അദൃശ്യകാര്യങ്ങള്‍ അല്ലാഹുവിന് മാത്രം അറിയാവുന്ന ഒരു രഹസ്യമാണ്. മനുഷ്യര്‍ക്കോ, ജിന്നുകള്‍ക്കോ, മലക്കുകള്‍ക്കോ പിശാചുക്കള്‍ക്കോ പ്രവാചകന്മാര്‍ക്കോ ഒന്നും തന്നെ അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയില്ല. അല്ലാഹു പറയുന്നു. നബിയേ പറയുക. അല്ലാഹു അല്ലാതെ ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ല. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍ക്കുക എന്നു പോലും അവര്‍ക്കറിയില്ല (27:65).
മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയ അദൃശ്യ സൃഷ്ടികള്‍ക്ക് മറഞ്ഞ കാര്യങ്ങള്‍ അറിയുമെന്ന് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. അതുകൊണ്ട് മലക്കുകളെയും ജിന്നിനെയും പൂജിച്ച് ആരാധിച്ച് തൃപ്തിപ്പെടുത്തിയും അദൃശ്യകാര്യങ്ങള്‍ അറിയാന്‍ കഴിയുമെന്നുള്ള വികലവിശ്വാസത്തിലേക്ക് അവര്‍ നയിക്കപ്പെട്ടു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമാക്കിത്തന്നിട്ടുള്ളതാണ് അദൃശ്യജ്ഞാനം അറിയുന്നവന്‍ അല്ലാഹു മാത്രമാണ് എന്ന കാര്യം. അല്ലാഹുവിന്റെ പ്രവാചകന്മാര്‍ക്ക് മാത്രം അല്ലാഹു വഹ്‌യിലൂടെ അദൃശ്യകാര്യം അറിയിച്ചുകൊടുക്കുന്നു. അത് മാത്രമാണ് വഹ്‌യ് അറിയാനുള്ള ഏക മാര്‍ഗം. അല്ലാഹു പറയുന്നു. 'അദൃശ്യം അല്ലാഹു നിങ്ങള്‍ക്ക് വ്യക്തമാക്കി തരികയെന്നതും ഉണ്ടായില്ല. എന്നാല്‍ അല്ലാഹു അവന്റെ ദൂതന്മാരില്‍ നിന്ന് അവനുദ്ദേശിക്കുന്ന വരെ തെരഞ്ഞെടുക്കുന്നു' (3:179).
അവന്‍ അദൃശ്യകാര്യങ്ങള്‍ അറിയുന്നവനാകുന്നു. അവന്റെ അദൃശ്യകാര്യം അവന്‍ ആര്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. അവന്‍ തൃപ്തിപ്പെട്ട ദൂതനൊഴികെ. (72:26).
നബി(സ)യോട് അല്ലാഹു പറയുവാന്‍ കല്‍പ്പിക്കുന്നു. 'എന്റെ പക്കലാണ് അല്ലാഹുവിന്റെ ഖജനാവുകളെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയില്ല. തീര്‍ച്ചയായും ഞാന്‍ ഒരു മലക്കാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നുമില്ല. എനിക്ക് ദിവ്യസന്ദേശം നല്‍കപ്പെട്ടതിനെയല്ലാതെ ഞാന്‍ പിന്‍പറ്റുന്നില്ല' (6:50).
മുഹമ്മദ് നബി(സ)ക്ക് വല്ല അദൃശ്യകാര്യവും അറിയണമെങ്കില്‍ അല്ലാഹു വഹ്‌യ് നല്‍കണമെന്നും നബി(സ) വല്ല അദൃശ്യകാര്യവും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അല്ലാഹുവിന്റെ വഹ്‌യിനെ പിന്‍പറ്റിയാണെന്നും ഇവിടെ വ്യക്തമാക്കുന്നു.
