Skip to main content

ജല വിനിയോഗ സംസ്കാരത്തിന്‍റെ ഇസ്‌ലാമിക മാനം

മനുഷ്യന്‍റെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രപഞ്ചത്തിലെ എല്ലാ സംവിധാനങ്ങളും അല്ലാഹു രൂപപ്പെടുത്തിയിരിക്കുന്നത്. അതിനാവശ്യമായ വിഭവങ്ങളും പ്രപഞ്ചത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. അവയെല്ലാം കൃത്യമായ അനുപാതത്തിലുമാണ്. പ്രാപഞ്ചിക ചലനങ്ങളില്‍ നാം കാണുന്ന താളപ്പൊരുത്തം അതിന്‍റെ ഭാഗമാണ്. ഭൂമിയിലെ ആവാസ വ്യവസ്ഥയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഇതിന് വീണ്ടും പ്രാധാന്യം വര്‍ധിക്കുന്നു.

പ്രകൃതി വിഭവങ്ങളില്‍ പ്രധാനപ്പെട്ടത് ജലമാണ്. ജീവന്‍റെ തുടക്കം അതില്‍ നിന്നാണ്. 'ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത് '(21:30) എന്ന വചനം അത് സാക്ഷ്യപ്പെടുത്തുന്നു. സ്വച്ഛജലം മനുഷ്യന് ലഭ്യമാക്കിയതും പകരം വെക്കാനില്ലാത്ത ദൈവാനുഗ്രഹം തന്നെ (77:27). പ്രകൃതിവിഭവങ്ങളോടെല്ലാം വിശ്വാസി ഊഷ്മള ഹൃദയബന്ധം നിലനിര്‍ത്തേണ്ടതുണ്ട്.  അല്ലാഹുവിനോടും മനുഷ്യരോടുമുള്ള ബന്ധം പോലെ പ്രധാനമാണ് ഈ ബന്ധവും. രണ്ട് തരം പ്രപഞ്ച സങ്കല്‍പ്പങ്ങളാണ് പണ്ട് മുതല്‍ തന്നെ മനുഷ്യനുണ്ടായിരുന്നത്. മിതത്വ ബോധവും ഭോഗാസക്തിയുമാണവ. പ്രപഞ്ചത്തിലെ വിഭവങ്ങള്‍ തനിക്ക് ആര്‍മാദിച്ച് അനുഭവിക്കാനുള്ളതാണെന്ന ചിന്തയാണ് മനുഷ്യനെ ഭോഗാസക്തിയിലെത്തിക്കുന്നത്. അത് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്ന് ഖുര്‍ആന്‍ പറയുന്നു. 'അവര്‍ തിരിച്ചു പോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കുവാനും ആയിരിക്കും ശ്രമിക്കുക' (2:204) തന്നെപ്പോലെ ഇനി ജീവിക്കാനിരിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണ് പ്രകൃതിവിഭവങ്ങള്‍ എന്ന സൂക്ഷ്മതാ ബോധമാണ് മിതത്വ ചിന്തക്കാവശ്യം. പക്വവും അന്യൂനവുമായ ദൈവ വിശ്വാസം മാത്രമാണ് പ്രകൃതിയെയും അതിലെ വിഭവങ്ങളെയും താലോലിക്കാന്‍  മനുഷ്യനെ പ്രാപ്തനാക്കുന്നത്.

ഈ തലത്തില്‍ നിന്നായിരിക്കണം മതം പഠിപ്പിക്കുന്ന ജല വിനിയോഗ സംസ്കാരം വിലയിരുത്തേണ്ടത്. ജലത്തിന് ഖുര്‍ആന്‍ നല്‍കുന്ന മൂല്യം ശ്രദ്ധേയമാണ്. 'മുകളില്‍ നിന്ന് അനുഗൃഹീതമായ (ബറകത്ത്) ജലം നാം വര്‍ഷിച്ചിരിക്കുന്നു' (50:9) ആകാശത്ത് നിന്ന് ശുദ്ധമായ (ത്വഹൂര്‍) ജലം നാം ഇറക്കിയിരിക്കുന്നു'(25:48) ജീവന്‍റെയും  ജീവികളുടേയും നിലനില്‍പ്പിനാവശ്യമായ രണ്ട് ഘടകങ്ങളാണിത്. ജലത്തിന്‍റ നവീകരണത്തിനും ശുദ്ധീകരണത്തിനും മനുഷ്യന്‍ സ്വീകരിച്ചിരിക്കുന്നതിനേക്കാള്‍  മികച്ചതാണ് അല്ലാഹു ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങള്‍. ധാതുസമ്പുഷ്ടമായ മണ്ണിലാണ് അതിന്‍റെ എല്ലാ സ്രോതസ്സുകളും. മണ്ണ് ജലത്തെ നിരന്തരം വൃത്തിയാക്കി കൊണ്ടിരിക്കുന്നു. മലിന ജലം കുറച്ച് സമയം മണ്ണിലൂടെ ഒഴുകിയാല്‍ ശുദ്ധമാകുന്നു. മണ്ണിലെ വിവിധ ജൈവ ധാതുക്കള്‍ വെള്ളം സ്വാംശീകരിക്കുകയും ചെയ്യുന്നു.

