Skip to main content

ദൈവഭക്തി

ഇത് നമസ്‌കാരത്തിന്റെ തത്വങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. നമസ്‌കരിക്കുന്നവന്‍ വിശ്വസിക്കുന്നത്, തന്റെ സകല ചലനങ്ങളും അറിയുന്നവനും അവന്റെ ദൃഷ്ടിയില്‍നിന്ന് ഒരു കാര്യവും മറച്ചുവെക്കാനോ അവന്റെ ശിക്ഷയില്‍നിന്ന് രക്ഷ പ്രാപിക്കാനോ കഴിയാത്തവനുമായ പ്രപഞ്ചനാഥനിലാണ്. ഈ വിശ്വാസത്തിന്റെ ദൃഢതയ്ക്കനുസൃതമായി നമസ്‌കരിക്കുന്നവനില്‍ അനുസരണവും വിനയവും ഭക്തിയും വര്‍ധിച്ചുകൊണ്ടിരിക്കും. നമസ്‌കാരം ഇപ്രകാരം നിര്‍വഹിക്കപ്പെടണമെന്ന് ഇസ്‌ലാം അനുശാസിച്ചു. അല്ലാഹു പറയുന്നു: ''നമസ്‌കാരങ്ങള്‍ നിങ്ങള്‍ സൂക്ഷ്മതയോടെ നിര്‍വഹിക്കുക. പ്രത്യേകിച്ചും ഉത്കൃഷ്ട നമസ്‌കാരം. നിങ്ങള്‍ അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടെ നില്‍ക്കുകയും ചെയ്യുക'' (2:238). 

ഈ ആയത്തിന്റെ അവതരണത്തോടെ നമസ്‌കാരത്തില്‍ പരസ്പരം സംസാരിക്കുന്നത് നിരോധിക്കപ്പെട്ടുവെന്ന് സൈദുബ്‌നു അര്‍ഖമില്‍നിന്ന് മുസ്‌ലിം ഉദ്ധരിക്കുന്നുണ്ട്. നമസ്‌കാരത്തില്‍ വ്യാപൃതനാവുന്ന സമയമത്രയും ദൈവമഹത്വത്തിലും സംഭാഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴേ നമസ്‌കരിക്കുന്നവന് ഭക്തി കൈവരിക്കാന്‍ സാധിക്കൂ. അല്ലാഹു പറയുന്നു: ''നീ (നമസ്‌കാരത്തില്‍) രക്ഷിതാവിന്റെ നാമം സ്മരിക്കുകയും (മറ്റു ചിന്തകള്‍ വിട്ട്) അവങ്കലേക്ക് മാത്രമായി മടങ്ങുകയും ചെയ്യുക'' (73:8). ഇതിന്നായി അവന്‍ തന്റെ മനസ്സിന്റെ വിചാരങ്ങളും അവയവങ്ങളുടെ ചലനങ്ങളും നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യേണ്ടതാണ്.

മനസ്സാന്നിധ്യമില്ലാതെയും ജനശ്രദ്ധയാകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയും നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരവും കപടഭക്തിയും മനുഷ്യനു ഒരു ഗുണവും ചെയ്യുകയില്ല. അല്ലാഹു പറയുന്നു: ''ശ്രദ്ധയില്ലാതെ നമസ്‌കരിക്കുകയും മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും പരോപകാര വസ്തുക്കള്‍ മുടക്കുകയും ചെയ്യുന്ന നമസ്‌കാരക്കാര്‍ക്കാണ് നാശം'' (107: 4-7).

നമസ്‌കാരത്തിലെ കര്‍മങ്ങള്‍ നബി(സ്വ) നിര്‍ദേശിച്ച രൂപത്തില്‍തന്നെ നിര്‍വഹിക്കേണ്ടതാണ്. കൂടാതെ നമസ്‌കാരത്തില്‍ ചൊല്ലുന്ന ഖുര്‍ആനും സ്‌തോത്ര കീര്‍ത്തനങ്ങളും ആശയം ഗ്രഹിച്ചുകൊണ്ടായിരിക്കേണ്ടതാണ്. നമസ്‌കാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഭക്തി വര്‍ധിക്കുവാനും അത് ഏറെ സഹായിക്കും. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, ലഹരി ബാധിച്ച നിലയില്‍ (നാവുകൊണ്ട്) നിങ്ങള്‍ പറയുന്നത് (ഹൃദയം കൊണ്ട്) ഗ്രഹിക്കുന്നത് വരെ നിങ്ങള്‍ നമസ്‌കാരത്തെ സമീപിക്കരുത്'' (4:43). 

