ശിശുവിന്റെ ശരീര പുഷ്ടിയിലും മാനസികവുമായ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് മുലപ്പാല്‍. മുലകുടിയിലൂടെ ശിശുവിനും മാതാവിനും ഇടയില്‍ മാതൃത്വത്തിന്റെ വൈകാരികബന്ധം ഊഷ്മളമാവുന്നു. അതുകൊണ്ടു തന്നെ രക്തബന്ധത്തില്‍ വിവാഹം നിരോധിക്കപ്പെട്ടവരെപ്പോലെത്തന്നെ മുലകുടി ബന്ധത്തിലൂടെയും വിവാഹംചെയ്യാന്‍ പാടില്ലാത്തവരുണ്ട്. ഒരാണ്‍ശിശു ഒരന്യ സ്ത്രീയുടെ മുലകുടിച്ചാല്‍ ആ കുട്ടി അവളെ ഉമ്മയുടെ സ്ഥാനത്താണ് കാണേണ്ടത്. ഒരു പെണ്‍ശിശു ഒരു അന്യസ്ത്രീയുടെ മുലകുടിച്ചാല്‍ ആ കുട്ടിക്ക് അവള്‍ ഉമ്മയുടെ സ്ഥാനത്താണ്. അപ്പോള്‍ ആ ഉമ്മയുടെ രക്തബന്ധത്തില്‍പ്പെട്ട പുരുഷന്മാര്‍ക്കൊന്നും ഈ പെണ്‍കുട്ടിയെയും വിവാഹം ചെയ്യാന്‍ പാടില്ല. അല്ലാഹു പറയുന്നു: ''നിങ്ങളെ മുലയൂട്ടിയ മാതാക്കളെയും മുലകുടി ബന്ധത്തില്‍പെട്ട നിങ്ങളുടെ സഹോദരികളെയും നിങ്ങള്‍ വിവാഹം ചെയ്യല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (4:23).
ഒരു സ്ത്രീ ഒരാള്‍ക്ക് മുലയൂട്ടിയാല്‍ ആ സ്ത്രീ അയാളുടെ മാതാവും അവളുടെ പുത്രിമാര്‍ അയാളുടെ സഹോദരിമാരും ഭര്‍ത്താവ് പിതാവും ഭര്‍ത്താവിന്റെ സഹോദരീ സഹോദരങ്ങള്‍ അയാളുടെയും പിതൃസഹോദരീ സഹോദരന്മാരുമായി പരിഗണിക്കപ്പെടുന്നു. മുലകുടിച്ച ആള്‍ക്കു മാത്രം ബാധകമായ ഈ ബന്ധം മുലകുടിച്ച ആളുടെ സഹോദരന്മാരുമായോ പിതാവുമായോ മാറ്റാരുമായോ യാതൊരു ബന്ധവും ഈ സ്ത്രീക്ക് ഉണ്ടാവുന്നില്ല. അനന്തര സ്വത്തുമായി ബന്ധപ്പെടാത്തതാണ് ഈ മുലകുടി ബന്ധം. വിവാഹ ബന്ധത്തില്‍ മാത്രമാണ് ഇത് പരിഗണിക്കപ്പെടുന്നത്.
മുലകുടി ബന്ധത്തില്‍ പെട്ടവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല. വിവാഹാനന്തരം ആണ് മുലകുടി ബന്ധം ഓര്‍മവരുന്നത് എങ്കില്‍ താമസം കൂടാതെ ആ ബന്ധം വേര്‍പെടുത്തുകയും വേണം. 'ഉത്ബതുബ്‌നു ഹാരിസ് അബൂഇഹാബിന്റെ പുത്രി ഉമ്മു റയ്ഹാനയെ വിവാഹം ചെയ്തതറിഞ്ഞപ്പോള്‍ ഒരു പ്രായം ചെന്ന സ്ത്രീ അവരോട് പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കിരുവര്‍ക്കും മുലയൂട്ടിയിട്ടുണ്ടല്ലോ? ഈ അവസരത്തില്‍ പ്രവാചകന്‍ അവരുടെ വിവാഹബന്ധം വേര്‍പെടുത്തി' (സ്വഹീഹുബ്‌നുഹിബ്ബാന്‍ 4218).
മാതാക്കള്‍ പൂര്‍ണമായി രണ്ടു വര്‍ഷം തങ്ങളുടെ സന്താനങ്ങള്‍ക്ക് മുല കൊടുക്കണമെന്നാണ് (2:233) അല്ലാഹുവിന്റെ കല്പന. അതുകൊണ്ട് രണ്ടുവയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ ഒരു സ്ത്രീയുടെ മുലകുടിച്ചാല്‍ മാത്രമാണ് മുലകുടിബന്ധം സ്ഥാപിതമാകുന്നത്. വിശപ്പടങ്ങുന്ന നിലക്ക് മുലകുടിച്ചാല്‍ മാത്രമേ ഈ ബന്ധം സ്ഥാപിതമാവുകയുള്ളൂ. ആഇശ(റ) പറയുന്നു: വിശപ്പിന് ശമനം ഉണ്ടായാലാണ് മുലകുടിയാകുന്നത് (സ്വഹീഹുമുസ്‌ലിം 1455).
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: രണ്ട് വര്‍ഷത്തിനു താഴെയാണ് മുലകുടിബന്ധം സ്ഥാപിതമാകുന്നത് (ബുലൂഗുല്‍മാറം 340).