സ്ത്രീക്ക് ജനിക്കാനും വളരാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന അറേബ്യന്‍ സാഹചര്യത്തില്‍ ആറാം നൂറ്റാണ്ടിലാണ് മുഹമ്മദ് നബി(സ്വ) ഇസ്‌ലാമിക പ്രബോധനം തുടങ്ങുന്നത്.
ഗോത്രയുദ്ധങ്ങള്‍ പ്രധാനമായി കണ്ടിരുന്ന ആ സമൂഹത്തിന് യോദ്ധാക്കളായ പുരുഷന്മാരെയായിരുന്നു ആവശ്യം. അതിനാല്‍ തന്നെ അവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളെ വിലകുറച്ചു കണ്ടു. നിര്‍ബന്ധിതാവസ്ഥകളില്‍ അനിഷ്ടത്തോടെ സ്വീകരിക്കുകയായിരുന്നു പതിവ്. അവര്‍ക്കിടയില്‍ ഒരു പെണ്‍കുഞ്ഞിന്റെ പിതാവിനുണ്ടാകുന്ന മനോവികാരം ഖുര്‍ആനില്‍ വിശദീകരിക്കുന്നുണ്ട്. 'അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ചു കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ എന്നതായിരിക്കും അവന്റെ ചിന്ത. ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!'(16: 58,59).
സ്ത്രീകളോടുള്ള വിവേചനം അറേബ്യന്‍ സമൂഹത്തിന്റേത് മാത്രമായിരുന്നില്ല. ലോക സംസ്‌കാരങ്ങളുടെ പാരമ്പര്യത്തില്‍ സ്ത്രീ വിദ്വേഷം വ്യാപകമായിരുന്നു. ഈ മനോഭാവം തന്നെ ഇസ്‌ലാം നിരാകരിച്ചു. സത്യവിശ്വാസമുള്ള സമൂഹത്തിന്നു മാത്രമേ സ്ത്രീയെ ആദരിക്കാന്‍ കഴിയൂ എന്നതിനാല്‍ പരലോക വിചാരണയെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് മുഹമ്മദ് നബി ഉദ്‌ബോധനം നടത്തിയത്. 'താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍!'(ഖുര്‍ആന്‍ 81: 8,9).
പരിമിതമായ ജീവിത വിഭവങ്ങളും സൗകര്യങ്ങളും മാത്രമുണ്ടായിരുന്ന അന്നത്തെ സമൂഹത്തില്‍ പെണ്‍കുട്ടി ഭാരമായി അവര്‍ കണ്ടിരുന്നു.
അവകാശങ്ങളും ബാധ്യതകളും പറയുന്നിടത്ത് ഇസ്‌ലാം സ്ത്രീയുടെ അവകാശങ്ങള്‍ക്ക് പരുഷന്റേതിന് സമാനമായ പ്രാധാന്യം നല്‍കുന്നുണ്ട്.
കുടുംബ ജീവിതത്തില്‍ ദമ്പതികളെ ഇണകള്‍ (സൗജ്), കൂട്ടുകാരി (സ്വാഹിബ) എന്നിങ്ങനെയാണ് ഖുര്‍ആനില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഉന്നതവും ഉദാത്തവുമായ ഇത്തരമൊരു സമീപനം ലോകം ഉള്‍ക്കൊള്ളുന്നത് പിന്നെയും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ്. രണ്ടു പെണ്‍മക്കളെ സംസ്‌കാരത്തോടെ വളര്‍ത്തിയെടുക്കുന്ന പിതാവിന് സ്വര്‍ഗമുണ്ടെന്ന പ്രവാചക വാഗ്ദാനത്തിന്റെ പൊരുള്‍ എത്ര ചിന്തോദ്ദീപകമാണ് !