Skip to main content
gf

ജനപ്രതിനിധികളോട് സ്നേഹപൂര്‍വം

2021-2025 കാലത്തേക്ക്  കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. 941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ് കേരളത്തിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞു. നേതൃത്വത്തെയും വകുപ്പു ചുമതലക്കാരെയും നിശ്ചയിച്ചു. അംഗങ്ങള്‍ക്കാവശ്യമായ പരിശീലന ക്ലാസ്സുകള്‍ സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും നേതൃത്വത്തിലെത്തിയവരും ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരികയാണ്.

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തന്‍റെ പാര്‍ട്ടിക്കു വേണ്ടിയോ മുന്നണിക്കു വേണ്ടിയോ ആണ് ഓരോ സ്ഥാനാര്‍ഥിയും വോട്ടു തേടുന്നത്. എന്നാല്‍ ജയിച്ചു കഴിഞ്ഞാല്‍ അയാള്‍ പാര്‍ട്ടി പ്രതിനിധിയല്ല, ജനപ്രതിനിധിയാണ്. അയാള്‍ ആ വാര്‍ഡിലെ/ഡിവിഷനിലെ എല്ലാവരുടെയും പ്രതിനിധിയാണ്. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയും അയാളുടെ പാര്‍ട്ടിയും എതിരില്‍ മത്സരിച്ചവരും ഇതരപാര്‍ട്ടികളും എല്ലാം ഈ സത്യം ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം സാര്‍ഥകമാവുന്നത്.

എം.പി, എം.എല്‍.എ. എന്നിവരെക്കാള്‍ സമൂഹവുമായി നേരിട്ടു ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടവരാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രതിനിധികള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നിശ്ചയിക്കുന്ന ജനോപകാരപ്രദമായ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍വഹിക്കുവാനുള്ളത്.

തിരഞ്ഞെടുപ്പില്‍ ജയിച്ചവരാണല്ലോ ജനപ്രതിനിധികള്‍. ഈ വിജയത്തിന് മറ്റു വിജയങ്ങളെക്കാള്‍ പ്രാധാന്യമുണ്ട്. മത്സരപ്പരീക്ഷകളില്‍ വിജയിക്കുന്നത് വ്യക്തികളുടെ ബുദ്ധിയുടെയും ഓര്‍മശക്തിയുടെയും ഫലമായിട്ടാണ്. കായികക്ഷമതയുടെ വിജയമാണ് സ്പോര്‍ട്സ് എങ്കില്‍ സംഘപ്രവര്‍ത്തനത്തിന്‍റെ മികവാണ് ഗെയിംസിലെ വിജയത്തിന് നിദാനം. പ്രതിഭാധനത്വത്തിന്‍റെ തിളക്കമാണ് കലാരംഗത്തെ അംഗീകാരത്തിനു കാരണം. എന്നാല്‍ തിരഞ്ഞെടുപ്പിലെ വിജയം തന്‍റെ മികവു മാത്രമാണെന്ന് ജനപ്രതിനിധി കണക്കാക്കരുത്. ജനങ്ങള്‍ തങ്ങളുടെ 'സമ്മതി' ദാനം ചെയ്തുകൊണ്ടാണ് ഒരാളെ ഭരണപങ്കാളിയാക്കുന്നത്. അയാള്‍ ജനങ്ങള്‍ക്കു വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ടത് എന്ന അടിസ്ഥാന ബോധം ഓരോ ജനപ്രതിനിധിക്കും കൂടിയേ തീരൂ.

അഗതികള്‍, അനാഥകള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍, അവശ വാര്‍ധക്യത്തിലെത്തിയവര്‍ തുടങ്ങി സമൂഹത്തിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ എത്തിച്ചു കൊടുക്കുന്ന ജനസേവകരാണ് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍. അധികാരം അലങ്കാരമല്ല ഉത്തരവാദിത്വമാണ് എന്ന ബോധം ഭരണാധികാരികള്‍ക്ക് സദാ വേണമെന്നര്‍ഥം.

ജനസേവന രംഗത്ത് ജാതിമത സമൂഹ വിവേചനമരുത്. തന്‍റെ പാര്‍ട്ടിക്കാര്‍, എതിര്‍ പാര്‍ട്ടിക്കാര്‍ എന്ന പരിഗണന പാടില്ല. അര്‍ഹതയ്ക്കാണ് മുന്‍ഗണന. ഈ അടിസ്ഥാന ബോധം ഇല്ലാതാവുമ്പോള്‍ അനീതി തലപൊക്കുന്നു. ഒരു ഭരണാധികാരി ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം പ്രജകള്‍ക്കിടയില്‍ കാണിക്കുന്ന അനീതിയും വിവേചനവുമാണെന്ന് ജനപ്രതിനിധികള്‍ ഓര്‍ക്കണം.

Feedback