വിശുദ്ധ ഖുര്‍ആന്‍ അനുവാചകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഒരോ വിഷയത്തിന്റെയും അവതരണത്തിലുള്ള വൈവിധ്യമാണ് ഒരു പ്രത്യേകത. ജീവിക്കുന്ന പ്രകൃതിയെപ്പറ്റിയും കഴിഞ്ഞു പോയ ജനതകളെപ്പറ്റിയും ചിന്തിക്കാനുള്ള പ്രേരണകള്‍ ഖുര്‍ആനില്‍ ധാരാളം കാണാം. കഴിഞ്ഞു പോയ സമുദായങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൈവദൂതന്‍മാരുടെയും ആ സമുദായങ്ങളുടെയും ചരിത്രം ഖുര്‍ആനില്‍ പലവുരു ആവര്‍ത്തിച്ചിട്ടുണ്ട്. ചരിത്രകഥനങ്ങള്‍ക്ക് 'കഥകള്‍'എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുണ്ട്.
പ്രവാചകരല്ലാത്ത മറ്റു പലരുടെയും ചരിത്രത്തിലെ ശകലങ്ങള്‍ ഗുണപാഠങ്ങളായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു. അതില്‍ മാതൃകാ പുരുഷന്‍മാരായ വ്യക്തിത്വങ്ങളും ദുഷ്ട ശക്തികളുമുണ്ട്. ഖുര്‍ആനില്‍ വിവരിക്കപ്പെട്ട കഥകള്‍ ഭാവനകളോ കല്പിത കഥകളോ അല്ല. മറിച്ച് ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ട ചരിത്ര യാഥാര്‍ഥ്യങ്ങളാണ്. കഥകളുടെ 'സ്ഥലവും സമയവും കാലവും' എന്നതിനല്ല അതിലടങ്ങിയ പാഠങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. ഇത്തരം നിരവധി കഥകള്‍ ഖുര്‍ആനില്‍ കാണാം.