ആര്‍ത്തവകാരികളും പ്രസവരക്തമുള്ള സ്ത്രീകളും നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. അവര്‍ നോമ്പെടുത്താല്‍ അത് സ്വീകാര്യമല്ല. മറ്റു ദിവസങ്ങളില്‍ അവര്‍ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. നോമ്പുകാരിയായിരിക്കെ നോമ്പിന്റെ പകലില്‍ ഇവ ഉണ്ടായാലും അപ്പോള്‍ മുതല്‍ നോമ്പ് ദുര്‍ബലമാകും. ആദിവസത്തെ നോമ്പും പിന്നീട് നോറ്റുവീട്ടണം.
നോമ്പ് നോല്‍ക്കാന്‍ വേണ്ടി മരുന്നുപയോഗിച്ച് ആര്‍ത്തവം നിയന്ത്രിക്കാമോ എന്നത് പുതിയ ഗവേഷണ വിഷയമാണ്. സ്വന്തം ആവശ്യങ്ങള്‍ക്കു വേണ്ടി നേരത്തേ തന്നെ ഇങ്ങനെ ചെയ്യുന്നവളായിരിക്കുകയും അതില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ അനുഭവപ്പെടാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ക്ക് വേണമെങ്കില്‍ റമദാനിലും മരുന്നുപയോഗിച്ച് മാസമുറ മാറ്റിവെക്കാവുന്നതാണ്. എന്നാല്‍ അത് അവള്‍ക്ക് മാനസികമോ ശാരീരികമോ ആയ പ്രശ്‌നങ്ങള്‍ പിന്നീടെങ്കിലും ഉണ്ടാക്കുമെങ്കില്‍ ഇങ്ങനെ ചെയ്യരുത് എന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ നിലപാട്. കൃത്രിമമായി മാസമുറ തെറ്റിക്കുന്നത് അല്ലാഹു സ്ത്രീകള്‍ക്ക് നല്കിയ സ്വാഭാവിക പ്രകൃതിക്ക് മാറ്റംവരുത്തലാണ്. അത് നമുക്ക് അറിഞ്ഞാലും ഇല്ലെങ്കിലും എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടാക്കും. മറ്റു ദിവസങ്ങളില്‍ നോറ്റുവീട്ടുന്നത് തന്നെയാണ് അവര്‍ക്ക് ഉത്തമമായിട്ടുള്ളത് എന്നാണ് മറ്റൊരു വിഭാഗം വിധി നല്കുന്നത്. എന്നാല്‍ ഇങ്ങനെ ആര്‍ത്തവം തെറ്റിച്ച് നോമ്പെടുത്താല്‍ ആ നോമ്പ് സാധുവാകുമെന്നതില്‍ എല്ലാവരും യോജിക്കുന്നു.
മറ്റു സന്ദര്‍ഭങ്ങളില്‍ തീരെ നോറ്റുവീട്ടാന്‍ കഴിയാത്ത അവസ്ഥ ഇല്ലെങ്കില്‍ അല്ലാഹു നിശ്ചയിച്ച പ്രകൃതിയെ സ്വതന്ത്രമായി വിട്ട് നഷ്ടപ്പെടുന്ന നോമ്പുകള്‍ പിന്നീട് നോറ്റുവീട്ടുന്നതാകും കൂടുതല്‍ സൂക്ഷ്മതക്ക് നല്ലത്.
സ്ഖലനം
ലൈംഗികവികാര നിയന്ത്രണം നോമ്പിന്റെ നിര്‍ബന്ധഭാഗമാണ്. ഇണയെ പ്രാപിച്ചാല്‍ നോമ്പു മുറിയും. പ്രായശ്ചിത്തമായി രണ്ടുമാസം തുടര്‍ച്ചയായി നോമ്പുനോല്‍ക്കുകയോ അറുപത് അഗതികള്‍ക്ക് ആഹാരം നല്‍കുകയോ ചെയ്യണം. ഇച്ഛാപൂര്‍വകമല്ലാതെ സ്ഖലനമുണ്ടായാല്‍ നോമ്പ് മുറിയില്ല. മദജലം(മദിയ്യ്) പുറത്തുവരുന്നതുകൊണ്ടും നോമ്പിന് തകരാറ് സംഭവിക്കില്ല.