അല്ലാഹുവിന്റെ തിരുസന്നിധിയില്‍ വെച്ച് അവനോട് സംസാരിക്കുകയാണെന്ന ബോധത്തോടെയാണ് നമസ്‌കാരം നിര്‍വഹിക്കപ്പെടേണ്ടത്. ഇത് നമസ്‌കരിക്കുന്നവന് ഭക്തിയും ചിന്താ നിമഗ്നതയും പ്രദാനംചെയ്യും.

നബി(സ്വ) പറയുന്നു: ''നീ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കുക; നീ അവനെ കാണുന്നില്ലെങ്കിലും. നിശ്ചയം, അവന്‍ നിന്നെ കണ്ടുകൊണ്ടിരിക്കുന്നു'' (മുസ്‌ലിം).

മനസ്സാന്നിധ്യം കൈവരിക്കാനെന്നപോലെ അത് നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നമസ്‌കരിക്കുന്നവന്റെ മുന്നില്‍ ഒരു മറ സ്ഥാപിക്കണമെന്നും എന്നാല്‍ ശ്രദ്ധയെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള വരകളും ചിത്രങ്ങളും അവിടെ ഉണ്ടാവരുതെന്നും പ്രത്യേകം നിര്‍ദേശിക്കപ്പെട്ടു. അനസ്(റ) പറയുന്നു:  ''ആഇശ(റ)ക്ക് ഒരു നേര്‍ത്ത വിരിയുണ്ടായിരുന്നു. ഒരിക്കല്‍ അവര്‍ അതുകൊണ്ട് വീടിന്റെ ഒരു വശം മറച്ചു. അതിനെ തുടര്‍ന്ന് പ്രവാചകന്‍(സ്വ) പറഞ്ഞു: ''നമ്മുടെ അടുത്തുനിന്ന് ഈ വിരി എടുത്തുമാറ്റൂ. അതിലെ ചിത്രങ്ങള്‍ നമസ്‌കാരത്തില്‍ എനിക്ക് ചിന്താകുഴപ്പം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു'' (ബുഖാരി).

വിശക്കുന്നവന്‍ ഭക്ഷണത്തിന്റെ സാന്നിധ്യത്തിലും വിസര്‍ജനത്തിന് നിര്‍ബന്ധമുള്ളപ്പോഴും നമസ്‌കരിച്ചാല്‍ വേണ്ടത്ര ഭക്തിയും മനസ്സാന്നിധ്യവും പാലിക്കല്‍ ശ്രമകരമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നമസ്‌കരിക്കുന്നത് നിരുത്സാഹപ്പെടുത്തിക്കൊണ്ട് പ്രവാചകന്‍ പറഞ്ഞു: ''വിശപ്പുണ്ടായിരിക്കെ ഭക്ഷണത്തിന്റെ മുമ്പില്‍വച്ചോ രണ്ടു മാലിന്യങ്ങള്‍ വന്നുമുട്ടുമ്പോഴോ നമസ്‌കരിക്കാവതല്ല'' (മുസ്‌ലിം).

