Skip to main content

ഉപഭോക്താവിന്റെ അവകാശങ്ങള്‍

'വിപണിയിലെ രാജാവാണ് ഉപഭോക്താവ്' എന്നാണ് നിയമം. പക്ഷേ, ഉപഭോക്താക്കള്‍ എല്ലാ അര്‍ഥത്തിലും ഇന്ന് വിപണിയുടെ അടിമകളാണ്. ആവശ്യക്കാരനായ ഉപഭോക്താവ് ഉടമസ്ഥനായ കച്ചവടക്കാരനുമുമ്പില്‍ പലപ്പോഴും റാന്‍മൂളേണ്ടി വരുന്ന അവസ്ഥയാണ് ലോക ഉപഭോക്തൃദിനം ആചരിക്കാനും ഉപഭോക്തൃനിയമങ്ങള്‍ ആവിഷ്‌കരിക്കാനും കാരണമായത്. 1962 മാര്‍ച്ച 15ന് അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി പാര്‍ലമെന്റില്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ചു നടത്തിയ പ്രഭാഷണമാണ് 1983 മുതല്‍ ഈ ദിവസം അന്താരാഷ്ട്ര ഉപഭോക്തൃദിനമായി നിശ്ചയിക്കാന്‍ കാരണം. 1986ല്‍ നിലവില്‍ വന്ന ഉപഭോക്തൃസംരക്ഷണ നിയമമാണ് ഇന്ത്യയില്‍ ഉപഭോക്താക്കളുടെ അവകാശങ്ങളെ കുറിച്ച് സമൂഹത്തില്‍ ഏറെ അവബോധമുണ്ടാക്കിയത്. ഉപഭോക്താക്കള്‍ക്ക് വളരെ ചെലവു കുറഞ്ഞ രൂപത്തില്‍ പരാതി ബോധിപ്പിക്കാനും കേസുനടത്താനുമുള്ള സൗകര്യമുണ്ടാക്കി എന്നതാണ് ഈ നിയമത്തിന്റെ ഏറ്റവും വലിയ നേട്ടം. ഈ നിയമ പ്രകാരം ഉത്പന്നത്തിന്റെയും സേവനത്തിന്റെയും ന്യൂനത, നിലവാരക്കുറവ്, കള്ളപ്പരസ്യങ്ങള്‍ എന്നിവക്കെതിരെ ഉപഭോക്താവിന് സാമ്പത്തിക ബാധ്യതയില്ലാതെ, സ്വന്തമായി വകീലിനെ നിയമിക്കാതെ കമ്മീഷനെ സമീപിക്കാനും നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാനും കഴിയും. നിയമം ഉദാരമായതോടെ ഉപഭോക്താക്കള്‍ക്ക് ധാരാളം സൗകര്യങ്ങള്‍ ലഭിച്ചെങ്കിലും എല്ലാ നിയമങ്ങളും മറികടക്കാനുള്ള വിപണിയുടെ കരുത്തും ധര്‍മബോധമില്ലാത്ത സമൂഹവുമായതിനാല്‍ നിയമങ്ങള്‍ ഫലം കാണാതെ പോകുന്നു. ഭൗതികമായ മാനദണ്ഡങ്ങളിലുണ്ടാക്കുന്ന എല്ലാ നിയമങ്ങളുടെയും പരിമിതിയാണിത്.

ഉപഭോക്താവിന്റെ അവകാശങ്ങളെക്കുറിച്ച ബോധം വളരെ പുരാതനമാണെങ്കിലും ആധുനിക കാലഘട്ടത്തില്‍ നിയമങ്ങള്‍ രൂപപ്പെടുന്നതുവരെ കൃത്യമായ വ്യവസ്ഥ ഈ രംഗത്തുണ്ടായിരുന്നില്ലെന്നതാണ് ശരി. എന്നാല്‍ ഇസ്‌ലാം ധാര്‍മികതയിലൂന്നിയ ഉപഭോക്തൃ അവകാശങ്ങള്‍ പതിനാലു നൂറ്റാണ്ടു മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇവ തലനാരിഴ കീറി ചര്‍ച്ചചെയ്തിട്ടുമുണ്ട്. ഉപഭോക്താവിനെ ചതിയില്‍ നിന്നും ചൂഷണത്തില്‍ നിന്നും സംരക്ഷിക്കുക എന്നതാണ് ഉപഭോക്തൃ നിയമങ്ങളുടെ ലക്ഷ്യം. അതുസാക്ഷാത്കരിക്കാനായി ഇസ്‌ലാം മുന്നോട്ടുവെച്ച ചില അടിസ്ഥാന കാര്യങ്ങള്‍ ഇവയാണ്. 

