Skip to main content
SDD

ഹജ്ജിന്‍റെ ആത്മീയ ചൈതന്യം 

ഇസ്‌ലാമിൽ  വ്യക്തികള്‍ അനുഷ്ഠിച്ചിരിക്കേണ്ട നിര്‍ബന്ധ ആരാധനകളിലൊന്നാണ് ഹജ്ജ്. നമസ്കാരം, സകാത്ത്, നോമ്പ് എന്നിവയാണ് മറ്റു കര്‍മങ്ങള്‍. നമസ്കാരം, നോമ്പ് സകാത്ത് എന്നിവയില്‍ നിന്ന് വ്യതിരിക്തമാണ് ഹജ്ജ്. അത് ലോകത്ത് ഒരിടത്തു മാത്രമേ ചെയ്യാന്‍ കഴിയൂ; മക്കയില്‍. അവിടെ പോയി വരാന്‍ സാമ്പത്തിക-ശാരീരിക-സാങ്കേതിക സൗകര്യങ്ങള്‍ ഒത്തിണങ്ങിയവര്‍ക്ക് മാത്രമേ ഹജ്ജ് കര്‍മം നിര്‍ബന്ധമുള്ളൂ. മാത്രമല്ല ജീവിതത്തില്‍ ഒരു തവണ മാത്രമേ ഹജ്ജ് ചെയ്യാന്‍ ബാധ്യതയുള്ളൂ. ഐച്ഛികമായി കൂടുതല്‍ നിര്‍വഹിക്കാവുന്നതാണ്.

മതങ്ങള്‍ അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തങ്ങളാണെങ്കിലും അവ തമ്മില്‍ ചില സാമ്യങ്ങളും കാണാം. മാനവിക മൂല്യങ്ങളില്‍ മാത്രമല്ല കര്‍മങ്ങളിലും മൗലികമായ ഐകരൂപ്യവും പ്രയോഗ തലത്തില്‍ ഭിന്നതയുമാണുള്ളത്. തീര്‍ഥാടനം എല്ലാ മതങ്ങളിലും പുണ്യ പ്രവര്‍ത്തനമാണ്. എന്നാല്‍ മിക്ക മതങ്ങളിലും തീര്‍ഥാടനം ആചാര്യന്‍മാരുടെ ജന്മസ്ഥലത്തേക്കോ സമാധിസ്ഥലത്തേക്കോ ആണ് നടത്താറുള്ളത്. ഇസ്‌ലാമിൽ  തീര്‍ഥാടനം ആദര്‍ശ പ്രധാനവും ഏകദൈവ വിശ്വാസത്തില്‍ ഊന്നിക്കൊണ്ടുമുള്ളതാണ്. ഹജ്ജും ഉംറയും അല്ലാതെ മറ്റൊരു കര്‍മവും ഇങ്ങനെ ചെയ്യാന്‍ ഇസ്‌ലാം  നിര്‍ദേശിക്കുന്നില്ല. അത് മക്കയില്‍ മാത്രമേ പാടുള്ളുതാനും.

