മനുഷ്യര്‍ പിന്‍തലമുറകള്‍ക്കുവേണ്ടിയോ കൊള്ളയോ നഷ്ടമോ പേടിച്ചോ സ്വര്‍ണം, വെള്ളി മുതലായവ കുഴിച്ചിടുകയോ മറ്റു രീതിയില്‍ സൂക്ഷിക്കുകയോ ചെയ്തത് ചിലപ്പോള്‍ പില്കാലത്ത് മറ്റുള്ളവര്‍ക്ക് ലഭിക്കാറുണ്ട്. ഇതിന് നിധി എന്നു പറയുന്നു. സ്രഷ്ടാവ് മനുഷ്യര്‍ക്കായി ഭൂമിയില്‍ നിക്ഷേപിച്ച ധാതുക്കളും ഉണ്ട്. സ്വര്‍ണം, വെള്ളി, പെട്രോളിയം തുടങ്ങിയ ഖനിജദ്രവ്യങ്ങളെ മഅ്ദിന്‍ എന്നു പറയുന്നു. ഇവ രണ്ടിനും രികാസ് എന്നു പറയാം. 'രികാസിന് അഞ്ചില്‍ ഒന്ന് സകാത്ത് നല്കണം' എന്ന് നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി) 1/5=20%.
നിധിക്ക് സകാത്ത് നിര്‍ബന്ധമാവാന്‍ വര്‍ഷം പൂര്‍ത്തിയാവേണ്ടതില്ല. കിട്ടിയാല്‍ ഉടനെ കൊടുക്കുകയാണു വേണ്ടത്. ഇതിന് നിസ്വാബ് ആവശ്യമില്ല എന്നും വെള്ളിയുടെ നിസ്വാബ് പരിഗണിക്കണം എന്നും രണ്ടു പക്ഷമുണ്ട്. കടലില്‍ നിന്ന് ലഭിക്കുന്ന മുത്ത്, പവിഴം മുതലായവ ഈ ഗണത്തില്‍ പെടുമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.