Skip to main content

ഇണയെ തെരഞ്ഞെടുക്കലും വിവാഹവും

സ്ത്രീ സ്വാതന്ത്ര്യവാദികള്‍ക്ക് താല്പര്യമില്ലാത്ത കാര്യമാണ് വിവാഹം. വിവാഹത്തോടെ സ്ത്രീയുടെ സ്വതന്ത്ര വളര്‍ച്ച മുരടിക്കുന്നു എന്നതാണ് അവരുടെ ന്യായം. ഇണയെ കണ്ടെത്തുന്നതുമുതല്‍ തുടങ്ങുന്ന നിയന്ത്രണങ്ങള്‍ മരണം വരെ അവള്‍ക്ക് അടിമത്തമാണത്രേ!  വിവാഹങ്ങള്‍ സാധാരണ മതചട്ടക്കൂടുകളിലാണ് നടക്കാറുള്ളത് എന്നതിനാലാണ് ഇത്തരം അസമത്വങ്ങളും വിവേചനങ്ങളും നിറഞ്ഞതാകുന്നത് എന്നും അതില്‍ ഇസ്‌ലാമാണ് സ്ത്രീയെ തീരെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്. പരിമിതമായ മനുഷ്യജ്ഞാനവും അപരിമേയമായ ദൈവികജ്ഞാനവും വേര്‍തിരിച്ചറിഞ്ഞാല്‍ ഈ രംഗത്തെ ഇസ്‌ലാമിക നീതി ബോധ്യമാകും. വിവാഹവും ദാമ്പത്യവുമായി ബന്ധപ്പെട്ട് ഇസ്‌ലാം സ്ത്രീക്ക് നല്കുന്ന അവകാശങ്ങള്‍ ആധുനിക സമൂഹത്തിനു പോലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇംഗ്‌ളീഷ് തത്വജ്ഞാനിയായ ഹാര്‍ബര്‍ട്ട് സ്‌പെന്‍സര്‍ എഴുതുന്നു: ''പതിനൊന്നാം നൂറ്റാണ്ടുവരെയും യൂറോപ്പില്‍, ഭര്‍ത്താവിന് സ്വന്തം ഭാര്യയെ വില്‍ക്കാന്‍ അവകാശമുണ്ടായിരുന്നു. പതിനൊന്നാം നൂറ്റാണ്ടില്‍ ചര്‍ച്ച് കോടതി ഉണ്ടാക്കിയ ഒരു നിയമപ്രകാരം ഭര്‍ത്താവിന് സ്വന്തം ഭാര്യയെ മറ്റൊരാള്‍ക്ക് വാടകയ്ക്ക് കൊടുക്കുന്നതിനും വിരോധമുണ്ടായിരുന്നില്ല.'