1. അറിയാനുള്ള അവകാശം. 
താന്‍ വാങ്ങുന്ന വസ്തുവിന്റെ ഗുണം, അളവ്, വില, പ്രയോജനം എന്നിവ കൃത്യമായി അറിയാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. ഇവ അവ്യക്തമാകാന്‍ സാധ്യതയുള്ള എല്ലാ കച്ചവടവും നബി(സ്വ) നിരോധിച്ചു. ചരക്ക് കാണാതെയുള്ള കച്ചവടം, കുളത്തിലെ മത്സ്യം, മരത്തിലെ പൂ, മൂപ്പെത്താത്ത ഫലം  എന്നിങ്ങനെയുള്ള കച്ചവടങ്ങള്‍ നിരോധിക്കപ്പെട്ടി രിക്കുന്നു. 

അബൂ സിബാഇല്‍ പറഞ്ഞു: ഞാന്‍ വാഇലതു ബിന്‍ അസ്ഖഇന്റെ വീട്ടില്‍ നിന്ന് ഒരു ഒട്ടകത്തെ വാങ്ങി. ഞാനതിനെയും കൊണ്ടു പുറപ്പെട്ടപ്പോള്‍ നീ അതു വാങ്ങിയതാണോ എന്നൊരാള്‍ ചോദിച്ചു. അതേ എന്ന് പറഞ്ഞപ്പോള്‍ അതെന്തിനുള്ളതാണെന്ന് നിനക്കറിയാമോ എന്നയാള്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു. ഇത് നല്ല തടിയുള്ള ഒട്ടകമാണെന്ന് മാത്രം എനിക്കറിയാം. താങ്കള്‍ യാത്രയാണോ മാംസമാണോ ഉദ്ദേശിച്ചതെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍ യാത്രയാണ് ഉദ്ദേശിച്ചതെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഇത് ഉടമയ്ക്കു തന്നെ തിരിച്ചു കൊടുക്കുക എന്ന് പറഞ്ഞു. അതിന്റെ ഉടമയോട് പറഞ്ഞു. ഞാന്‍ ഇതുപോലത്തെ ഒന്നല്ല ഉദ്ദേശിച്ചത്. നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. എന്തെങ്കിലും വില്‍പന നടത്തുമ്പോള്‍ അത് എന്തിനാണെന്ന് വ്യക്തമാക്കാതെ വില്‍പന നടത്തല്‍ അനുവദനീയമല്ല. അത് എന്തിനാണെന്ന് അറിഞ്ഞവന്‍ അത് വ്യക്തമാക്കുകയും വേണം (സഹീഹുത്തര്‍ഗീബ്, അല്‍ബാനീ).

2. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. 
ഉപഭോക്താവ് ഏതെങ്കിലും ചരക്ക് വാങ്ങാനോ വിക്രേതാവ് വില്‍ക്കാനോ നിര്‍ബന്ധിക്കപ്പെടരുത്. തനിക്ക് ഇഷ്ടമുള്ളത് ഇഷ്ടമുള്ള ഇടത്തുനിന്നും വാങ്ങാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നോക്കിയതിന്റെയും അന്വേഷിച്ചതിന്റെയും പേരില്‍ ഉപഭോക്താവിനെ ഒരു വസ്തു വാങ്ങാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല. നിര്‍ബന്ധിക്കപ്പെട്ടതിന്റെ പേരില്‍ നടന്ന ഇടപാട് ദുര്‍ബലമാക്കാന്‍ അവകാശമുണ്ട്.

3. വിലപേശാനുള്ള അവകാശം. 
വസ്തുവിന്റെ വില കുറച്ചു കിട്ടുന്നതിന് ആവശ്യപ്പെടാന്‍ ഉപഭോക്താവിന് അവകാശമുണ്ട്. വസ്തുവിന് കൂടുതല്‍ വില കിട്ടാന്‍ വേണ്ടി ലേലം അനുവദനീയമായതു പോലെയാണ് വിലപേശാനുള്ള അവകാശവും. വിലകുറച്ചു ചോദിച്ചതിന്റെ പേരില്‍ ക്രേതാവ് വിമര്‍ശിക്കപ്പെടാന്‍ പാടില്ല.

