Skip to main content

സ്വഫാ മര്‍വ മലകള്‍

കഅ്ബയില്‍ നിന്ന് 130 മീറ്റര്‍ അകലെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ചെറിയ മലയാണ് സ്വഫാ. വടക്കുകിഴക്കു ഭാഗത്ത് 300 മീറ്റര്‍ അകലെ മര്‍വ മലയും. അബൂഖുബൈസ് പര്‍വതത്തിന്റെ താഴ്‌വാരത്തിലാണ് സ്വഫാമര്‍വ കുന്നുകള്‍. ഹജ്ജ്-ഉംറ തീര്‍ഥാടനത്തിനെത്തുന്ന ലക്ഷങ്ങളുടെ കാലടിപ്പാടുകള്‍ ഇന്നും ഈകുന്നുകളെ ധന്യമാക്കുന്നു.

''സ്വഫായും മര്‍വയും അല്ലാഹുവിന്റെ ചിഹ്നങ്ങളില്‍പെട്ടതുതന്നെ. ഹജ്ജും ഉംറയും ചെയ്യുന്നവരാരോ അവര്‍ അവയെ ത്വവാഫ് ചെയ്യുന്നതില്‍ തെറ്റില്ല''( 2:158).

ഹജ്ജിന്റെയും ഉംറയുടെയും നിര്‍ബന്ധകര്‍മങ്ങളില്‍ ഒന്നാണ് സ്വഫാമര്‍വകള്‍ക്കിടയിലെ നടത്തം. ഇതാണ് ഹജ്ജിന്റെ കര്‍മങ്ങളില്‍പെട്ട സഅ്‌യ്. അതുകൊണ്ടാണ് ഈ കുന്നുകള്‍ക്കിടയിലെ സ്ഥലം 'മസ്ആ' എന്നറിയപ്പെടുന്നത്. 395 മീറ്റര്‍ ദൂരമാണ് മസ്ആ. ദാഹിച്ചുകരഞ്ഞ തന്റെ കുഞ്ഞിന് വെള്ളം തേടി ഇബ്‌റാഹീമി(അ)ന്റെ പത്‌നി ഹാജര്‍ ഈ കുന്നുകള്‍ക്കിടയില്‍ അലഞ്ഞിരുന്നു. പ്രഥമ സഅ്‌യും ഇതായിരുന്നു. ഇതിന്റെ സ്മരണ പുതുക്കലാണ് ഹജ്ജിലെയും ഉംറയിലെയും സഅ്‌യ്. മസ്ജിദുല്‍ ഹറമിന്റെ പുറത്തായിരുന്ന മസ്ആക്ക് കെട്ടിടം പണിതത് 1955ല്‍ ആണ്. സഅ്‌യ് ചെയ്യുന്നവര്‍ക്കായി പിന്നെയും കൂടുതല്‍ സൗകര്യമൊരുക്കി. 2008ല്‍ അബ്ദുള്ള രാജാവ് ഇവിടെ ആറു നിലകളുള്ള കെട്ടിടം പണിതു. ഇവ ശീതീകരിക്കുകയും ചെയ്തു. ഇതോടെ പതിനായിരങ്ങള്‍ക്ക് ഒരേസമയം സഅ്‌യ് ചെയ്യാമെന്നായി.

സ്വഫായും മര്‍വയും ഇപ്പോഴും തീര്‍ഥാടകര്‍ക്ക് കാണാം. മര്‍വയിലെ പാറക്കൂട്ടം ഉയരം കുറച്ച് അവയുടെ ഉപരിതലം മിനുസപ്പെടുത്തി തീര്‍ഥാടകര്‍ക്ക് ഇരിക്കാവുന്ന രൂപത്തിലാക്കിയിട്ടുണ്ട്.

മര്‍വയുടെ ഭാഗത്തായിരുന്നു നബി(സ്വ)യും ഖദീജ(റ)യും താമസിച്ചിരുന്ന വീട്. അബുസുഫ്‌യാ(റ)ന്റെ വീടും ഇതിനു സമീപം തന്നെ. നബി(സ്വ) ജനിച്ച വീടും ഇതിനടുത്ത സൂഖുല്ലൈലിലാണെന്നും പറയപ്പെടുന്നുണ്ട്.

Feedback