Skip to main content

ശിര്‍ക്കിന്റെ രൂപങ്ങള്‍

അല്ലാഹുവില്‍ പങ്ക് വെക്കുന്നവര്‍(മുശ്‌രിക്കുകള്‍) പല തരത്തിലുണ്ട്. എന്നാല്‍ സത്തയിലും ഗുണത്തിലും ശക്തിയിലും അല്ലാഹുവിന് തുല്യമായ മറ്റൊരു ദൈവം ഉണ്ട് എന്ന സങ്കല്‍പം ഒരിക്കലും ഒരു വിഭാഗത്തിനും ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. വിഖ്യാത ഖുര്‍ആന്‍ പണ്ഡിതനായ ഇമാം റാസി ഇങ്ങനെ രേഖപ്പെടുത്തുന്നു: അറിയുക അസ്തിത്വത്തിലും കഴിവിലും അറിവിലും യുക്തിയിലും അല്ലാഹുവിന് സമാനനായ ഒരു പങ്കുകാരനെ സങ്കല്പിക്കുന്ന യാതൊരാളും ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടില്ല (ഇമാം റാസി). 

ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യ കാലത്ത് അറേബ്യയില്‍ സര്‍വത്ര പ്രചരിച്ചിരുന്നത് ആരാധനയില്‍ പങ്കുകാരെ നിശ്ചയിച്ചുകൊണ്ടുള്ള ശിര്‍ക്കായിരുന്നു. അവര്‍ ബിംബങ്ങളെ മാത്രമല്ല, ഈസാ, മര്‍യം, ഉസൈര്‍, മലക്കുകള്‍, ജിന്നുകള്‍ തുടങ്ങിയവരെയും വിളിച്ച് സഹായമര്‍ഥിച്ചിരുന്നു. അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ നല്‍കുകയും ചെയ്തിരുന്നു. ലാഇലാഹ ഇല്ലല്ലാഹ് എന്ന തൗഹീദിന്റെ ആദര്‍ശം അവര്‍ അംഗീകരിച്ചില്ല. മാത്രമല്ല അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി യാതൊന്നുമില്ല എന്ന് പ്രവാചകന്‍(സ) അവരോട് പറഞ്ഞപ്പോള്‍ അവരുടെ പ്രതികരണം ഇപ്രകാരമായിരുന്നെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. 'ആരാധ്യന്മാരെയെല്ലാം ഒരൊറ്റ ആരാധ്യനാക്കി മാറ്റിയോ? ഇത് അത്ഭുതം തന്നെ' (38:5).

അല്ലാഹു അല്ലാത്തവര്‍ക്കുള്ള സഹായാര്‍ഥനകളും നേര്‍ച്ച വഴിപാടുകളും അവര്‍ക്ക് ചെയ്യുന്ന ഇബാദത്ത്(ആരാധന) ആണെന്ന് അവര്‍ മനസ്സിലാക്കുകയും അത് തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പ്രാര്‍ഥിക്കപ്പെടുന്നവരെ അവര്‍ ആലിഹത്ത്(ദൈവങ്ങള്‍) എന്നു തന്നെ വിളിച്ചു പോന്നു. അതേയവസരത്തില്‍ അല്ലാഹു ഏകനാണ്, അവനാണ് തങ്ങളെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച് പരിപാലിക്കുന്നതും എന്നും അവര്‍ ദൃഢമായി വിശ്വസിച്ചു. പിന്നെ ഏത് വിധത്തിലാണ് അവര്‍ അല്ലാഹുവിന് പങ്കുകാരെ നിശ്ചയിച്ചിരുന്നത് എന്ന് ഹജ്ജിന്റെ വേളയില്‍ അവര്‍ ഉരുവിട്ടിരുന്ന തല്‍ബിയത്തില്‍ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം.

അല്ലാഹുവിന് ചില പങ്കുകാരുണ്ട്. ആ പങ്കുകാരും അവര്‍ക്കുള്ളതും അല്ലാഹുവിന് അധീനമാണ്. അത്തരം പങ്കുകാരല്ലാതെ മറ്റു യാതൊരു പങ്കുകാരും അല്ലാഹുവിനില്ല ഇതായിരുന്നു അവരുടെ വിശ്വാസം. (ബുഖാരി)  ഈ രൂപത്തില്‍ പങ്കുകാരെ സങ്കല്‍പ്പിക്കാനും അവരോട് സഹായാര്‍ഥന എന്ന ആരാധന ചെയ്യുവാനും അവര്‍ പറഞ്ഞിരുന്ന ന്യായം വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു.
 

Feedback