‍ ഏവരും തുല്യരാണെന്ന് തന്റെ നിലപാട് തുറന്നു പറഞ്ഞു. പ്രിയ പുത്രി ഫാത്വിമയാണ് മോഷ്ടിച്ചതെങ്കില്‍ പോലും അവളുടെ കൈ ഛേദിക്കുമെന്ന തിരുദൂതരുടെ വാക്ക്, നീതിയില്‍ അധിഷ്ഠിതമായ സാമൂഹ്യക്രമത്തിലൂടെ വര്‍ഗീയതയെ വേരോടെ പിഴുതെറിയുകയാണ്.
 

Feedback