Skip to main content

രക്തബന്ധുക്കള്‍

രക്തബന്ധുക്കളില്‍ പെട്ട ഏഴുവിഭാഗം സ്ത്രീകളെ യാതൊരു കാരണവശാലും വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. ഈ ഗണത്തില്‍ പെടുന്നവര്‍ ആരാണെന്ന് അല്ലാഹു വ്യക്തമായി പറഞ്ഞുതന്നിട്ടുണ്ട്. മാതാക്കള്‍, പുത്രിമാര്‍, സഹോദരിമാര്‍, പിതൃസഹോദരിമാര്‍, മാതൃസഹോദരിമാര്‍, സഹോദരസഹോദരീ പുത്രിമാര്‍ (4:23) എന്നിവരാണവര്‍.

സ്ഥിരമായ നിരോധനത്തിന്റെ പരിധിയില്‍ വരുന്ന ഏഴുവിഭാഗം സ്ത്രീകളില്‍ ആദ്യം എണ്ണിയത് മാതാവിനെയാണ്. സ്വന്തം മാതാവ്, മാതൃസഹോദരിമാര്‍, മാതാവിന്റെ മാതാവ്, പിതാവിന്റെ ഭാര്യമാര്‍, പിതാവിന്റെ ഉമ്മ, അവരുടെ ഉമ്മ എന്നിവരെല്ലാം മാതാക്കളില്‍ ഉള്‍പ്പെടുന്നു. ധാര്‍മിക വിശുദ്ധിക്കും സദാചാരനിഷ്ഠമായ ജീവിതത്തിനുമാണ് മതം പ്രാധാന്യം കല്പിക്കുന്നത്. അതിനാല്‍ ഒരു പിതാവും പുത്രനും ഒരു സ്ത്രീയില്‍ രതിസുഖം അനുഭവിക്കുവാന്‍ മതം അനുവാദം നല്‍കുന്നില്ല. പിതാവിന്റെ ഭാര്യയെയോ പുത്രന്റെ ഭാര്യയെയോ വിവാഹം ചെയ്യുന്നത് മതം നിരോധിക്കാന്‍ കാരണം അതുതന്നെയാണ്. സ്വന്തം പെണ്‍മക്കള്‍, സ്വന്തം ആണ്‍ മക്കളുടെയും പെണ്‍മക്കളുടെയും പെണ്‍മക്കള്‍, അവരുടയെും പെണ്‍മക്കളായി താഴോട്ടുവരുന്ന പൗത്രിമാര്‍ എന്നിവരെ വിവാഹം ചെയ്യാവതല്ല. പിതാവും മാതാവും ഒത്ത സഹോദരിമാര്‍, പിതാവ് മാത്രമൊത്തെ സഹോദരിമാര്‍, മാതാവ് മാത്രമൊത്ത സഹോദരിമാര്‍ എന്നിവരെയും വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. പിതൃസഹോദരിമാരെയും വിവാഹം ചെയ്യാന്‍ പാടില്ല.

ഉപ്പയും ഉമ്മയും ഒത്ത സഹോദരന്റെ പെണ്‍മക്കളും ഉപ്പ മാത്രം ഒത്ത സഹോദരന്റെ പെണ്‍മക്കളും സഹോദരപുത്രിമാര്‍ എന്ന ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഇവരെയും വിവാഹം ചെയ്യാന്‍ പാടില്ലാത്തതാണ്. സ്വന്തം പുത്രിമാരുടെ സ്ഥാനവും പവിത്രതയും തന്നെയാണ് ഇവര്‍ക്കുമുള്ളത്.

മാതൃസഹോദരിയുടെ (ഇളയുമ്മ,മൂത്തമ്മ)യും പിതൃസഹോദരിയുടെയും (അമ്മായി) പുത്രിമാരെയും മാതൃസഹോദരന്റെയും (അമ്മാവന്‍) പിതൃസഹോദരന്റെയും (ഇളയുപ്പ,മൂത്താപ്പ) പുത്രിമാരെയും വിവാഹം ചെയ്യാവുന്നതാണ്.
 

Feedback