മനുഷ്യര്‍ക്കിടയിലെ സമഭാവനയാണ് ഹജ്ജിന്‍റെ ഒരു പ്രധാന ഊന്നല്‍. അല്ലാഹുവിനു മുമ്പില്‍ എല്ലാവരും തുല്യരാണെന്നും ഭക്തി മാത്രമാണ് അല്ലാഹുവിന്‍റെ തൃപ്തി ലഭിക്കാനുള്ള മാനദണ്ഡമെന്നും ഹജ്ജ് ഘോഷിക്കുന്നു. എന്നാല്‍ തങ്ങളുടെ ഗോത്രമഹിമയും വംശമാഹാത്മ്യവും വിളിച്ചു പറയാനായിരുന്നു ജാഹിലിയ്യാകാലത്തെ ഖുറൈശികള്‍ ഹജ്ജിനെ ഉപയോഗിച്ചത്. കഅ്ബയുടെ ആള്‍ക്കാരെന്നപേരില്‍ അഹങ്കരിക്കാനുള്ള വേദിയാക്കി ഹജ്ജിനെ അവര്‍ മാറ്റി. ഖുറൈശികള്‍ മാത്രമേ വസ്ത്രം ധരിച്ച് ത്വവാഫ് ചെയ്യാവൂ എന്നും തങ്ങള്‍ക്ക് അറഫയില്‍ നില്ക്കേണ്ടതില്ലെന്നും അവര്‍ തീരുമാനിച്ചു. കൂടാതെ കുറെ അനാചാരങ്ങളും അവര്‍ നടപ്പില്‍ വരുത്തി. ബലിമൃഗത്തിന്‍റെ രക്തം കഅ്ബയുടെ ചുമരില്‍ തേക്കുക, കൊട്ടും പാട്ടും നടത്തുക, ഹജ്ജ് കഴിഞ്ഞ് വീട്ടിലേക്ക് പിന്‍വാതിലിലൂടെ കടക്കുന്നതില്‍ പുണ്യം കാണുക, ഹജ്ജ് കഴിയുംവരെ കച്ചവടം നിഷിദ്ധമാക്കുക, നടന്ന് ഹജ്ജുചെയ്യല്‍ ഏറെ പുണ്യമായി ഗണിക്കുക തുടങ്ങി അത്യാചാര സമുച്ചയമായി ഹജ്ജ് അധഃപതിച്ചു. 

മുഹമ്മദ് നബി(സ്വ) ജനിച്ചതും അന്തിമപ്രവാചകനായി നിയുക്തനായതും ഇതേ മക്കയിലാണ്. അദ്ദേഹത്തിന്‍റെ പ്രബോധന ജീവിതത്തിലൂടെ ഇസ്‌ലാം  പൂര്‍ണമായി. ഭൂമിയിലെ പ്രഥമ ആരാധനാമന്ദിരം കേന്ദ്രമാക്കിയുള്ള ഹജ്ജ് കര്‍മം നബി(സ്വ) അംഗീകരിക്കുകയും ഇസ്‌ലാമിക അനുഷ്ഠാനത്തിന്‍റെ ഭാഗമാക്കുകയും ചെയ്തു. കാലാന്തരത്തില്‍ ഹജ്ജില്‍ വരുത്തിയ അരുതായ്മകള്‍ തിരുത്തി തൗഹീദിന്‍റെ വിളംബരമായി നബി(സ്വ) ഹജ്ജ് കര്‍മം ജനങ്ങളെ പഠിപ്പിച്ചുകൊടുത്തു.

മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ മാത്രമേ ഹജ്ജ് ചെയ്തിട്ടുള്ളൂ. ഒന്നിലേറെ ഹജ്ജ് ചെയ്യുന്നത് പുണ്യമാണ്. ഏറെ സമയവും സമ്പത്തും അധ്വാനവും ശ്രദ്ധയുമെല്ലാം വേണ്ട ആരാധന എന്നനിലയില്‍ ഹജ്ജിന് മഹത്തായ പുണ്യം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. അബൂഹുറയ്റ പറയുന്നു: "ഏത് കര്‍മമാണ് കൂടുതല്‍ ശ്രേഷ്ഠമായതെന്ന് തിരുമേനി(സ്വ)യോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കല്‍. അയാള്‍ വീണ്ടും ചോദിച്ചു. പിന്നെ ഏതാണ്. തിരുമേനി(സ്വ) പറഞ്ഞു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നടത്തുന്ന ത്യാഗം. പിന്നെ ഏതാണെന്ന് വീണ്ടും ചോദിക്കപ്പെട്ടു. നബി(സ്വ) ഉത്തരം നല്കി: സ്വീകാര്യയോഗ്യമായ നിലക്ക് നിര്‍വഹിച്ച ഹജ്ജ്" (ബുഖാരി).

Feedback