Skip to main content
gf

ഇസ്‌ലാം കവാടം; ഇസ്‌ലാം പഠനത്തിനൊരു വഴികാട്ടി

സൗരവര്‍ഷ ഗണനയനുസരിച്ചുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം വര്‍ഷാരംഭം ജനുവരി ഒന്നിനാണ്. പോയ വര്‍ഷത്തെ വിലയിരുത്താനും പുതുവര്‍ഷത്തിലെ പുതുമകളില്‍ പ്രതീക്ഷയര്‍പ്പിക്കാനും വിവേകമതികള്‍ ഈയവസരം ഉപയോഗപ്പെടുത്തുന്നു. 

2021ലെ പ്രഥമദിനത്തില്‍ ഓണ്‍ലൈന്‍ രംഗത്തേക്ക് കടന്നുവരുന്ന നവാതിഥിയാണ് 'ഇസ്‌ലാം കവാടം' എന്ന പേരില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഇസ്‌ലാമിക് ലൈബ്രറി.
ആധുനികസങ്കേതങ്ങളുടെ സഹായത്താല്‍ ഇസ്‌ലാമിന്‍റെ തനതായ രൂപം സമഗ്രമായും ആധികാരികമായും ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന സ്വതന്ത്ര സംരംഭമാണ് ഇസ്‌ലാം കവാടം ഓണ്‍ലൈന്‍ ലൈബ്രറി.

മതങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിവേചനമില്ലാതെ അഭിപ്രായ അനുഷ്ഠാന സ്വാതന്ത്ര്യം ഭരണഘടനാപരമായിത്തന്നെ നല്കപ്പെടുന്ന മതനിരപേക്ഷ ഇന്ത്യയില്‍ എല്ലാ മതങ്ങളെപ്പറ്റിയും അനുയായികള്‍ക്കെന്ന പോലെ ഇതര സമൂഹങ്ങള്‍ക്കും മനസ്സിലാക്കാന്‍ അവസരങ്ങളുണ്ടാകേണ്ടതുണ്ട്. ഇസ്‌ലാമിനെ മനസ്സിലാക്കാനാഗ്രഹിക്കുന്ന പ്രഥമപഠിതാവിനും ആഴത്തില്‍ പഠിക്കാനാഗ്രഹിക്കുന്ന ഗവേഷക വിദ്യാര്‍ഥിക്കും ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കിയവര്‍ക്കും ഇസ്‌ലാം കവാടം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 
പക്ഷപാതിത്വങ്ങള്‍ക്കും വിഭാഗീയതകൾക്കും സംഘടനാ താത്പര്യങ്ങള്‍ക്കും അതീതമായി ഇസ്‌ലാം വായിക്കപ്പെടേണ്ടതുണ്ട്. അതിനാല്‍ വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രാമാണികമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ ലബ്ധപ്രതിഷ്ഠരായ പണ്ഡിതന്‍മാര്‍ തയ്യാറാക്കിയ രചനകളാണ് ഇസ്‌ലാം കവാടത്തിന്‍റെ ഉള്ളടക്കം.

ഇസ്‌ലാം ഒരു സാമുദായിക മതമോ, അല്ലാഹു മുസ്‌ലിംകളുടെ മാത്രം ദൈവമോ അല്ല. മനുഷ്യസമൂഹത്തിനു വേണ്ടിയുള്ളതാണ് അത്. ഭാരതത്തിന്‍റെ ബഹുസ്വരതയില്‍ പരസ്പരം മനസ്സിലാക്കാനുള്ള അവസരം ലഭിക്കേണ്ടതുണ്ട്. ഇസ്‌ലാമിലെ വിശ്വാസാചാരാനുഷ്ഠാനങ്ങള്‍ മാത്രമല്ല സമൂഹക്ഷേമതത്പരമായ അതിന്‍റെ മാനവികതലങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ലോകസംസ്കാരത്തില്‍ ഇസ്‌ലാം ചെലുത്തിയ സ്വാധീനവും സര്‍വതലസ്പര്‍ശിയും സമ്പന്നവുമായ അതിന്‍റെ ഇന്നലെകളുടെ ബൃഹത്തായ ചരിത്രവും കവാടത്തിന്‍റെ പ്രധാന പ്രതിപാദ്യമാണ്. ഈ ദൗത്യം നിര്‍വഹിക്കാനുള്ള എളിയ ശ്രമമാണ് ഈ ഓണ്‍ലൈന്‍ സംരംഭം. വിവരാന്വേഷണങ്ങള്‍ക്ക് ഓണ്‍ലൈന്‍ വ്യാപകമായി അവലംബിക്കപ്പെടുന്ന കാലത്ത് പ്രത്യേകിച്ചും.
 
ഇസ്‌ലാം കവാടത്തിന്‍റെ ഉള്ളടക്കത്തിന് ഏതെങ്കിലും മദ്ഹബുകളുമായോ പ്രസ്ഥാനങ്ങളുടെ ചിന്താധാരകളുമായോ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. പ്രമാണങ്ങളോടാണ് പ്രതിബദ്ധത. സമകാലിക സംഭവങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കം അപ്ഡേറ്റ് ചെയ്യുകയും ശ്രദ്ധയില്‍പ്പെടുന്ന സ്ഖലിതങ്ങള്‍ അപ്പപ്പോള്‍ തിരുത്തുകയും ചെയ്യുന്നതാണ്. 

വര്‍ധിച്ച സന്തോഷത്തോടെ, അതിലേറെ ശുഭപ്രതീക്ഷയോടെ ഈ സംരംഭം ലോകത്തെവിടെയുമുള്ള മലയാളികള്‍ക്കായി ദൈവനാമത്തില്‍ സമര്‍പ്പിക്കട്ടെ.

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446