Skip to main content

ജീവിതഗന്ധിയായ ആരാധന

മുസ്‌ലിം ചെയ്യുന്ന ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും പ്രധാനമാണ് നമസ്‌കാരം. നമസ്‌കാരം സ്വീകാര്യമാകണമെങ്കില്‍ അനിവാര്യമായ കാര്യങ്ങളാണ് ശുറൂത്വുസ്സ്വലാത്ത്. ഈ സംഗതികളെപ്പറ്റി നാം മനസ്സിരുത്തി ചിന്തിച്ചാല്‍ കേവലം ചില മത ചടങ്ങുകള്‍ എന്ന രീതിയില്‍ മാത്രമല്ല, മനുഷ്യന്റെ വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തെ ഗുണപരമായ മാറ്റങ്ങളിലേക്ക് നയിക്കുന്നതും ആത്യന്തികമായി പരലോകമോക്ഷം നേടിത്തരുന്നതുമാണ് ഈ നിയമങ്ങള്‍ എന്നു മനസ്സിലാക്കാം. 

സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധകര്‍മം (കിതാബുന്‍ മൗഖൂത്ത്) എന്നതുള്‍ക്കൊണ്ടുകൊണ്ട് നമസ്‌കാരം മനസ്സാന്നിധ്യത്തോടെ കൃത്യമായി നിര്‍വഹിക്കുന്ന ആള്‍ക്ക് ജീവിതത്തിന്റെ മറ്റുരംഗങ്ങളിലും കൃത്യനിഷ്ഠ സ്വാഭാവികമായും കൈവരുന്നതാണ്. മുസ്‌ലിമിന്റെ ജീവിതം അടുക്കും ചിട്ടയുമുള്ളതും വ്യവസ്ഥാപിതവുമായിത്തീരാന്‍ പര്യാപ്തമാണ് ഇസ്‌ലാമിലെ നിര്‍ബന്ധവും ഐഛികവുമായ അനുഷ്ഠാനകര്‍മങ്ങള്‍. അതില്‍ പരമപ്രധാനം നമസ്‌കാരം തന്നെ. 

വൃത്തിയും ശുദ്ധിയും മുസ്‌ലിമിന്റെ മുഖമുദ്ര ആയിത്തീരുമാറ് ഇസ്‌ലാം അക്കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നു. ബാഹ്യമായ വൃത്തിയോടൊപ്പം മാനസികമായ ശുദ്ധിയും നിര്‍ബന്ധമാണ്. നമസ്‌കാരത്തിനു വേണ്ടി അഞ്ചുനേരം ഈ ചിട്ട പുലര്‍ത്തുകയാണെങ്കില്‍ ആ വ്യക്തിയുടെ ജീവിതം അഴുക്കു പുരളാത്തതായിത്തീരും  എന്ന കാര്യത്തില്‍ സംശയമില്ല. 

ആരാധനാ കര്‍മത്തിലുള്ള ഏകീഭാവവും ഒരേദിശയിലേക്ക് തിരിഞ്ഞുള്ള നിര്‍വഹണവും വിശ്വ സാഹോദര്യത്തിന്റെ പ്രതീകമത്രെ. മറ്റു പല മതങ്ങളിലും ദേശ-ഭാഷകള്‍ക്കനുസരിച്ച് വ്യത്യസ്ത പൂജാ വിധികളുണ്ട്. പ്രാദേശികമായ ആരാധനാ ക്രമങ്ങളും ബിംബങ്ങളുമുണ്ട്. വിഗ്രഹങ്ങളുടെ പ്രതിഷ്ഠകളും കാലികമായി മാറിക്കൊണ്ടിരിക്കുന്നു.  അതേ സമയം, ലോകത്തെവിടെയുമുള്ള മുസ്‌ലിമും എക്കാലത്തും ഒരേപോലെ നമസ്‌കരിക്കുന്നു. 

''ഞാന്‍ എപ്രകാരം നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതു പോലെ നിങ്ങള്‍ നമസ്‌കരിക്കുക'' (ബുഖാരി) എന്നു പ്രവാചകന്‍ പറഞ്ഞു. അതു കണ്ട അനുചരന്‍മാര്‍ അതു മറ്റുള്ളവരെ പഠിപ്പിച്ചു. നബി(സ്വ)യുടെ നമസ്‌കാരത്തിലെ അംഗചലനങ്ങള്‍ കൃത്യമായി പിന്‍തലമുറക്ക് കൈമാറി. നബി(സ്വ) ഉച്ചരിച്ച ഓരോ പദവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. 

ലോകത്തിലെ മുഴുവന്‍ മുസ്‌ലിംകളും ഒരേ ദിശയിലേക്ക് തിരിഞ്ഞുനിന്നു നമസ്‌കരിക്കുന്നു. ഒരേ ഒരു കേന്ദ്രം. അവിടെ വിവേചനങ്ങള്‍ക്ക് സ്ഥാനമില്ല. ആ കേന്ദ്രമാകട്ടെ, ഭൂമിയുടെ ജിയോഗ്രഫിക്കല്‍ സെന്റര്‍ കൂടിയാണെന്ന് അടുത്ത കാലത്ത് ചില ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടിയതും, ലോകത്ത് ആദ്യമായി ഏക ദൈവാരാധനക്ക് വേണ്ടി സ്ഥാപിക്കപ്പെട്ടതുമായ കഅ്ബയാണു താനും. ചില ആളുകള്‍ തെറ്റുധരിക്കപ്പെട്ടതുപോലെ അതൊരു പ്രതിഷ്ഠയല്ല. കേവലം ഒരു ചെറിയ, ഒഴിഞ്ഞ കെട്ടിടം. തിരിഞ്ഞുനില്‍ക്കാനുള്ള കേന്ദ്രബിന്ദു. അതുതന്നെയാണ മുസ്‌ലിംകളുടെ മുഖ്യ തീര്‍ഥാടന കേന്ദ്രവും. 

ബാഹ്യമായ ഇത്തരം കാര്യങ്ങളും ഏകാഗ്രമായ മനസ്സിലെ പ്രാര്‍ഥനകളും ഭക്തിയും എല്ലാം ചേര്‍ന്നു നിര്‍വഹിക്കുന്ന ഈ നമസ്‌കാരം തികച്ചും ജീവിതഗന്ധിയായ ഒരു കര്‍മമത്രെ. ഇത് ഓരോ വ്യക്തിയും ചെയ്തിരിക്കേണ്ട നിര്‍ബന്ധകര്‍മമാണ് (ഫര്‍ദ്വു ഐന്‍). പുരോഹിതന്‍മാര്‍ കര്‍മങ്ങള്‍ ചെയ്യുകയും സാധാരണക്കാര്‍ അവര്‍ക്ക് കാണിക്കയര്‍പ്പിക്കുകയും ചെയ്യുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. അതുകൊണ്ട്തന്നെ ഓരോരുത്തരും ഈ കാര്യങ്ങളൊക്കെ മനസ്സിലാക്കിയിരിക്കണം. 

 

Feedback