വീഴ്ചകള്‍ ഇല്ലാത്തവരായി സമൂഹത്തില്‍ ആരുമുണ്ടാവില്ല. രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവെ സൂക്ഷിച്ച് ഭക്തരായി ജീവിക്കുന്നവരായിരിക്കണം സത്യവിശ്വാസികള്‍. സ്വാകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും അല്ലാഹുവിന്റെ നിയമനിര്‍ദേശങ്ങള്‍ പാലിച്ച് ജീവിക്കാന്‍ ബാധ്യസ്ഥരായ വിശ്വാസികളെ നയിക്കുന്നത്, സദാ അല്ലാഹു നീരിക്ഷിക്കുന്നുണ്ടെന്ന ബോധമാണ്. തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരും വീഴ്ചകള്‍ സംഭവിക്കുന്നവരും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടാവും. എന്നാല്‍ ഒരാള്‍ മറ്റൊരാളുടെ സ്വകാര്യതയിലേക്ക് എത്തി നോക്കുന്നതും തെറ്റുകുറ്റങ്ങള്‍ ചികഞ്ഞ് അന്വഷിക്കുന്നതും ഇസ്്‌ലാം വിരോധിക്കുന്നു. ഇതരരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഏറെ മ്ലേഛമാണ്. മറ്റൊരുവന്റെ രഹസ്യങ്ങളെ, നിങ്ങള്‍ ഒളിഞ്ഞു കേള്‍ക്കരുത് (49:12). നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ വ്യക്തികളുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞു നോക്കുന്ന ചാരവൃത്തി നടത്തരുത്' (ബുഖാരി). അഭിമാനം പോലെത്തന്നെ വ്യക്തികളുടെ സ്വകാര്യതകളും ഓരോ വ്യക്തിക്കും പ്രധാനമാണ്.
ആശയവിനിമയത്തിനുള്ള നൂതനോപാധികള്‍ അതിവേഗം വികസിച്ചുകഴിഞ്ഞ ഇന്നത്തെ കാലത്ത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറാനും ഏതൊരു സ്വകാര്യതയും ഒപ്പിയെടുത്ത് സമൂഹ മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനും എളുപ്പമാണ്. മറ്റൊരാളുടെ കിടപ്പറ രഹസ്യങ്ങള്‍ പോലും കണ്ടും കേട്ടും ആഘോഷമാക്കാനുള്ള മാധ്യമങ്ങളുടെയടക്കം കുത്സിത നീക്കങ്ങള്‍ നമ്മുടെ വീടകങ്ങളെപോലും കലുഷമാക്കുന്നു. ധാര്‍മ്മികതക്കും കുടുംബ ഭദ്രതക്കും ശക്തമായ പ്രഹരം ഇതേല്‍പ്പിക്കുന്നു. ഇവിടെ റസൂല്‍(സ്വ) വിശ്വാസികളോട് ഉണര്‍ത്തുന്നു. 'ഇഹലോകത്ത് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യന്റെ ന്യൂനത ഗോപ്യമാക്കിവെച്ചാല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ന്യൂനതയെ ഗോപ്യമാക്കും' (മുസ്‌ലിം).
സാമൂഹിക ജീവിതത്തില്‍ ഏതൊരു വ്യക്തിയും തെറ്റു ചെയ്യാനും പലപ്പോഴും അത് മറ്റുള്ളവര്‍ അറിയാനുമുള്ള സാഹചര്യം എപ്പോഴും നിലനില്ക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദത്താല്‍ ഏതെങ്കിലും വിധത്തിലുള്ള തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരുമുണ്ടായേക്കാം. തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, തെറ്റുകാരനായി ധരിക്കപ്പെടാനിടയാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കൂടി ശ്രദ്ധിക്കേണ്ടവരാണ് ഓരോ വ്യക്തിയും. ഊഹത്തിന്റെ ബലത്തില്‍ ഒരാളെ തെറ്റുകാരനായി മുദ്ര കുത്തുന്നതും അയാളുടെ ചെയ്തികള്‍ക്കോരോന്നിനും പിന്നാലെ ചികഞ്ഞന്വേഷിക്കാന്‍ മെനക്കെടുന്നതും ഇസ്‌ലാം വിലക്കി.
നബി(സ്വ)യുടെ അനുചരനായ ഇബ്‌നു മസ്ഊദ്(റ)ന്റെ അടുത്ത് ഒരാളെ കൊണ്ടുവന്നു. പ്രസ്തുത വ്യക്തിയുടെ താടിരോമങ്ങളിലൂടെ മദ്യം ഉറ്റിവീഴുന്നത് ഞങ്ങള്‍ കണ്ടുവെന്ന് ചിലര്‍ അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു. 'അയാളുടെ തെറ്റുകള്‍ ചികഞ്ഞു അന്വേഷിക്കുന്നത് നമ്മോട് വിരോധിക്കപ്പെട്ടിരിക്കുന്നു. തെറ്റ് വ്യക്തമായാല്‍ നാം അതിന്റെ പേരില്‍ പിടികൂടും (അബൂദാവുദ്). ബാഹ്യമായ തെളിവുകള്‍ ഉണ്ടായിട്ടും ശിക്ഷിക്കാന്‍ അദ്ദേഹം മുതിരാതിരുന്നത് ഒരാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാന്‍ പാടില്ല എന്ന ഇസ്‌ലാമിക നിലപാട് വ്യക്തമാക്കുന്നു. നബി(സ്വ) പറഞ്ഞു: നാവുകൊണ്ട് മാത്രം മുസ്്‌ലിമായവരേ, നിങ്ങള്‍ മറ്റുളളവരുടെ രഹസ്യങ്ങള്‍ ചികഞ്ഞു നടക്കരുത് (തുര്‍മുദി).
മറ്റൊരാളുടെ വ്യക്തിപരമായ എഴുത്തുകളും സന്ദേശങ്ങളും വായിക്കുക, പരസ്യപെടുത്താല്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പൊതുചര്‍ച്ചക്ക് വിഷയീഭവിപ്പിക്കുക, ഒളിഞ്ഞു കേള്‍ക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കുറ്റകരമായി ഇസ്‌ലാം പഠിപ്പിക്കുന്നു. മാനഹാനിയും ജീവഹാനിയും സാമ്പത്തിക നഷ്ടവുമൊക്കെ വരുത്തി വെക്കുന്ന കൊടിയ തെറ്റിലേക്കുള്ള വാതിലുകള്‍ തുറന്നിടുകയാണ് ചാരവൃത്തിയിലുടെ. അതിനാല്‍ മറ്റൊരാളുടെ തെറ്റുകുറ്റങ്ങളെ ചുഴിഞ്ഞ് അന്വേഷിക്കാനുള്ള ത്വര ഇല്ലാതാക്കി വ്യക്തികളിലുള്ള നന്മകളെ കാണുവാനും. മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ വിലയിരുത്താതിരിക്കാനുമാണ് വിശ്വാസികള്‍ ശ്രമിക്കേണ്ടത്.
സാമൂഹനന്‍മ, രാഷ്ട്രത്തിന്റെ സുരക്ഷ, ശത്രുക്കളുടെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടല്‍ മുതലായ കാര്യങ്ങള്‍ക്കായി ഉത്തരവാദപ്പെട്ടയാളുകള്‍ക്ക് ചാരവൃത്തി ചെയ്യേണ്ടി വരും. അത് ഇസ്‌ലാം വിലക്കുന്നില്ല.