4. നഷ്ടം വകവെച്ചു കിട്ടുക. 
താന്‍ വാങ്ങിയ വസ്തുവിന്റെ വാഗ്ദാനം ചെയ്യപ്പെട്ട ഗുണത്തിലോ ഗണത്തിലോ മാറ്റം വന്നതായി ഉപഭോക്താവിന് പരാതിയുണ്ടെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം ലഭിക്കാനോ മാറ്റി ലഭിക്കാനോ അര്‍ഹതയുണ്ടായിരിക്കും. കൂടാതെ വിറ്റ വസ്തു അവിചാരിത കാരണങ്ങളാല്‍ നശിച്ചുപോയാലും താന്‍ വാങ്ങിയ സംഖ്യ തിരിച്ചുകൊടുക്കാന്‍ വിക്രേതാവിനോട് ഇസ്‌ലാം ആവശ്യപ്പെടുന്നു. നീ നിന്റെ സഹോദരന് വിറ്റ ഫലം അത്യാപത്താല്‍ നശിച്ചുപോയാല്‍ അതിന്റെ വിലയില്‍ നിന്ന് നീ ഒന്നും വാങ്ങരുത്, ന്യായമില്ലാതെ എങ്ങനെയാണ് സഹോദരന്റെ ധനം വാങ്ങുക എന്ന് നബി(സ്വ) പറഞ്ഞത് നിര്‍ബന്ധമായിട്ടല്ല, പുണ്യകര്‍മം എന്ന നിലയിലാണെങ്കിലും ഏറെ ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്.

5. കച്ചവടത്തില്‍ നിന്ന് പിന്മാറാനുള്ള സ്വാതന്ത്ര്യം. 
വിറ്റത് തിരിച്ചെടുക്കാനും തിരിച്ചുകൊടുക്കാനുമുള്ള അവകാശമാണിത്. വിറ്റ വസ്തുവിന് പ്രത്യേക ന്യൂനതകളില്ലെങ്കിലും അത് ഉപഭോക്താവ് റദ്ദു ചെയ്താല്‍ വിക്രേതാവ് അത് സ്വീകരിക്കണം. അതുപോലെ ഉപഭോക്താവിനോട് കച്ചവടക്കാരന്‍ അത് തിരിച്ചു ചോദിച്ചാല്‍ നല്കുകയും വേണം. ഇത് മഹത്തായ പുണ്യമായാണ് നബി(സ്വ) പഠിപ്പിക്കുന്നത്. ഒരു വസ്തു തിരിച്ചു നല്കിയാല്‍ അവന്റെ അബദ്ധം അല്ലാഹുവും ഒഴിവാക്കി കൊടുക്കും. ചതി, കള്ളം, ന്യൂനത എന്നിവ കാരണത്താലെല്ലാം കച്ചവടം ദുര്‍ബലപ്പെടുത്താന്‍ ഇരുകക്ഷികള്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും.

കച്ചവടം നടന്ന സ്ഥലത്തു നിന്ന് നീങ്ങുന്നതുവരെയാണ് ഇങ്ങനെ  അസാധുവാക്കാനുള്ള അവകാശം നിലനില്‍ക്കുക. നബി(സ്വ) പറഞ്ഞു: ''രണ്ട് ഇടപാടുകാര്‍ പരസ്പരം പിരിയുന്നതുവരെ അവര്‍ക്ക് പിന്മാറാന്‍ സ്വാതന്ത്ര്യമുണ്ട്. അവര്‍ സത്യം പറയുകയും തെളിയിക്കുകയും ചെയ്താല്‍ ഇരുവര്‍ക്കും അവരുടെ കച്ചവടത്തില്‍ അനുഗ്രഹമുണ്ട്. മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താല്‍ ഇരുവരുടെയും അനുഗ്രഹങ്ങള്‍ മായ്ക്കപ്പെട്ടു''(ബുഖാരി). കൂടാതെ കച്ചവടത്തില്‍ ഒരാള്‍ക്കോ രണ്ടുപേര്‍ക്കുമോ അത് ദുര്‍ബലപ്പെടുത്താന്‍ അവകാശമുണ്ടെന്ന് വ്യവസ്ഥ ചെയ്യാവുന്നതാണ്. ഇങ്ങനെ വ്യവസ്ഥചെയ്ത കാലം വരെ ഈ സ്വാതന്ത്ര്യം നിലനില്‍ക്കും.  ചരക്കില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തിരിച്ചെടുക്കാന്‍ വിക്രേതാവിന് ബാധ്യതയില്ല.

Feedback