മലക്കുകളെയും ജിന്നുകളെയും മനുഷ്യന്‍ കീഴ്‌പ്പെടുത്തി അദൃശ്യകാര്യം അറിയാന്‍ സാധിക്കുമെങ്കില്‍ പ്രവാചകന്മാര്‍ അദൃശ്യകാര്യം പറയല്‍ അവര്‍ അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണെന്നതിന് തെളിവാകുകയോ അതൊരു മുഅ്ജിസത്തായി പരി ഗണിക്കപ്പെടുകയോ ഇല്ല. ഈസാ നബി(അ) പറയുന്നു. 'നിങ്ങള്‍ ഭക്ഷിക്കുന്നതി നെയും നിങ്ങളുടെ വീടുകളില്‍ നിങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനെയും കൂറിച്ച് ഞാന്‍ നിങ്ങളോട് വര്‍ത്തമാനം പറയും. തീര്‍ച്ചയായും നിങ്ങള്‍ക്ക് അതില്‍ ഒരു ദൃഷ്ടാന്തമുണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരാണെങ്കില്‍.' (3:49)
ഈസാ നബിക്ക് അല്ലാഹു വഹ്‌യ് നല്‍കുന്ന പക്ഷം മാത്രമേ ഇതിനെല്ലാം സാധ്യമാവുകയുള്ളൂവെന്ന് വളരെ വ്യക്തമാണ്. പ്രവാചകന്മാര്‍ക്ക് അല്ലാഹുവിന്റെ വഹ്‌യ് കിട്ടിയ ശേഷമല്ലാതെ അദൃശ്യമായ കാര്യം പറയാന്‍ കഴിഞ്ഞിരുന്നില്ല. യഅ്ഖൂബ് നബി(അ)ക്ക് തന്റെ പ്രിയപ്പെട്ട മകന്‍ യൂസുഫ് നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അറിയാന്‍ സാധിച്ചത്. കാരണം അദ്ദേഹത്തിന് അല്ലാഹുവിന്റെ വഹ്‌യ് അതുവരെ കിട്ടിയില്ല.
മനുഷ്യര്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍ അറിയാനും മനുഷ്യകഴിവിനപ്പുറത്തുള്ള പലതും ചെയ്യാനും തങ്ങള്‍ക്ക് കഴിവുണ്ടെന്ന് സ്വയം വിശ്വസിക്കുന്നവരാണ് ജിന്നുകള്‍. അവരെയാണ് അല്ലാഹു സുലൈമാന്‍ നബിക്ക് കീഴ്‌പ്പെടുത്തിക്കൊടുത്തത്. അദ്ദേഹം ഒരു വടിയില്‍ ഊന്നി നിന്നുകൊണ്ട് ജോലിയുടെ മേല്‍നോട്ടം വഹിക്കവെയാണ് അദ്ദേഹത്തിന് മരണം വന്നെത്തിയത്. പക്ഷേ ജിന്നുകള്‍ ആ കാര്യം അറിഞ്ഞില്ല. അദ്ദേഹം നിന്നുകൊണ്ട് നിരീക്ഷിക്കുകയാണെന്ന വിചാരത്തോടെ അവര്‍ അവിശ്രമം ജോലി തുടര്‍ന്നു. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഊന്നുവടി ചിതല്‍ തിന്നിട്ട് അദ്ദേഹത്തിന്റെ മൃതശരീരം മറിഞ്ഞു വീണപ്പോള്‍ മാത്രമാണ് മരണത്തെപ്പറ്റി അവര്‍ അറിഞ്ഞത്. അല്ലാഹു പറയുന്നു. 'നാം അദ്ദേഹത്തിന്റെ (സുലൈമാന്റെ) മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നുകൊണ്ടിരുന്ന ചിതല്‍ മാത്രമാണ് അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അവര്‍ക്ക് (ജിന്നുകള്‍ക്ക്) അറിവ് നല്‍കിയത്. അങ്ങനെ അദ്ദേഹം വീണപ്പോള്‍ തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ തങ്ങള്‍ കഴിച്ചുകൂട്ടേണ്ടിയില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി' (34:14).