'ജലം അമൂല്യമാണ്, പാഴാക്കരുത്' എന്നു പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇസ്‌ലാമിന്‍റെ നേര്‍ പ്രമേയമാണ്. എന്നാല്‍ വിശ്വാസികളടക്കം പൊതു സമൂഹം അത് എപ്പോഴും അവഗണിക്കുന്നു എന്നതാണ് സങ്കടകരം. നബി (സ) കാണിച്ച ഉല്‍കൃഷ്ട മാതൃക ഇവിടെ ശ്രദ്ധേയമാണ്. അദ്ദേഹം ഒരു സ്വാഅ(രണ്ട് ലിറ്റര്‍) വെള്ളം കൊണ്ട് കുളിക്കാറുണ്ടായിരുന്നു (ബുഖാരി).  ജലക്ഷാമമുള്ളത് കൊണ്ടായിരുന്നു അത് എന്ന് പറയാമെങ്കിലും, പ്രകൃതിവിഭവങ്ങള്‍ക്ക് പരിക്കേല്‍പിക്കാതെ ജീവിക്കുവാനുള്ള ജലവിനിയോഗ സംസ്ക്കാരം കൂടിയാണതില്‍ പ്രതിഫലിക്കുന്നത്. ജല ഉപയോഗം എത്രത്തോളം കുറക്കാം എന്നത് പ്രത്യേകം പരിശീലനം ആവശ്യമുള്ള ജീവിത ശീലമാണ്. ഉപഭോഗസംസക്കാരത്തിന്‍റെ മേധാവിത്വമുള്ള നമ്മുടെ സമൂഹം ആ വഴിക്ക് ചിന്തിക്കാന്‍ ഇനിയും സമയമെടുക്കും.

ശുദ്ധജലം കേവലം ദാഹജലം മാത്രമല്ല. ശരീരത്തിലെ വിവിധ ജൈവ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമാണതില്‍ അല്ലാഹു കരുതി വെച്ചിരിക്കുന്നത്. ' ഔഷധ ഗുണവും അതിനുണ്ട്. തണുത്ത ജലം നാം നിനക്ക് കുടിക്കാന്‍ നല്‍കിയില്ലേ' എന്നൊരു ചോദ്യം അന്ത്യനാളില്‍ നാം കേള്‍ക്കാനിരിക്കുന്നുണ്ട്. ദൈവബോധത്തില്‍ നിന്നാണ് ജൈവബോധം ഉണ്ടാകേണ്ടത് എന്നതാണ് ഈ നബിവചനം വ്യക്തമാക്കുന്നത്. 'നിങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം വറ്റിയാല്‍ ആരാണ് നിങ്ങള്‍ക്ക് ഒഴുകുന്ന ഉറവ ജലം നല്‍കുക?(67:30) എന്ന ചോദ്യവും  ഗൗരവതരമാണ്. ജലലഭ്യതക്ക് മുമ്പില്‍ മനുഷ്യന്‍റെ നിസ്സഹായത അവനെ ബോധ്യപ്പെടുത്തുകയാണ് ഈ ഖുര്‍ആന്‍ വചനം. 

വലിയ ഉത്തരവാദിത്തമാണ് (അമാനത്ത്) മനുഷ്യന്‍ ഏറ്റെടുത്തിരിക്കുന്നത്. വിശ്വാസം, ആരാധനകള്‍, സല്‍സ്വഭാവം എന്നിവ പോലെ തന്നെ പ്രധാനമാണ് ഈ അമാനത്തിന്‍റെ ഭാഗമായി പ്രകൃതിവിഭവങ്ങളോട് കാണിക്കേണ്ട നീതിപൂര്‍വ സമീപനവും.

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446