പലിശ ഇടപാട് നടത്തുന്ന ഒരാളില്‍ നിന്ന് ഹദ്യ്യ സ്വീകരിക്കാമോ?
മറുപടി : ജൂതന്‍മാര്‍ പലിശ തിന്നിരുന്നില്ലേ? അല്ലാഹു പറഞ്ഞു: ''ജൂതന്‍മാരുടെ അതിക്രമം കാരണം അവര്‍ക്ക് അനുവദിക്കപ്പെട്ട നല്ല വസ്തുക്കള്‍ നാം ഹറാമാക്കി. അവര്‍ തങ്ങള്‍ക്ക് നിരോധിക്കപ്പെട്ട പലിശ വാങ്ങിയതു കൊണ്ടും-ജനങ്ങളുടെ ധനം നിയമ വിരുദ്ധമായ നിലയില്‍ തിന്നതു കൊണ്ടും'' (അന്നിസാഅ്).
യഹൂദര്‍ ഇങ്ങനെയായിരുന്നിട്ടും നബി(സ്വ) അവര്‍ സമ്മാനിക്കുന്നത് സ്വീകരിച്ചിരുന്നു. ഖൈബറില്‍ ഒരു ജൂതസ്ര്ത്രീ സമ്മാനിച്ച ആടിനെ നബി സ്വീകരിക്കുകയും അവരുമായി ഇടപാട് നടത്തുകയും ചെയ്തു. അദ്ദേഹം മരണപ്പെടുമ്പോള്‍ പടയങ്കി ഒരു ജൂതന്റെയടുക്കല്‍ പണയത്തിലായിരുന്നു. അതിനാല്‍ ഞാന്‍ മനസ്സിലാക്കിയ ഒരു തത്വമുണ്ട്. സമ്പാദിക്കുന്നത് മുഖേന ഹറാമാകുന്നത് സമ്പാദിച്ചവന്നു മാത്രമാണു ബാധകം. അനുവദനീയമായ മാര്‍ഗത്തിലൂടെ അത് എടുത്തവന്ന് അത് ഹറാമല്ല. ഇതനുസരിച്ച് പലിശ ഇടപാട് നടത്തുന്നവരില്‍ നിന്നും ഹദ്‌യ സ്വീകരിക്കാം. അവരുമായി വില്ക്കലും വാങ്ങലും നടത്താം. എന്നാല്‍ അവരുമായി ഇടപാട് നടത്താതെയും അവരുടെ ഹദ്‌യ സ്വീകരിക്കാതെയും അവരെ ബഹിഷ്‌കരിക്കുന്നതില്‍ എന്തെങ്കിലും നന്‍മയുണ്ടെങ്കില്‍ ഈ നന്‍മയുടെ മാര്‍ഗമാണു സ്വീകരിക്കേണ്ടത്.
സ്വയം ഹറാമായ വസ്തു അതെടുക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും എല്ലാം ഹറാമായിരിക്കും. ഉദാഹരണമായി മദ്യം. അത് ഒരു യഹൂദനോ മദ്യം അനുവദീയമാണെന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനിയോ എനിക്കു സമ്മാനിച്ചാല്‍ അത് സ്വീകരിക്കാമോ? ഒരിക്കലും പാടില്ല. കാരണം അത് സ്വയം ഹറാമായ വസ്തുവാണ്. കളവുമുതലിന്റെയും അവസ്ഥ അതുതന്നെ. ഈ തത്ത്വം ധാരാളം സംശയങ്ങള്‍ താങ്കള്‍ക്കു ദൂരീകരിച്ചുതരും.