സൗഭാഗ്യപൂര്‍ണവും വിജയകരവുമായ ജീവിതം കൈവരിക്കണമെന്നാണ് സര്‍വ മനുഷ്യരുടെയും അഭിലാഷം. അത് നേടിയെടുക്കുകയാണ് നമസ്‌കാരം വഴി ചെയ്യുന്നത്. അല്ലാഹു പറയുന്നു: ''സത്യവിശ്വാസികളേ, നിങ്ങള്‍ (രക്ഷിതാവിന്റെ മുമ്പില്‍) നമിക്കുകയും സാഷ്ടാംഗംചെയ്യുകയും അവനെ ആരാധിക്കുകയും നന്മ പ്രവര്‍ത്തിക്കുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം'' (22:77).
നമസ്‌കാരത്തിന് വേണ്ടിയുള്ള ഓരോ ബാങ്കും ഈ വിജയത്തെക്കുറിച്ച് അനുസ്മരിപ്പിക്കുന്നുണ്ട്. അതിനാല്‍ ബാങ്കിന്റെ വചനങ്ങളില്‍ 'വിജയത്തിലേക്ക് വരുവീന്‍' (ഹയ്യ അലല്‍ഫലാഹ്) എന്ന് രണ്ടുതവണ വിളിച്ചറിയിക്കാന്‍ നിര്‍ദേശിക്കപ്പെട്ടു.
സമ്പദ് സമൃദ്ധിയും ഭൗതികാഡംബരങ്ങളും സന്താനസൗഭാഗ്യവുമാണ് ജീവിതവിജയമെന്ന് കരുതുന്ന ചിലരുണ്ട്. എന്നാല്‍ ഇതിനെക്കാളെല്ലാം ഉപരിയായി ജീവിതത്തിന്റെ ഏത് അവസ്ഥയിലുള്ളവന്നും കൈവരിക്കാവുന്നതാണ് ഇസ്‌ലാം വിഭാവന ചെയ്യുന്ന വിജയം. അത് നേടുന്നതിന് ആന്തരികവും ബാഹ്യവുമായ വിശുദ്ധിയും ദൈവസ്മരണയും അനിവാര്യമാണ്. നമസ്‌കാരം വഴി ഇത് സാധിക്കുന്നു. അല്ലാഹു പറയുന്നു: ''നിശ്ചയം, പരിശുദ്ധി നേടുകയും തന്റെ രക്ഷിതാവിന്റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്‌കരിക്കുകയും ചെയ്തവന്‍ വിജയിച്ചു'' (87:14,15).
പാപമാണ് വിശ്വാസിയുടെ വിജയപാതയിലൂടെയുള്ള പ്രയാണത്തിന് തടസ്സം സൃഷ്ടിക്കുന്നത്. അപ്പോള്‍ പശ്ചാത്താപ ഭരിതനായി അല്ലാഹുവിലേക്ക് തിരിഞ്ഞു വിവേകപൂര്‍വം തന്റെ ജീവിതയാത്ര തുടരുകയാണു വേണ്ടത്. നമസ്‌കാരം അതിന് അവനെ സജ്ജനാക്കുന്നു. അതില്‍ അവന്‍ മാപ്പപേക്ഷ നടത്തുകയും കാരുണ്യത്തിന് പ്രാര്‍ഥിക്കുകയും ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. കൂടാതെ, അതു തന്നെ പാപമോചനവും വിശുദ്ധിയും നേടിക്കൊടുക്കുമെന്നും തിന്മയ്ക്ക് നന്മ പ്രായശ്ചിത്തമാകുമെന്നും ഇസ്‌ലാം പ്രത്യേകം ഉണര്‍ത്തി. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കണമെന്ന് കല്പിച്ചതിനു ശേഷം അല്ലാഹു പറയുന്നു: ''നിശ്ചയം, സത്കര്‍മങ്ങള്‍ ദുഷ്‌കര്‍മങ്ങളെ നീക്കിക്കളയുന്നതാണ്. ചിന്തിച്ചു ഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു ഉദ്‌ബോധനമാണ്'' (11:114).
ഈ സൂക്തത്തിലെ 'സത്കര്‍മങ്ങള്‍' എന്നതുകൊണ്ട് വിവക്ഷ അഞ്ചുനേരത്തെ നമസ്‌കാരമാണെന്ന് ഇബ്‌നു മസ്ഊദും എല്ലാ നല്ല കര്‍മങ്ങളുമാണെന്ന് ഇബ്‌നു അബ്ബാസും വിശദീകരിച്ചിട്ടുണ്ട് (തഫ്‌സീറുല്‍ മനാര്‍, വാള്യം 2, പേജ് 187).
അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ''ഒരാള്‍ റസൂലി(സ്വ)ന്റെ അടുത്തുവന്ന് പറഞ്ഞു: ''നഗരത്തിന്റെ പുറത്തുവെച്ച് ഒരു സ്ത്രീയുമായി സംഭോഗമല്ലാത്തതെല്ലാം സംഭവിച്ചു. ഇനി അല്ലാഹുവിന്റെ ദൂതര്‍(സ്വ) എന്ത് ശിക്ഷയാണെങ്കിലും എന്റെ മേല്‍ നടപ്പിലാക്കുക.'' ഉമര്‍(റ) പറഞ്ഞു: ''അല്ലാഹു മറച്ചുവെച്ച കാര്യം നീയും മറച്ചുവെച്ചിരുന്നുവെങ്കില്‍!'' നബി(സ്വ) മൗനം പാലിക്കുകയും ആഗതന്‍ മടങ്ങിപ്പോവുകയും ചെയ്തു. പിന്നീട് നബി(സ്വ) അദ്ദേഹത്തെ മടക്കിവിളിക്കുകയും മുകളിലുദ്ധരിച്ച ആയത്ത് (11:114) ഓതിക്കേള്‍പ്പിക്കുകയും ചെയ്തു. ഒരാള്‍ചോദിച്ചു: ''ഇതവന്ന് മാത്രമാണോ?'' നബി(സ്വ) പറഞ്ഞു: ''അല്ല, എല്ലാവര്‍ക്കും'' (മുസ്‌ലിം).
മറ്റൊരവസരത്തില്‍, നമസ്‌കരിക്കുന്ന വ്യക്തിയെ കുളിക്കുന്നവനോട് പ്രവാചകന്‍ (സ്വ) ഉപമിച്ചു. അവിടുന്ന് ചോദിച്ചു: ''നിങ്ങളിലൊരാള്‍ തന്റെ വാതിലിന് അരികിലൂടെ ഒഴുകുന്ന നദിയില്‍ ദിനേന അഞ്ചു തവണ കുളിച്ചാല്‍ വല്ല അഴുക്കും അവനില്‍ അവശേഷിക്കുമോ? അവര്‍ പറഞ്ഞു: ''ഇല്ല.'' നബി(സ്വ) പറഞ്ഞു: ''അപ്രകാരമാണ് അഞ്ചു നമസ്‌കാരത്തിന്റെ ഉപമ. അതുവഴി പാപങ്ങളെ അല്ലാഹു മായ്ച്ചുകളയുന്നതാണ്'' (ബുഖാരി).
ചുരുക്കത്തില്‍ നമസ്‌കാരം പാപപങ്കിലമായ ദുര്‍ഘട സരണിയില്‍ നിന്ന് മുസ്‌ലിമിന് മോചനം നല്‍കുകയും ആത്മാവിനെ ചൈതന്യവത്താക്കുകയും ചെയ്യുന്നു.