ഇണയെ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീക്ക് സ്വാതന്ത്യമുണ്ട്. വിവാഹമൂല്യം കിട്ടാനും വിവാഹത്തിന് വ്യവസ്ഥകള്‍ വെക്കാനും ജീവിതച്ചെലവുകള്‍ കിട്ടാനും സ്ത്രീക്ക് അവകാശമുണ്ട്. വൈകാരികമോ അല്ലാത്തതോ ആയ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ വിവാഹമോചനം നേടാനും സ്ത്രീക്ക് അര്‍ഹതയുണ്ട്. മോചനദ്രവ്യമായ മതാഅ്, കുഞ്ഞിന്റെ സംരക്ഷണചെലവ് എന്നിവയെല്ലാം ഇസ്‌ലാം അവള്‍ക്ക് വകവെച്ചു കൊടുത്തു. 
സ്ത്രീക്ക് ഇസ്‌ലാം നല്കുന്ന സ്വാതന്ത്ര്യം വിവാഹിതയാകുന്നതില്‍ പരിമിതമല്ല. പ്രായപൂര്‍ത്തിയാകുന്നതു വരെ വിവാഹം കഴിക്കപ്പെടാതിരിക്കാന്‍ സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. പക്വത എത്തിയതിനു ശേഷമേ വിവാഹം പാടുള്ളൂവെന്ന് ഖുര്‍ആന്‍ നിഷ്‌കര്‍ഷിച്ചതിനാലാണത് (4:6). അതുപോലെ പ്രായപൂര്‍ത്തിക്കു ശേഷവും സ്ത്രീയെയോ പുരുഷനേയോ  വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് അവകാശമില്ല. ഇസ്‌ലാമില്‍ വിവാഹം വളരെ പുണ്യമുള്ള കര്‍മമാണെങ്കിലും താത്പര്യമില്ലാത്തവരെ വിവാഹത്തിന് നിര്‍ബന്ധിക്കാന്‍ പാടില്ല. സ്ത്രീക്ക് ഇഷ്ടമില്ലാത്ത വരനെ അടിച്ചേല്‍പിക്കാനും ഇസ്‌ലാം രക്ഷിതാക്കള്‍ക്ക് അനുവാദം നല്കുന്നില്ല. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ)അരുളി: വിധവയെ അവളുമായി ആലോചിച്ചല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. കന്യകയെയും അവളുടെ സമ്മതം വാങ്ങിയ ശേഷമല്ലാതെ വിവാഹം ചെയ്തുകൊടുക്കരുത്. അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ, അവളുടെ സമ്മതം എങ്ങനെയാണ്? നബി(സ്വ) അരുളി: അവള്‍ മൗനം പാലിക്കല്‍ (ബുഖാരി). ആയിശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു. പ്രവാചകരെ, കന്യക ലജ്ജിക്കുകയില്ലേ? നബി(സ്വ) അരുളി: അവളുടെ തൃപ്തി അവളുടെ സമ്മതമാണ് (ബുഖാരി).

തന്റെ സമ്മതമില്ലാതെ നടന്ന വിവാഹം റദ്ദാക്കാന്‍ സ്ത്രീക്ക് അവകാശമുണ്ട്. ഖന്‍സാഇ(റ)നെ തന്റെ പിതാവ് രണ്ടാമത് വിവാഹം ചെയ്തു കൊടുത്തു. അതവര്‍ ഇഷ്ടപ്പെട്ടില്ല. നബി(സ്വ)യെ ഈ പ്രശ്‌നവുമായി സമീപിച്ചപ്പോള്‍ ആ വിവാഹം നബി(സ്വ) ദുര്‍ബലപ്പെടുത്തി (ബുഖാരി 5138). അബ്ദുല്ലാഹിബ്‌നു ബുറൈദ(റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: 'എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെക്കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി, എന്റെ അനുമതി കൂടാതെ, എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു' ഇതുകേട്ട പ്രവാചകന്‍(സ്വ) കാര്യം തീരുമാനിക്കാനുള്ള അവകാശം അവള്‍ക്കു നല്‍കി. അപ്പോള്‍ ആ സ്ത്രീ പറഞ്ഞു: 'എന്റെ പിതാവിന്റെ പ്രവൃത്തി ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ ഞാന്‍ ഇങ്ങനെ ചെയ്തത് ഇക്കാര്യത്തില്‍ പിതാക്കള്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണ്' (ഇബ്‌നുമാജ).

വിവാഹസമയത്ത് അവളുടെ സുരക്ഷയും ഭാവിയുമായി ബന്ധപ്പെട്ട ന്യായമായ നിബന്ധനകള്‍ വെക്കാനും അവള്‍ക്ക് അവകാശമുണ്ട്. രണ്ടാം വിവാഹം കഴിക്കരുത്, പഠനം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം തുടങ്ങിയവ ഇങ്ങനെ കരാര്‍ചെയ്താല്‍ മറ്റേതു കരാറിനെക്കാളും അത് പാലിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. ഉഖ്ബ(റ) പറയുന്നു: നബി(സ്വ) അരുളി: ഒരു സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടി നിങ്ങള്‍ നല്‍കുന്ന വ്യവസ്ഥകളാണ് കരാറുകളില്‍ വെച്ച് നിറവേറ്റുവാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ബാധ്യതയുള്ളത് (ബുഖാരി).

Feedback