ഇസ്രാഈലിനും അമേരിക്കക്കും എതിരായി ചങ്കുറപ്പോടെ നിലകൊണ്ട ഒരു ഭരണാധികാരി എന്നതാണ് സദ്ദാം ഹുസൈന്‍ എന്ന മുന്‍ ഇറാഖ് പ്രസിഡന്റിന്റെ ജനപ്രിയത വര്‍ധിപ്പിക്കുന്നത്. 'കൂട്ടക്കൊലയ്ക്കുള്ള ആയുധങ്ങള്‍ ഒരുക്കിക്കൊണ്ട് ഇറാഖ് ലോകത്തിനെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നു' എന്ന ആരോപണമുയര്‍ത്തി ഐക്യരാഷ്ട്ര സേനയുടെ പിന്തുണയോടെ അമേരിക്ക നടത്തിയ അധിനിവേശം ഒടുവില്‍ സദ്ദാമിന്റെ കഴുത്തില്‍ കൊലക്കയര്‍ വീഴ്ത്തിയ ശേഷമാണ് കെട്ടടങ്ങിയത്.
വടക്കന്‍ ഇറാഖില്‍ ടൈഗ്രീസ് നദിക്കരയിലുള്ള തിക്രിത്ത് പട്ടണത്തില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള അല്‍അവ്ജ ഗ്രാമത്തില്‍ ഹുസൈന്‍ അല്‍മജീദിന്റെയും സുബഹ് തുല്‍ഫയുടെയും മകനായി 1937 ഏപ്രില്‍ 28ന് സദ്ദാം ജനിച്ചു. മുഴുവന്‍ പേര് സദ്ദാം ഹുസൈന്‍ അബ്ദുല്‍ മജീദ് അല്‍ തിക്രിത്. ചെറുപ്പത്തിലേ പിതാവ് മരിച്ചു. പിന്നീട് അമ്മാവനായ ഖൈറുല്ല തുല്‍ഫയുടെ സംരക്ഷണയിലാണ് വളര്‍ന്നത്.
ഇരുപതാം വയസ്സില്‍ 1957ല്‍ സദ്ദാം ബഅസ് പാര്‍ട്ടിയില്‍ അംഗമായി. അറബ് രാഷ്ട്രങ്ങളെ ഏകീകരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പാര്‍ട്ടിയാണ് ബഅസ് പാര്‍ട്ടി.
അതേ വര്‍ഷം ജൂലൈ 14ന് അബ്ദുല്‍ കരീം ഖാസിമിന്റെ നേതൃത്വത്തില്‍ ഒരു സംഘം സൈനികര്‍ ഫൈസല്‍ രാജാവിനെയും രാജകുടുംബങ്ങളെയും വെടിയുണ്ടക്കിരയാക്കി. തുടര്‍ന്ന് ഖാസിമിന്റെ നേതൃത്വത്തില്‍ ഇറാഖില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ബാത്ത് പാര്‍ട്ടിയുടെയും പിന്തുണ ഖാസിമിനുണ്ടായിരുന്നു. എന്നാല്‍ അറബ് ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചതോടെ പാര്‍ട്ടിയുടെ നോട്ടപ്പുള്ളിയായി. 1959ല്‍ സദ്ദാമും സംഘവും അന്നത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍ കരീം ഖാസിമിനെ വധിക്കാന്‍ ശ്രമം നടത്തി. ബഅസ് പാര്‍ട്ടി നിലപാടുകളോട് യോജിക്കാത്ത ഖാസിമിന്റെ കടുത്ത നിലപാടുകളും ഇറാഖിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള അദ്ദേഹത്തിന്റെ അടുപ്പവുമായിരുന്നു വധശ്രമത്തിനു കാരണം. ഖാസിമിന്റെ ഡ്രൈവര്‍ കൊല്ലപ്പെടുകയും പ്രത്യാക്രമണത്തില്‍ സദ്ദാമിന്റെ കാലിനു വെടിയേല്ക്കുകയും ചെയ്തു. സദ്ദാമിന്റെ സംഘത്തിലുണ്ടായിരുന്നവര്‍ പലരും പിടിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്തു. പിടികൊടുക്കാതെ സദ്ദാം സിറിയയിലേക്കും പിന്നീട് ഈജിപ്തിലെ കെയ്‌റോയിലേക്കും രക്ഷപ്പെട്ടു.
1963ല്‍ ഖാസിം ഭരണകൂടം അട്ടിമറിക്കപ്പെട്ടപ്പോള്‍ സദ്ദാം ഇറാഖിലേക്ക് തിരികെയെത്തിയെങ്കിലും പാര്‍ട്ടിക്കകത്തെ പോരു മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തു. ജയിലിലിരിക്കെ തന്നെ സദ്ദാം രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ടു. 1966ല്‍ റീജ്യണല്‍ കമാന്‍ഡിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ജയില്‍ മോചനത്തിനും അത് വഴി തുറന്നു. രാഷ്ട്രീയത്തിലെ തന്റെ ശക്തി തെളിയിക്കുന്ന ദിനങ്ങളായിരുന്നു പിന്നീട്.
