മതങ്ങളെല്ലാം മുന്നോട്ടു വെക്കുന്ന നന്മകള്‍ മൂന്നു പ്രധാന മൗലികാശയങ്ങളില്‍ ഊന്നിയുള്ളതാണ്. സത്യം, ധര്‍മം, നീതി എന്നിവയാണവ. നിരീശ്വര നിര്‍മത പ്രസ്ഥാനങ്ങളുടെ വക്താക്കള്‍ പോലും സമൂഹത്തില്‍ സമാധാന ജീവിതം കളിയാടണമെങ്കില്‍ വീക്ഷണങ്ങളിലും നിലപാടുകളിലും സത്യത്തിന്റെ പാര്‍ശ്വം മുറുകെപ്പിടിക്കണമെന്ന് അംഗീകരിക്കുന്നവരാണ്. അസത്യങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് അരാജകത്വങ്ങളും അശാന്തിയും വിതയ്ക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായമില്ല. എന്നാല്‍ സത്യശുദ്ധമായ വിശ്വാസത്തിന്റെ അനുയായികള്‍ക്ക് പോലും വാക്കുകളിലും പ്രവൃത്തികളിലും നയനിലപാടുകളിലും സത്യസന്ധത മുറുകെ പ്പിടിക്കാന്‍ കഴിയുന്നില്ല. മിക്കപ്പോഴും അവന്‍ അസത്യത്തിന്റെ പ്രചാരകരോ പ്രയോക്താക്കളോ ആയി മാറുന്ന വിരോധാഭാസമാണ് കാണാന്‍ കഴിയുന്നത്.
പഞ്ചേന്ദ്രിയങ്ങളുടെ വിവേകപൂര്‍ണമായ വിനിയോഗമാണ് വിശേഷബുദ്ധികൊണ്ട് അനുഗൃഹീതനായ മനുഷ്യനെ ഇതര സൃഷ്ടികളില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്. ബുദ്ധികൂര്‍മതയും യുക്തിചിന്തയുമൊക്കെ മനുഷ്യനുണ്ടാകുമ്പോഴും അസത്യം കൊണ്ട് അവന്റെ വ്യക്തിത്വം കളങ്കപ്പെട്ടാല്‍ ഈ സമൂഹത്തിലെ ഉത്കൃഷ്ട പദവി അവന് നഷ്ടമാവും. കലര്‍പ്പില്ലാത്ത ഏകദൈവ വിശ്വാസത്തിന്റെ വഴിയെ ജീവിതത്തില്‍ സംസ്‌കരണം സാധ്യമാക്കാന്‍ വിശ്വാസികള്‍ക്ക് മാത്രമാണ് കഴിയുന്നത്. വാക്കിലും നോക്കിലും മറ്റു പ്രവൃത്തികളിലും അല്ലാഹു സദാ തന്നെ നിരീക്ഷിക്കുകയും മലക്കുകള്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന വിശ്വാസമാണ് അവനില്‍ സംസ്‌കരണ ബോധമുണ്ടാക്കുന്നത്. നിജസ്ഥിതിയറിയാതെ സംസാരിക്കുന്നതും കളവ് കലര്‍ന്ന വര്‍ത്തമാനങ്ങള്‍ പറയുന്നതും കാപട്യത്തിന്റെ അടയാളമായി നബി(സ്വ) പഠിപ്പിച്ചു തന്നിട്ടുണ്ട്. അറിവില്ലാത്ത കാര്യങ്ങളെ പിന്തുണയ്ക്കുന്നതും അതനുസരിച്ച് പ്രകീര്‍ത്തിക്കുന്നതും അസത്യത്തിന്റെ കെടുതികള്‍ നമ്മളനുഭവിക്കാന്‍ നിമിത്തമായിതീരും. അല്ലാഹു നിഷ്‌കര്‍ഷിക്കുന്നു. 'നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്'(17:36). സത്യം പറയുമ്പോള്‍ ചില സന്ദര്‍ഭങ്ങളില്‍ മാനഹാനിയും ജീവഹാനി പോലും സംഭവിച്ചേക്കാം. സമയവും സദസ്സും നോക്കാതെ സത്യമെല്ലാം പറയണമെന്നല്ല ഈ പറഞ്ഞതിന്റെ സാരം. അത് സമാധാനാന്തരീക്ഷത്തിന് വരെ അപകടപ്പെടുത്തുന്ന ദുര്‍ഗതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോവും. അബൂഹുറയ്‌റ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: ''കള്ളം പറയുന്നവനാകാന്‍ കേട്ടത് മുഴുവന്‍ പ്രചരിപ്പിച്ചാല്‍ മതി'' (മുസ്‌ലിം). അവിവേകിയായ ഒരാള്‍ വല്ല വാര്‍ത്തയും കൊണ്ടുവന്നാല്‍ അതിന്റെ നിജസ്ഥിതി വ്യക്തമായി അറിയാതെ അത് മറ്റൊരാളോട് ഏറ്റുപറഞ്ഞാല്‍ അത് ഖേദപൂര്‍വമായ പര്യവസാനമാണ് ഉണ്ടാക്കിവെക്കുന്നത് എന്ന് വിശുദ്ധഖുര്‍ആന്‍ (49:6) ഓര്‍മ്മപ്പെടുത്തുന്നു.