നമസ്‌കരിക്കുമ്പോള്‍ തലയുയര്‍ത്തുന്നതും തിരിഞ്ഞു നോക്കുന്നതും പ്രവാചകന്‍ വിരോധിച്ചതും അത് പിശാചിന്റെ റാഞ്ചിയെടുക്കലാണെന്ന് ആക്ഷേപിച്ചതും (ബുഖാരി) ഇവിടെ ശ്രദ്ധേയമാണ്. മാത്രമല്ല, നമസ്‌കാരത്തിലെ പ്രധാന കര്‍മമായ ഖുര്‍ആന്‍ പാരായണം ബഹളം സൃഷ്ടിക്കുന്ന രൂപത്തിലാവരുതെന്ന് പ്രത്യേകം നിര്‍ദേശിക്കപ്പെട്ടു. ഒരിക്കല്‍ നബി(സ്വ) ഇറങ്ങി വന്നപ്പോള്‍ ജനങ്ങള്‍ നമസ്‌കരിക്കുകയായിരുന്നു. അവരുടെ ഖുര്‍ആന്‍ പാരായണം അത്യുച്ചത്തിലായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു:

''നിശ്ചയം, നമസ്‌കരിക്കുന്നവന്‍ തന്റെ നാഥനോട് രഹസ്യ സംഭാഷണം നടത്തുകയാണ്.  അതിനാല്‍ അല്ലാഹുവിനോടെന്താണ് സംസാരിക്കുന്നതെന്ന് അവന്‍ നോക്കേണ്ടതാണ്. നിങ്ങള്‍ പരസ്പരം അലോസരമുണ്ടാക്കിക്കൊണ്ട് പാരായണം ചെയ്യരുത്'' (അഹ്മദ്). നമസ്‌കരിക്കുന്നവന് പ്രയാസമുണ്ടാക്കുന്ന രൂപത്തില്‍ അവന്റെ സമീപത്തുവെച്ച് ശബ്ദമുണ്ടാക്കുന്നത് പാടില്ലെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടതും ഇതുകൊണ്ടു തന്നെയാണ്.
 
നബി(സ്വ)യുടെയും  അനുചരന്മാരുടെയും  നമസ്‌കാരം ഭക്തി നിര്‍ഭരമായിരുന്നു. അബ്ദുല്ലാഹിബ്‌നു ശിഖീര്‍ പറയുന്നു: ''ഞാന്‍ പ്രവാചകന്റെ അടുത്തു ചെന്നപ്പോള്‍ അദ്ദേഹം നമസ്‌കരിക്കുകയായിരുന്നു. അപ്പോള്‍ ''തിളയ്ക്കുന്ന പാത്രത്തിന്റെ ശബ്ദം പോലുള്ള കരച്ചില്‍ നബി(സ്വ)ക്ക് ഉണ്ടായിരുന്നു'' (ബുഖാരി).

നബി(സ്വ) രോഗശയ്യയിലായിരുന്നപ്പോള്‍ അബൂബക്ര്‍(റ)വിനോട് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ അവിടുന്ന് കല്പിച്ചു. അപ്പോള്‍ മകള്‍ ആഇശ(റ) പറഞ്ഞു: ''നിശ്ചയം, അബൂബക്ര്‍ ലോലഹൃദയനാണ്. അദ്ദേഹം ഖുര്‍ആന്‍ പാരായണം ചെയ്താല്‍ കരച്ചില്‍ അദ്ദേഹത്തെ കീഴ്‌പ്പെടുത്തുന്നതാണ്'' (ബുഖാരി).

ഖലീഫ ഉമര്‍(റ), സൂറതുസ്വഫ്ഫ് പാരായണം ചെയ്തപ്പോള്‍ കരഞ്ഞിരുന്നതായി ചരിത്രത്തിലുണ്ട്. ഇപ്രകാരം ഭക്തിസാന്ദ്രമായും ബാഷ്പകണങ്ങള്‍ പൊഴിച്ചുകൊണ്ടും നമസ്‌കാരം നിര്‍വഹിക്കുകയാണ് പൂര്‍വികരുടെ മാതൃക. ഭക്തന്മാര്‍ക്ക് ലഭിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് ഖുര്‍ആനില്‍ അനേകം സൂക്തങ്ങളില്‍ പരാമര്‍ശവും വാഗ്ദാനവും നല്‍കിയിട്ടുണ്ട്. ഇത് നേടിയെടുക്കാന്‍ നമസ്‌കാരം വഴി മുസ്‌ലിംകള്‍ക്ക് സാധിക്കേണ്ടതാണ്.
 

Feedback