ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്നു വിവക്ഷിക്കുന്നത്. ബാഹ്യമോ ആന്തരികമോ ആയ കാരണങ്ങളാല്‍ രോഗങ്ങള്‍ വരാം. രോഗങ്ങള്‍ പരത്തുന്നതില്‍ രോഗാണുക്കള്‍ക്ക് വലിയ പങ്കുണ്ട്. കൂടാതെ ശരീരത്തിനുള്ളിലെ സംവിധാനങ്ങളുടെ താളപ്പിഴകള്‍ കാരണവും രോഗങ്ങള്‍ വന്നേക്കാം. രോഗപ്രതിരോധ സംവിധാനം സ്വശരീരത്തിനെതിരെ തിരിയുമ്പോഴുണ്ടാകുന്ന അസുഖങ്ങള്‍ ഇതിനുദാഹരണമാണ്. പരിക്കുകള്‍, വൈകല്യങ്ങള്‍, സിന്‍ഡ്രോമുകള്‍, രോഗാണു ബാധകള്‍, സ്വഭാവ വ്യതിയാനങ്ങള്‍, മനുഷ്യരുടെ ശരീരഘടനയിലെ അസ്വാഭാവിക വ്യതിചലനങ്ങള്‍ എന്നിവയും രോഗമായി കണക്കാക്കാവുന്നതാണ്. ശാരീരികാസുഖങ്ങള്‍ക്കു പുറമെ മാനസിക രോഗങ്ങളും മനുഷ്യനെ ബാധിക്കാറുണ്ട്.
അല്ലാഹുവിന്റെ പരീക്ഷണമായാണ് ഇസ്‌ലാം രോഗത്തെ കണക്കാക്കുന്നത്. കൂടെ രോഗം വന്നാല്‍ ചികിത്സിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇസ്‌ലാം അനുശാസിക്കുന്നു. അതൊന്നും ദൈവഭക്തിക്കോ മതബോധത്തിനോ എതിരല്ല. രോഗങ്ങളില്‍ നിന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുകയും ചികിത്സ നടത്താതിരിക്കുന്നതും രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളുണ്ടാക്കുന്നതും വിലക്കിയിട്ടുമുണ്ട്.
രോഗത്തില്‍ വ്യാകുലപ്പെട്ട് നിരാശനായിരിക്കുന്നത് ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല. ക്ഷമിക്കുകയും ദൈവത്തില്‍ ഭരമേല്പിക്കുകയും ചെയ്തുകൊണ്ട് ചികിത്സ തേടുന്നവര്‍ക്ക് വലിയ പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം നല്കുന്നത്. ചികിത്സ നടത്തുന്നത് ധര്‍മാനുസൃതമായിരിക്കണം. യഥാര്‍ഥ ആശ്വാസദായകന്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ്. അതിനാല്‍ എല്ലാ ചികിത്സക്കുമുപരിയായി നാഥനോടു കൂടുതല്‍ അടുക്കുവാനും പ്രാര്‍ഥിക്കുവാനുമാണ് നബി(സ്വ) പഠിപ്പിച്ചത്. ഇബ്‌റാഹീം നബി(അ) പറഞ്ഞതായി അല്ലാഹു പറയുന്നു: ''എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് ആ രോഗം മാറ്റുന്നവന്‍ (26:80).