ബഅസ് പാര്‍ട്ടിയെ അധികാരത്തില്‍ കൊണ്ടുവന്ന 1968ലെ സൈനിക അട്ടിമറിയുടെ ഒരു പ്രധാന സംഘാടകന്‍ സദ്ദാം ആയിരുന്നു. ഈ സൈനിക അട്ടിമറി ആണ് ബഅസ് പാര്‍ട്ടിയെ ദീര്‍ഘകാല ഭരണത്തിലേക്ക് കൊണ്ടുവന്നത്. തന്റെ അമ്മാവനായ പ്രസിഡന്റ് അഹ്മദ് ഹസന്‍ അല്‍ബക്കറിന്റെ കീഴില്‍ ഉപരാഷ്ട്രപതി ആയിരുന്ന സദ്ദാം ഹുസൈന്‍ സര്‍ക്കാരും സൈന്യവുമായുള്ള ഭിന്നതകള്‍ ശക്തമായി നിയന്ത്രിച്ചു. ശക്തവും ക്രൂരവുമായ സുരക്ഷാസേനയെ നിര്‍മ്മിച്ച സദ്ദാം തന്റെ അധികാരം സര്‍ക്കാരിനു മുകളില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിലും വിജയിച്ചു.
1979ല്‍ സിറിയയെയും ഇറാഖിനെയും യോജിപ്പിക്കാനുള്ള ശ്രമം നടത്തി സദ്ദാമിനെ നിരായുധനാക്കാനുള്ള പ്രസിഡന്റ് ഹസന്‍ അല്‍ ബക്‌റിന്റെ നടപടി സദ്ദാമിനെ ചൊടിപ്പിച്ചു. അല്‍ ബക്‌റിനെക്കൊണ്ട് രാജി വെപ്പിച്ച് 1979 ജൂലൈ 16ന് പ്രസിഡന്റ് പദം സദ്ദാം ഹുസൈന്‍ ഏറ്റെടുത്തു. അധികാരമേറ്റെടുത്ത് ഒരാഴ്ചക്കുള്ളില്‍ വിളിച്ചു ചേര്‍ത്ത ബഅസ് പാര്‍ട്ടി യോഗത്തില്‍ നിന്ന് നേരത്തെ തയ്യാറാക്കിയ പട്ടിക പ്രകാരം സദ്ദാമിനെതിരായി പ്രവര്‍ത്തിച്ചുവെന്ന് കണ്ടെത്തിയ 68 പേരെ അറസ്റ്റ് ചെയ്തു. നിരന്തരമായ വിചാരണകള്‍ക്ക് വിധേയമാക്കി ഇവരില്‍ 22 പേര്‍ക്ക് വധശിക്ഷ നല്കുകയും ചെയ്തു.
പ്രസിഡന്റായ ശേഷം ഒരു ശക്തമായ സര്‍ക്കാര്‍ എന്ന സന്ദേശം നല്കാനാണ് സദ്ദാം ശ്രമിച്ചത്. രാജ്യത്ത് ശക്തിയും സ്ഥിരതയും സദ്ദാം ഉറപ്പിച്ചു. മധ്യപൗരസ്ത്യമേഖലയുടെ സമാധാനം കെടുത്തിയ ഇറാന്‍ þþþ ഇറാഖ് യുദ്ധം (1980þþþ 1988), കുവൈത്ത്, സുഊദി അറേബ്യ എന്നീ രാജ്യങ്ങള്‍ക്ക് നേരെയുള്ള ഗള്‍ഫ് യുദ്ധം (1991) എന്നിവ സദ്ദാമിന് പ്രസിദ്ധിയും കുപ്രസിദ്ധിയും ആവോളം നല്കി.
ഇറാഖില്‍ സദ്ദാം അധികാരത്തിലേറുന്ന അതേ കാലത്താണ് അയല്‍ രാജ്യമായ ഇറാനില്‍ ആയത്തുല്ലാ ഖുമൈനിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ലവം വിജയിക്കുന്നത്. ശീആ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ച ഇറാനിലെ സംഭവ വികാസങ്ങള്‍ ഇറാഖിലേക്കും പടരാതിരിക്കാനും എണ്ണ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനും ലക്ഷ്യമിട്ട് 1980 സെപ്തംബര്‍ 22ന് സദ്ദാം ഇറാനിലെ ഖുസസ്താന്‍ കയ്യേറാന്‍ ഇറാഖീ സൈനികരോട് ഉത്തരവിട്ടു. പിന്നീട് ഒരു ദശാബ്ദത്തോളം നീണ്ടു നിന്ന രക്തച്ചൊരിച്ചിലുകളില്‍ ഇരുപക്ഷത്തു നിന്നും ആയിരക്കണക്കിന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. ഒടുവില്‍ 1988 ആഗസ്ത് 20നാണ് വെടിനിര്‍ത്തല്‍ ഫലപ്രദമായി നിലവില്‍ വന്നത്.