വാര്‍ത്തകള്‍ ലഭിച്ച സ്രോതസ്സുകളെക്കുറിച്ച് യാതൊരു അന്വേഷണവുമില്ലാതെ അര്‍ധസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിക്കുകയോ, അസത്യങ്ങളെ കൂടുതലാളുകളിലേക്ക് പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് സമൂഹമാധ്യമങ്ങള്‍ നല്ല ഒരു ഇടമാണ്. നബി(സ്വ) പറഞ്ഞ വാക്ക് സ്മരണീയമത്രെ. നബി(സ്വ) മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ച് ചോദിച്ചു. ഏറ്റവും വലിയ വന്‍പാപം എന്തെന്ന് ഞാന്‍ അറിയിച്ച് തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു. അതേ പ്രവാചകരെ, അവിടുന്ന് പറഞ്ഞു. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കുക, മാതാപിതാക്കളെ കഷ്ടപ്പെടുത്തുക, തിരുമേനി ചാരിയിരിക്കുകയായിരുന്നു. പിന്നീട് നിവര്‍ന്നിരുന്ന് ഇങ്ങനെ തുടര്‍ന്നു: കളവ് പറയലും കള്ള സാക്ഷ്യം വഹിക്കലും. എന്നിട്ട് അവിടുന്ന് നിര്‍ത്തിയെങ്കില്‍ എന്ന് ഞങ്ങള്‍ പറയുവോളം അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു'' (മുത്തഫഖുന്‍ അലൈഹി).
വാക്കുകളില്‍ അസത്യം കലരാതിരിക്കാനുള്ള സൂക്ഷ്മത പോലെത്തന്നെ പ്രവൃത്തികളിലും വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ട്. അസ്മാഅ്(റ)പറയുന്നു: ഒരിക്കല്‍ ഒരു സ്ത്രീ പറഞ്ഞു. പ്രവാചകരേ, എനിക്ക് ഒരു സഹകളത്ര (ഭര്‍ത്താവിന്റെ മറ്റൊരു ഭാര്യ) ഉണ്ട്. ഭര്‍ത്താവില്‍ നിന്ന് കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കല്‍ കുറ്റകരമാണോ? നബി(സ്വ) പറഞ്ഞു. കിട്ടാത്ത എന്തെങ്കിലും കിട്ടിയതായി അഭിനയിക്കുന്നവന്‍ കളവിന്റെ രണ്ട് വസ്ത്രം ധരിക്കുന്നതിന് തുല്യമാണ് (മുത്തഫഖുന്‍ അലൈഹി).
സംസാരത്തില്‍ കളവ് കലരുന്നതു പോലെ വാക്ക് പാലിക്കാതിരിക്കുന്നതും വഞ്ചിക്കുന്നതുമെല്ലാം അസത്യം പ്രവൃത്തികളിലും നയ നിലപാടുകളിലുമെല്ലാം സ്വാധീനം ചെലുത്തുന്നതിന്റെ അടയാളമാണ്. അതാവട്ടെ നബി(സ്വ) കാപാട്യത്തിന്റെ ലക്ഷണങ്ങളായി പഠിപ്പിച്ചു തരികയും ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: സത്യം പറയല്‍ നന്മയിലേക്കും നന്മ സ്വര്‍ഗത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ സത്യം പറയുന്ന ശീലം വളര്‍ത്തുന്നപക്ഷം അല്ലാഹുവിങ്കല്‍ അവന്‍ തികഞ്ഞ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. കള്ളംപറയുന്ന ശീലം ദുര്‍വൃത്തിയിലേക്കും ദുര്‍വൃത്തി നരകത്തിലേക്കും നയിക്കും. ഒരു മനുഷ്യന്‍ കള്ളം പറയാന്‍ തുടങ്ങിയാല്‍ അവസാനം ഏറ്റവും അധികം കള്ളം പറയുന്നവനായി അവന്റെ പേര് അല്ലാഹുവിങ്കല്‍ രേഖപ്പെടുത്തും(ബുഖാരി).