ഇന്റര്‍നെറ്റിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളുടെ ഉള്ളടക്കം പരിശോധിക്കുവാന്‍ സോഷ്യല്‍ മീഡിയ രംഗത്തും വീഡിയോ ഷെയറിംഗ് രംഗത്തും നിയോഗിക്കപ്പെടുന്നവരാണ് വീഡിയോ അപ്രൂവല്‍ അഡ്മിനിസ്‌ട്രേറ്റര്‍. ഫെയ്‌സ്ബുക്ക്, യൂട്യൂബ് പോലുള്ള ഈ രംഗങ്ങളിലെ അതികായരാണ് ഇത്തരം ജോലി വാഗ്ദാനം ചെയ്യുന്നത്. വീഡിയോകളിലൂടെ തെറ്റായ സന്ദേശങ്ങള്‍ നല്കുക, വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുക, കുഴപ്പങ്ങള്‍ സൃഷ്ടിക്കുക, അശ്ലീലം പ്രചരിപ്പിക്കുക എന്നിവ തടയാനാണ് വീഡിയോ അപ്രൂവല്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ നിയോഗിക്കുന്നത്. വ്യത്യസ്ത ഭാഷകളിലെ വീഡിയോകള്‍ പരിശോധിക്കാന്‍ ആ ഭാഷയില്‍ കഴിവുള്ളവരെയാണ് നിയമിക്കുന്നത്. അതിനാല്‍ അറബി ഭാഷ പഠിച്ചവര്‍ക്കും ഈ രംഗത്ത് തൊഴിലവസരങ്ങളുണ്ട്.
ഇങ്ങനെ ഒരുപാട് മേഖലകളില്‍ വ്യാപിച്ച് കിടക്കുന്നതും തൊഴില്‍ മേഖല അനുദിനം വളര്‍ന്ന്‌കൊണ്ടിരിക്കുന്നതുമായ രംഗമാണ് അറബി ഭാഷാ രംഗം. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും തൊഴില്‍ അന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറബി ഭാഷാ രംഗത്തുള്ള തൊഴില്‍ സാധ്യതകളെക്കുറിച്ച് ജ്ഞാനം കുറവാണ്. അതുകൊണ്ട് തന്നെ ആ മേഖലയില്‍ അധികം പരിശ്രമിക്കുവാന്‍ ഭൂരിഭാഗം പേരും തയ്യാറാവുന്നില്ല എന്ന് മാത്രമല്ല സാധ്യതകള്‍ വളരെ കുറഞ്ഞ മേഖലയായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ ഇതൊരു മതഭാഷ മാത്രമായി കാണുകയും മതപ്രബോധകര്‍ മാത്രം പഠിച്ചാല്‍ മതി എന്ന ചിന്ത വെച്ചു പുലര്‍ത്തുകയും ചെയ്യുന്നു. ഈ കാഴ്ചപ്പാട് മാറ്റി തുറന്ന മനസ്സോടെ ഈ ഭാഷയെ കണ്ടാല്‍ വിജ്ഞാന രംഗത്തും തൊഴില്‍ രംഗത്തും ഏറെ മുന്നേറാന്‍ അത് സഹായകമാവും.