കാര്‍ഷിക വിളകളുടെ സകാത്തുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശം ഇപ്രകാരമാണ്. "പന്തലില്‍ പടര്‍ത്തപ്പെട്ടതും അല്ലാത്തതുമായ തോട്ടങ്ങളും, ഈന്തപ്പനകളും, വിവധതരം കനികളുള്ള കൃഷികളും, പരസ്പരം തുല്യത തോന്നുന്നതും എന്നാല്‍ സാദൃശ്യമില്ലാത്തതുമായ നിലയില്‍ ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു. അവയോരോന്നും കായ്ക്കുമ്പോള്‍ അതിന്‍റെ ഫലങ്ങളില്‍ നിന്ന് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അതിന്‍റെ വിളവെടുപ്പു ദിവസം അതിലുള്ള ബാധ്യത നിങ്ങള്‍ കൊടുത്തു വീട്ടുകയും ചെയ്യുക. നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല" (6:141).
മനുഷ്യര്‍ കൃഷിചെയ്തുണ്ടാക്കുന്ന എല്ലാ ഭക്ഷ്യ വിളകള്‍ക്കും സകാത്ത് ബാധകമാണ് എന്നാണ് വിശുദ്ധ ഖുര്‍ആനിലെ ഈ പരാമര്‍ശ (6:141) ത്തില്‍ നിന്നും മനസ്സിലാകുന്നത്
കൃഷിഭൂമി സ്വന്തം ഉടമസ്ഥതയില്‍ അല്ലെങ്കിലും കൃഷിക്കാരന്‍ തന്‍റെ കൃഷിക്ക് സകാത്ത് നല്‍കേ ണ്ടതാണ്.
കൃഷിയുടെ നിസ്വാബ്
റസൂല്‍(സ്വ) പറഞ്ഞു: "അഞ്ചു വസ്ഖില്‍ താഴെയാണ് വിളയെങ്കില്‍ അതിന് സകാത്ത് ബാധ കമല്ല" (ബുഖാരി).
ഒരു വസ്ഖ് = 60 സ്വാഅ്, അഞ്ച് വസ്ഖ് = 300 സ്വാഅ്. ഒരു സ്വാഅ് = 2.040 ഗഴ അഥവാ രണ്ട് കിലോ നാല്‍പത് ഗ്രാം. 300 ഃ 2.040= 612 കിലോഗ്രാം. ഇതാണ് കാര്‍ഷികോത്പന്നങ്ങളുടെ സകാത്ത് നിര്‍ബന്ധമാകുന്ന പരിധി (നിസ്വാബ്). ഇത് അഞ്ച് വസ്ഖ് എന്ന അളവില്‍ ഗോതമ്പ് കിട്ടുന്ന തൂക്കമാണ്. വിള മാറുന്നതിനനുസരിച്ച് തൂക്കവും മാറും. ഉദാഹരണത്തിന് നെല്ല്. നെല്ലിന്‍റെ തൊലി കളഞ്ഞ ശേഷം അരി 612 കിലോഗ്രാം ഉണ്ടെങ്കില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ.
വിളവെടുപ്പ് സമയത്തു നിസ്വാബ് തികയുന്നുവെങ്കില്‍ അതാതു വിളവെടുപ്പ് സമയത്തു തന്നെ സകാത്ത് നല്‍കേണ്ടതാണ്. എന്നാല്‍ നിസ്വാബ് തികയുന്നില്ലെങ്കില്‍ അടുത്ത വിളവെടുപ്പിനു ശേഷം അതും കൂടി കണക്കുകൂട്ടി നിസാബ് തികയുന്നുവെങ്കില്‍ സകാത്ത് നല്‍കണം. ഒരു വര്‍ഷത്തിലെ മൊത്തം വിളവെടുപ്പ് നിസ്വാബ് തികയുന്നില്ലെങ്കില്‍ സകാത്ത് നല്‍കേണ്ടതില്ല.
പലതരം കൃഷികള്‍ ചെയ്യുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഓരോ ഇനം കൃഷിയുത്പന്ന ങ്ങള്‍ക്കും പ്രത്യേകം നിസാബ് പൂര്‍ത്തിയാകേണ്ടതുണ്ട്. എല്ലാം കൂടി ഒന്നിച്ചു നിസ്വാബ് കണക്കാ ക്കുകയില്ല.
സകാത്തായി നല്‍കേണ്ട വിഹിതം
റസൂല്‍ (സ്വ)പറഞ്ഞു: 'അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്ന് പത്തിലൊന്നും (10%), നനച്ചുണ്ടാക്കുന്നതില്‍ നിന്ന് ഇരുപതിലൊന്നിന്‍റെ പകുതിയും (5%) സകാത്ത് നല്‍കണം' (ബുഖാരി).
കൃഷി നട്ടത് മുതല്‍ വിളവെടുപ്പ് വരെയുള്ള ഏറിയ കാലവും മഴയും അരുവികളും മാത്രം അവലം ബമാക്കിയുള്ള കൃഷികള്‍ക്കും, നനയ്ക്കല്‍ ആവശ്യമില്ലാതെ സ്വയം ഉണ്ടാകുന്നവക്കും വിളയുടെ 10% സകാത്തായി നല്‍കണം. കൃഷിയുടെ ഏറിയ പങ്കും അധ്വാനിച്ച് നനച്ചുണ്ടാക്കുന്നവയ്ക്ക് വിളയുടെ 5% സകാത്തായി നല്‍കണം.
