അല്ലാഹു മനുഷ്യന്നു നല്കിയ മഹത്തായ ഒരു അനുഗ്രഹമാണ് ആരോഗ്യം. രോഗങ്ങളില്ലാത്തതും ശരീരത്തിനും മനസ്സിനും ഒരു പോലെ സുഖം തോന്നുന്നതുമായ അവസ്ഥയാണ് ആരോഗ്യം എന്ന പദംകൊണ്ടുദ്ദേശ്യം. ആരോഗ്യത്തെ സമ്മാനമായി മനസ്സിലാക്കണമെന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. ആരോഗ്യവും ശക്തിയും സമ്പത്തിനേക്കാള്‍ വലിയ അനുഗ്രഹമാണെന്നും പ്രവാചകന്‍ പഠിപ്പിച്ചു. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെക്കുറിച്ചുള്ള ഭയവും തഖ്‌വയുമുള്ള ഒരാളെ സംബന്ധിച്ചിടത്തോളം സമ്പത്തുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ ആരോഗ്യം ദൈവഭക്തന്മാരെ സംബന്ധിച്ചിടത്തോളം സമ്പത്തിനേക്കാള്‍ വലിയ അനുഗ്രഹമാകുന്നു (മുസ്‌നദു അഹ്മദ് 5/372).
രോഗം മനുഷ്യന്റെ ഊര്‍ജസ്വലത നഷ്ടപ്പെടുത്തുകയും ശാരീരികമായും മാനസികമായും അവനെ തളര്‍ത്തുകയും ചെയ്യുന്നു. വ്യത്യസ്ത അസുഖങ്ങളാല്‍ കിടപ്പിലായവരും വേദന കടിച്ചമര്‍ത്തുന്നവരും മരുന്നുകളാല്‍ ജീവിക്കുന്നവരും പ്രായഭേദമന്യേ ദിനേന വര്‍ധിച്ചു വരികയാണ്. ഇത്രയധികം രോഗങ്ങള്‍ക്കിടയിലും ആരോഗ്യവാന്മാരായി ജീവിക്കുന്നവര്‍ മഹത്തായ അനുഗ്രഹത്തിനുടമകളാണ്. നബി(സ്വ) പറഞ്ഞു: ''ആരെങ്കിലും തന്റെ വിരിപ്പില്‍ നിര്‍ഭയനായി, ശാരീരിക സുഖമുള്ളവനായി നേരം പുലരുന്നുവെങ്കില്‍ അവന്‍ ദുന്‍യാവ് മുഴുവനായും നേടിയവനെപ്പോലെയാണ്'' (തിര്‍മിദി: 2346, ഇബ്‌നുമാജ: 4141).
മനുഷ്യജീവിതത്തിന് മഹത്തായ ഒരു ലക്ഷ്യമുള്ളതിനാല്‍ ഈ അനുഗ്രഹത്തെ പ്രയോജനപ്പെടുത്തണമെന്നാണ് ഇസ്‌ലാമികാധ്യാപനം. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു: നബി(സ്വ) പറയുകയുണ്ടായി: ''രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ മിക്ക ആളുകളും അനാസ്ഥ കാണിക്കുന്നു; ആരോഗ്യവും ഒഴിവു സമയവുമാണവ''(ബുഖാരി, തിര്‍മിദി). അതിനാല്‍മനുഷ്യബുദ്ധിയുടെയും പ്രകൃതിയുടെയും തേട്ടം പോലെ ഇസ്‌ലാം ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം കല്പിച്ചിട്ടുണ്ട്. ആരോഗ്യത്തിന് അപകടം വരുത്തുന്നതും മനുഷ്യന്റെ ഇതരമേഖലകളിലുള്ള പ്രയത്‌നങ്ങള്‍ക്ക് തടസ്സവുമാവുന്ന രൂപത്തിലേക്ക് ആരാധനകള്‍ മാറുന്നതിനെയും ഇസ്‌ലാം വിലക്കിയത് ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായാണ്.