Skip to main content

ബോധത്തോടെ തിന്നുക, കുടിക്കുക, ഛര്‍ദിക്കുക

നോമ്പുമുറിക്കാനുള്ള തീരുമാനം

അകാരണമായി നോമ്പുമുറിക്കാന്‍ തീരുമാനിച്ചാല്‍ (അങ്ങനെ കരുതുകവഴി) നോമ്പ് ദുര്‍ബലപ്പെടുമെന്നും (അയാളുടെ നിയ്യത്ത് നഷ്ടപ്പെട്ടതിനാല്‍) നോമ്പ് മുറിയുന്ന ഒരു കാര്യവും ചെയ്തില്ലെങ്കിലും അയാള്‍ പശ്ചാത്തപിച്ച് പകരം നോമ്പെടുക്കണമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു (ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ്).

ബോധത്തോടെ തിന്നുക, കുടിക്കുക

നോമ്പിന്റെ പ്രധാനഘടകമാണ് പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കല്‍. ഖുര്‍ആനും(2:187) ഹദീസും (മുസ്‌ലിം 1151) ഇത് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ നോമ്പിന്റെ പകലില്‍ ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മൂലം നോമ്പ് മുറിയും. അത് എത്ര ചെറിയ അളവിലായാലും. നോമ്പു നോറ്റ് മനഃപൂര്‍വം മുറിക്കുന്നത് കുറ്റകരമാണ്. അതിനാലവന്‍ പരമകാരുണികനായ സ്രഷ്ടാവിനോട് പാപമോചനം തേടുകയും പകരം നോമ്പ് നോറ്റുവീട്ടുകയും വേണം. ആമാശയത്തിലേക്ക് പ്രവേശിക്കുന്ന വിധത്തിലുള്ള ഗുളികകളും മരുന്നും മറ്റും ഉപയോഗിക്കുന്നതും ഭക്ഷണംപോലെ നോമ്പിനെ ദുര്‍ബലമാക്കും. ഭക്ഷണപദാര്‍ഥങ്ങളല്ലാത്ത കല്ല്, നാണയംപോലുള്ള വസ്തുക്കള്‍ ബോധപൂര്‍വം വയറ്റിലെത്തിയാലും നോമ്പ് നഷ്ടപ്പെടും.
    
പ്രഭാതോദയം ബോധ്യപ്പെട്ട ശേഷം അത്താഴം കഴിക്കുന്നതും, അസ്തമിച്ചിട്ടില്ലെന്ന് ഉറപ്പുള്ളപ്പോള്‍ നോമ്പ് തുറക്കുന്നതും മനഃപൂര്‍വമുള്ള ഭക്ഷണം കഴിക്കലായി പരിഗണിക്കപ്പെടും. നോമ്പ് മുറിയുകയും ചെയ്യും.

എന്നാല്‍ മറവിയോ സമയത്തെക്കുറിച്ച തെറ്റിദ്ധാരണയോ അരുതുകളെക്കുറിച്ചുള്ള അറിവില്ലായ്മയോ കാരണമാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ അവര്‍ക്ക് നോമ്പ് നഷ്ടപ്പെടുന്നില്ല. ഓര്‍മവന്ന സമയം മുതല്‍, ഇവയില്‍നിന്ന് വിരമിച്ച് നോമ്പ് പൂര്‍ത്തിയാക്കണം. 'ആരെങ്കിലും താന്‍ നോമ്പുകാരനാണെന്ന കാര്യം മറന്നനിലയില്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അയാള്‍ തന്റെ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. എന്തുകൊണ്ടെന്നാല്‍ അവനെ തീറ്റിയതും കുടിപ്പിച്ചതും അല്ലാഹുവത്രെ' (മുസ്‌ലിം 1115). മറ്റൊരാളുടെ പീഡനത്താലോ മറ്റോ ഉണ്ടായ നിര്‍ബന്ധിതാവസ്ഥയിലാണ് അങ്ങനെ ചെയ്യേണ്ടി വന്നതെങ്കിലും നോമ്പു മുറിയില്ല. ബാക്കി സമയം പൂര്‍ത്തിയാക്കാവുന്നതാണ്.

മനഃപൂര്‍വം ഛര്‍ദിക്കല്‍

ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രക്രിയ എന്ന നിലയില്‍ ചിലപ്പോള്‍ ഛര്‍ദി സംഭവിക്കാം. അത് നോമ്പുകാരന്റെ നിയന്ത്രണത്തില്‍പെട്ടതല്ല. ഇതുമൂലം നോമ്പ് മുറിയുകയില്ല. എന്നാല്‍ സ്വാഭാവിക രൂപത്തിലല്ലാതെ വയറ്റിനകത്തുള്ള ഭക്ഷണ പദാര്‍ഥങ്ങളോ മറ്റോ പുറത്തുകളയുന്നതിനുവേണ്ടി ഛര്‍ദി ഉണ്ടാക്കിയാല്‍ നോമ്പ് മുറിയും. അയാള്‍ ആ നോമ്പ് നോറ്റുവീട്ടണം. നബി(സ്വ) പറഞ്ഞു: "വല്ലവന്നും ഛര്‍ദിയുണ്ടായാല്‍ അവന്‍ നോമ്പ് നോറ്റുവീട്ടേണ്ടതില്ല. എന്നാല്‍ മനഃപൂര്‍വം ഛര്‍ദി ഉണ്ടാക്കുകയാണെങ്കില്‍ അവന്‍ അത് നോറ്റുവീട്ടേണ്ടതാണ്" (തിര്‍മിദി 720).

Feedback