സ്ത്രീയെയും പുരുഷനെയും ജീവിതത്തിന്റെ ആനന്ദാനുഭൂതിയിലേക്ക് ആനയിക്കപ്പെടുന്ന വേളയാണ് വിവാഹം. ആരോഗ്യകരമായ ലൈംഗിക ബന്ധമാണ് ദാമ്പത്യത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. മനുഷ്യപ്രകൃതിയില്‍ നിലീനമായിട്ടുള്ള ലൈംഗികതയുടെ ആവശ്യത്തെ പരിഗണിച്ചും അനുവദനീയമായ മാര്‍ഗത്തില്‍ വൈകാരികശമനത്തിന് പരിഹാരം കാണാനുമാണ് പ്രകൃതിമതമായ ഇസ്‌ലാം മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. വിശുദ്ധഖുര്‍ആനിലെ അധ്യാപനങ്ങളുടെയും പ്രവാചക തിരുമേനി(സ്വ)യുടെ തിരുമൊഴികളുടെയും അടിസ്ഥാനത്തില്‍ ഇസ്‌ലാം വരച്ചുകാണിക്കുന്ന നിയമാതിര്‍ത്തികളെ കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. അതിനെ അതിലംഘിച്ചാല്‍ മനുഷ്യന്‍ ലൈംഗിക അരാജകത്വത്തിലേക്ക് നീങ്ങാനും അതുവഴി വൃത്തിഹീന സംസ്‌കാരത്തിലെത്തിച്ചേരാനും എളുപ്പമായിരിക്കും. അതുകൊണ്ടുതന്നെ രതിവൈകൃതങ്ങള്‍ ഇസ്‌ലാം നിന്ദ്യവും പാപവുമായികാണുന്നു.
മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ പക്വതയുടെ തലത്തിലേക്ക് എത്തുന്നത് നിരവധി പഠനാനുഭവങ്ങളുടെ വികാസ പരിണാമ ഘട്ടങ്ങള്‍ തരണം ചെയ്തു കൊണ്ടാണ്. സദാചാര ബന്ധിതമായ ലൈംഗിക ജീവിതത്തിലേക്ക് വിവാഹത്തിലൂടെ വഴിതെളിയുമ്പോള്‍ തന്നെ ചുറ്റുപാടുകളുടെ പ്രേരണയും ദുഃസ്വാധീനവും സാഹചര്യങ്ങളുടെ സമ്മര്‍ദവും ലൈംഗിക വ്യതിചലന(sexual perversions)ങ്ങളിലേക്ക് അവനെ നയിക്കാനുള്ള സാധ്യത ഏറെയാണ്.
വ്യക്തിയുടെ ലൈംഗികാസക്തിയെ എങ്ങനെ എപ്പോള്‍ ആരിലൂടെ തൃപ്തിപ്പെടുത്തണം എന്ന അതിരടയാളങ്ങള്‍ മതം നിഷ്‌കര്‍ഷിച്ചു തരുമ്പോള്‍ മാത്രമേ രതിവൈകൃതങ്ങളിലേക്ക് മനുഷ്യന്‍ നീങ്ങാതിരിക്കൂ. രതിവൈകൃതങ്ങളിലേക്ക് മനുഷ്യന്‍ നീങ്ങാതിരിക്കാനുള്ള സാഹചര്യത്തെക്കൂടി ഇല്ലാതാക്കി ലൈംഗിക അരാജകത്വ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദൈവിക മാര്‍ഗദര്‍ശനങ്ങള്‍ക്കേ കഴിയുകയുള്ളൂ. ആരോഗ്യപരവും മാനശ്ശാസ്ത്രപരവുമായ ചികിത്സാമുറകളിലൂടെ രതിവൈകൃതങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് പ്രഥമ ബാധ്യതയാണ്. സര്‍വോപരി ചൊവ്വായ മതത്തിന്റെ ശുദ്ധ പ്രകൃതിയെ അംഗീകരിച്ചു കൊണ്ട് സ്രഷ്ടാവിന് സമ്പൂര്‍ണമായി വിധേയമാവാന്‍ വിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്.
എല്ലാ വ്യക്തികളിലും ഒരളവോളം ലൈംഗിക അസാമാന്യതകളുടെ അംശം ഉണ്ടായിരിക്കുമെന്ന് മനഃശാസ്ത്രജ്ഞന്മാരും ലൈംഗിക ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു. സ്വാഭാവികമായ ലൈംഗിക സംതൃപ്തി കൈവരിക്കുന്നതിനുള്ള സാധ്യതകളും സാഹചര്യങ്ങളും ഇല്ലാത്തവരില്‍ ഇത്തരം ലൈംഗികവ്യാപാരങ്ങള്‍ കാണാനുള്ള സാധ്യത കൂടുതലാണ്. മനഃശാസ്ത്ര സമീപനത്തിലൂടെ മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ (കൗണ്‍സലിംഗ്) നല്‍കി ഇങ്ങനെയുള്ളവരെ അതില്‍ നിന്ന് മോചിപ്പിച്ചെടുക്കേണ്ടതുണ്ട്. വിശ്വാസികളുടെ സ്വഭാവഗുണമായി അല്ലാഹു എണ്ണിപ്പറഞ്ഞതില്‍ പെട്ടതാണ് ലൈംഗിക ധാര്‍മികത. 'തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരത്രെ അവര്‍. തങ്ങളുടെ ഭാര്യമാരുമായോ തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധമൊഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. എന്നാല്‍ അതിനപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍' (വി.ഖു 23:5-7).