പ്രവാചകന്‍റെ കാലത്തു പ്രധാന ചെലവ് നനയ്ക്കല്‍ മാത്രമായിരുന്നു എന്നത് കൊണ്ടാണ് അതിനു മാത്രം ഇളവ് നിശ്ചയിച്ചത്. ഇന്ന് ശാസ്ത്രീയ രീതിയില്‍ കൃഷി ചെയ്യുവാന്‍ ഏറെ ചെലവ് ആവശ്യമാണ് എന്നതിനാല്‍ അത്തരം കൃഷികളെ നനച്ചുണ്ടാക്കിയതിന്‍റെ ഗണത്തില്‍പെടുത്തി അഞ്ചു ശതമാനം സകാത്ത് നല്കിയാല് മതി എന്നാണു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്.
നാണ്യവിളകള്‍
കാര്‍ഷികോത്പന്നങ്ങളായ നാണ്യവിളകള്‍ക്കും ധാന്യവിളകളെ അപേക്ഷിച്ച് വിലയില്‍ വളരെ വലിയ അന്തരം ഉള്ള ഉത്പന്നങ്ങള്‍ക്കും സകാത്ത് കണക്കാക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഏലം, ഗ്രാമ്പൂ, കുരുമുളക് മുതലായ വിലകൂടിയവയും ചേന, ചേമ്പ്, ചക്ക തുടങ്ങിയവയുടെയും നിസ്വാബായി ആറു ക്വിന്‍റല്‍ കണക്കാക്കാന്‍ കഴിയില്ല. അത്തരം ഉത്പന്നങ്ങള്‍ നാട്ടിലെ മുഖ്യ ആഹാര വസ്തുവിന്‍റെ മൂല്യത്തോട് താരതമ്യപ്പെടുത്തിയാണ് സകാത്ത് കണക്കാക്കേണ്ടത്.
ഒരു ഉദാഹരണം: ഏലം കര്‍ഷകന്‍ ആറു ക്വിന്‍റല്‍ (അഞ്ച് വസ്ഖ്) ഏലം ഉണ്ടെങ്കിലേ സകാത്ത് നല്കേണ്ടതുള്ളൂ എന്നത് ശരിയല്ല. ആറു ക്വിന്‍റല്‍ അരിയുടെ കമ്പോള നിലവാരമനുസരിച്ചുള്ള വിലയ്ക്കു തുല്യമായ ഏലം ഒരാള്‍ ഉത്പാദിപ്പിക്കുന്നുവെങ്കില്‍ അയാള്‍ സകാത്തു നല്കണം. നല്കേണ്ടത് പത്തു ശതമാനം/അഞ്ചു ശതമാനം എന്ന തോതില്‍ തന്നെയാണ്. അതുപോലെ ആറു ക്വിന്‍റല്‍ അരിയുടെ വിലയ്ക്കു തുല്യമായ ചേന, ചേമ്പ് മുതലായ ഉത്പന്നങ്ങള്‍ക്ക് സകാത്ത് നല്കിയാല് മതി.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
1. കാര്‍ഷികോത്പന്നങ്ങള്‍ അളന്നോ തൂക്കിയോ തൊലി കളഞ്ഞോ അല്ലാതെയോ എങ്ങനെയാണോ നാട്ടുനടപ്പ് അതനുസരിച്ചാണ് സകാത്തിന്‍റെ പരിധിയും സകാത്തിന്‍റെ വിഹിതവും കണക്കാക്കേണ്ടത്. റസൂല്‍(സ്വ)യുടെ കാലത്ത് മുന്തിരിയും ഈത്തപ്പഴവും ഉണക്കമെത്തിയ ശേഷമായിരുന്നു സകാത്ത് നിശ്ചയിച്ചിരുന്നത്.
2. വിളയോ, അതല്ലെങ്കില്‍ അതിന് തുല്യമായ പണമോ സകാത്തായി നല്‍കാം. പാവങ്ങള്‍ക്ക് ഏതാണോ കൂടുതല്‍ പ്രയോജനപ്രദം എന്നതാണ് പരിഗണിക്കപ്പെടേണ്ടത്.
3. പാകമായി നില്‍ക്കുന്ന കൊയ്തെടുക്കാത്ത വിളകള്‍ മതിച്ച് സകാത്ത് കണക്കാക്കുമ്പോള്‍ അതില്‍നിന്ന് ദാനമായി നല്‍കുന്നവയും, പക്ഷികള്‍ തിന്നുപോകുന്നവയും എല്ലാം ഉണ്ടാകു മെന്നതിനാല്‍ മൂന്നിലൊന്നോ, ചുരുങ്ങിയത് കാല്‍ഭാഗമോ ഒഴിവാക്കി കണക്കാക്കണം എന്ന് റസൂല്‍ (സ്വ) നിര്‍ദേശിച്ചതായി ഉമര്‍(റ)വില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
4. ഒരിക്കല്‍ സകാത്ത് കൊടുത്ത കൃഷിയുത്പന്നങ്ങള്‍ തന്‍റെ പക്കല്‍ വര്‍ഷങ്ങളോളം സൂക്ഷിക്കുന്നു എന്നിരിക്കട്ടെ. ആ സൂക്ഷിച്ചുവച്ച ഉത്പന്നത്തിന് സകാത്ത് നല്കേണ്ടതില്ല.