യുദ്ധം കൊണ്ട് സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരുന്ന ഇറാഖിനെ രക്ഷിക്കാന്‍ സദ്ദാം കണ്ടെത്തിയ മാര്‍ഗ്ഗം, 'ചരിത്രപരമായി ഇറാഖിന്റെ ഭാഗമെന്ന് അവകാശപ്പെട്ടു കൊണ്ടിരുന്ന' അയല്‍ രാജ്യമായ കുവൈത്തിനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുക എന്നതായിരുന്നു. 1990 ആഗസ്ത് രണ്ടിന് കുവൈത്ത് പിടിച്ചടക്കാന്‍ സദ്ദാം ഉത്തരവിട്ടു. ഇറാഖിനെതിരെ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തി.
ഐക്യരാഷ്ട്ര സേനയുടെയും അമേരിക്കന്‍ സേനയുടെയും നേതൃത്വത്തില്‍ സഖ്യസേന നടത്തിയ തിരിച്ചടിയില്‍ ഇറാഖീ സൈന്യത്തിന് 1991 ഫെബ്രുവരിയോടെ കുവൈത്തില്‍ നിന്ന് പിന്‍മാറേണ്ടി വന്നു.
തന്റെ ഭരണത്തെ അസ്ഥിരപ്പെടുത്തുന്ന മുന്നേറ്റങ്ങളെയെല്ലാം സദ്ദാം അടിച്ചമര്‍ത്തി. പ്രത്യേകിച്ചും വര്‍ഗീയമായ വിഭജനങ്ങളുടെ പേരില്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ട വംശീയ മതപരമായ മുന്നേറ്റങ്ങളെ സദ്ദാം ശക്തമായി അടിച്ചമര്‍ത്തി.
ബഅസ് പാര്‍ട്ടിയുടെ തലവന്‍ ആയിരുന്ന അദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ മതേതര അറബ് വാദം, സാമ്പത്തിക പരിഷ്‌കാരങ്ങള്‍, അറബ് സോഷ്യലിസം എന്നിവ ഇറാഖ് സ്വീകരിച്ചു. ഇറാഖിനെ നവീകരിക്കുന്നതിനും അറബ് ഉപഭൂഖണ്ഡത്തില്‍ ഇറാഖിനു സ്ഥിരത നല്‍കുന്നതിനും സദ്ദാമിന്റെ ഭരണം ഒരളവോളം സഹായിച്ചു. സുന്നി ഇറാഖികളുടെ ഇടയിലും അറബ് വംശജരുടെ ഇടയിലും അദ്ദേഹം ഒരു ജനകീയ നായകനായി തുടര്‍ന്നു.
രാസായുധം സംഭരിച്ചുകൊണ്ട് ഇറാഖ് അമേരിക്കയെ ആക്രമിക്കാന്‍ പോകുന്നു എന്ന് ആരോപിച്ചുകൊണ്ട് 2003 മാര്‍ച്ച് 20ന് അമേരിക്ക ഇറാഖ് അധിനിവേശം ആരംഭിച്ചു. ഒരു വര്‍ഷം മുമ്പ് ഇറാഖ്, ഇറാന്‍, നോര്‍ത്ത് കൊറിയ എന്നീ രാജ്യങ്ങളെ 'ചെകുത്താന്റെ അച്ചുതണ്ടായി' വിശേഷിപ്പിച്ച് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് അധിനിവേശത്തിന് ന്യായീകരണം നടത്തിത്തുടങ്ങിയിരുന്നു. അധിനിവേശത്തിന് പ്രധാന കാരണമായി പറഞ്ഞ രാസായുധ ശേഖരം ഇറാഖില്‍ നിന്ന് കണ്ടെടുക്കാന്‍ അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ക്കോ അമേരിക്കയ്‌ക്കോ സാധിച്ചതുമില്ല.
2003ലെ അമേരിക്കയുടെ സൈനിക അധിനിവേശം അദ്ദേഹത്തെ ഭരണത്തില്‍ നിന്നും നിഷ്‌കാസിതനാക്കി. സദ്ദാം 2003 ഡിസംബര്‍ 13നു പിടിക്കപ്പെട്ടു. നവംബര്‍ 5, 2006ല്‍ അദ്ദേഹത്തെ മനുഷ്യത്വത്തിനെതിരായി ഉള്ള കുറ്റങ്ങളുടെ പേരില്‍ വധശിക്ഷക്ക് വിധിച്ചു. സദ്ദാമിന്റെ അപ്പീല്‍ ഇറാഖിലെ പരമോന്നത കോടതി 2006 ഡിസംബര്‍ 26നു തള്ളി. സദ്ദാം ഹുസൈന്‍ 2006 ഡിസംബര്‍ 30ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റപ്പെട്ടു.
കൊലക്കയറിനു മുന്നിലെ അവസാന നിമിഷങ്ങളിലും സദ്ദാം ഹുസൈന്‍ അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചതെന്ന് മരണത്തിന് ദൃക്‌സാക്ഷിയായ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.