Skip to main content

മിശ്രവിവാഹം

ജാതിമതഭേദമില്ലാതെ വ്യത്യസ്ത മത വിഭാഗത്തില്‍പെട്ടവര്‍ തമ്മില്‍ നടക്കുന്ന വിവാഹത്തിനാണ് മിശ്രവിവാഹം എന്ന് പറയുന്നത്. ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതികള്‍ തമ്മില്‍ നടത്തപ്പെടുന്ന വിവാഹത്തിനും ഇങ്ങനെ പറയാറുണ്ട്. ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ ആദര്‍ശപരമായി യോജിപ്പുള്ളവര്‍ തമ്മിലാണ് വിവാഹിതരാവേണ്ടത്. വിരുദ്ധ ആദര്‍ശങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ ഒത്തുജീവിക്കുന്നത് ജീവിതത്തിന്റെ സന്തോഷവും സമാധാനവും നഷ്ടപ്പെടുത്തും. അതിനാല്‍ ഒരു വിശ്വാസി ബഹുദൈവവിശ്വാസിനിയെ വിവാഹം ചെയ്യരുത്. വിശ്വാസിനിയെ അവിശ്വാസിക്ക് വിവാഹം ചെയ്തുകൊടുക്കാനും പാടില്ല.

അല്ലാഹു പറയുന്നു: ''ബഹുദൈവവിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതുവരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്-അവര്‍വിശ്വസിക്കുന്നതുവരെ- നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. സത്യവിശ്വാസിയായ ഒരടിമയാണ് ബഹുദൈവവിശ്വാസിയേക്കാള്‍ നല്ലത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു (2:221).

വേദക്കാരില്‍പെട്ട ജൂതക്രിസ്ത്യാനി സ്ത്രീകളെ വിവാഹം ചെയ്യാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ വേദക്കാര്‍ മുസ്‌ലിം സ്ത്രീകളെ വിവാഹം ചെയ്യാന്‍ പാടുള്ളതല്ല. ഇസ്‌ലാമിക ആദര്‍ശവുമായി ഏറെ അടുത്തു നില്‍ക്കുന്ന ഇവരോട് ചില കാര്യങ്ങളില്‍ ബഹുദൈവാരധകരില്‍ നിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. 

Feedback