Skip to main content

തഫ്ഹീമുല്‍ ഖുര്‍ആന്‍

ഉത്തരേന്ത്യന്‍ ഇസ്‌ലാമിക പണ്ഡിതനായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ പരിശുദ്ധ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണവുമാണ് ഉര്‍ദുവിലുള്ള 'തഫ്ഹീമുല്‍ ഖുര്‍ആന്‍'. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട മുപ്പത് വര്‍ഷങ്ങളാണ് അദ്ദേഹം ഈ വ്യാഖ്യാന ഗ്രന്ഥത്തിനായി ചെലവഴിച്ചത്. 1942ല്‍ തുടങ്ങിയ രചന 1972ല്‍ ആണ് പൂര്‍ത്തിയായത്.

ആധുനിക ചിന്തയും യാഥാസ്ഥിതിക ചിന്തയും ഉള്‍ക്കൊണ്ട ഒരു ആവിഷ്‌കാരമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. എന്നാല്‍ പുരോഗമന ചിന്തകള്‍ ഇതില്‍ വളരെ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. പരമ്പരാഗത വ്യാഖ്യാനങ്ങളോട് പലതരത്തിലുള്ള വിയോജിപ്പ് തഫ്ഹീമുല്‍ ഖുര്‍ആന്‍ പ്രകടമാക്കുന്നുണ്ട്. തഫ്ഹീമുല്‍ ഖുര്‍ആന്‍ പരമ്പരാഗത രീതിയിലുള്ള ഒരു വ്യാഖ്യാന ഗ്രന്ഥമേയല്ല. ആയത്തിന്റെ അര്‍ഥം മാത്രം പറഞ്ഞ് പോവുന്ന രീതിക്ക് പകരം അതിലെ വിഷയങ്ങളും അതുള്‍ക്കൊള്ളുന്ന ആശയങ്ങളും തഫ്ഹീമുല്‍ ഖുര്‍ആന്‍ ഗഹനമായ ചര്‍ച്ചക്ക് വിധേയമാക്കി. സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ അതിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ഖുര്‍ആനിക കാഴ്ചപ്പാടില്‍ തഫ്ഹീമുല്‍ ഖുര്‍ആന്‍ പഠന വിധേയമാക്കി.

ഖുര്‍ആനിക വചനങ്ങളെ വിശദീകരിക്കാന്‍ മൗദൂദി സ്വീകരിച്ച ശൈലി പ്രവാചക വചനങ്ങളെ പഠിക്കുകയും അതിന്റെ പിറകിലുള്ള ചരിത്ര വസ്തുതകളെ കണ്ടെത്തുകയും ചെയ്യുക എന്നതായിരുന്നു. ഓരോ വചനവും വിശദീകരിക്കുമ്പോഴും, ആധുനിക സമൂഹത്തെ പൊതുവിലും മുസ്‌ലിം സമൂഹത്തെ പ്രത്യേകിച്ചും സ്പര്‍ശിക്കുന്ന വിഷയങ്ങളും വിധികളും അതിലുണ്ടോ എന്ന് അദ്ദേഹം കൃത്യമായി പരിശോധിക്കുന്നു. 

തഫ്ഹീമുല്‍ ഖുര്‍ആനില്‍ മൗദൂദി സാഹിബ് അവതരിപ്പിക്കുന്ന പല കാഴ്ചപ്പാടുകളും, പ്രത്യേകിച്ചും ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെ കുറിച്ച നിലപാടുകള്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

ഈ വ്യാഖ്യാന ഗ്രന്ഥത്തിന് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ബംഗാളി, മലയാളം തുടങ്ങിയ വിവിധ ഭാഷകളില്‍ പരിഭാഷകളിറങ്ങി.
 

Feedback