Skip to main content

വിദ്യ നേടാനുള്ള അവകാശം

വിജ്ഞാനം വിശ്വാസിയുടെ വീണുപോയ സ്വത്താണെന്നാണ് ഇസ്‌ലാമികാധ്യാപനം. അബൂഹുറയ്‌റ(റ) പറയുന്നു: അല്ലാഹുവിന്റെ ദൂതന്‍(സ്വ) പറഞ്ഞു: വിജ്ഞാനമുള്ള വാക്ക് വിശ്വാസിയുടെ കളഞ്ഞുപോയ സ്വത്താണ്. അതിനാല്‍ അതെവിടെ കണ്ടാലും അതിന്മേല്‍ അവന് കൂടുതല്‍ അവകാശമുണ്ട് (തിര്‍മിദി). അത് അന്വേഷിക്കുക എന്നത് എല്ലാ മുസ്‌ലിമിന്റെയും ബാധ്യതയാണെന്ന് റസൂല്‍(സ്വ) ഉണര്‍ത്തി (സഹീഹുല്‍ജാമിഅ്, അല്‍ബാനീ 3914).

വിജ്ഞാനം നേടുന്ന ബാധ്യതയില്‍ നിന്ന് സ്ത്രീയെ ഇസ്‌ലാം ഒഴിവാക്കിയിട്ടില്ല. മാത്രമല്ല, നബി(സ്വ)യുടെ കൂടെ ജീവിച്ച സ്ത്രീകള്‍ ഇക്കാര്യത്തില്‍ പുരുഷന്മാരോട് കിടപിടിക്കത്തക്കവിധം മുന്നേറിയിരുന്നു. ഇസ്‌ലാമിക വിജ്ഞാന രംഗത്ത്, പ്രത്യേകിച്ചും ഹദീസ് നിവേദനത്തില്‍ ആഇശ(റ)യുടെയും മറ്റും ശുഷ്‌കാന്തി അതിനു തെളിവാണ്. താബിഉകളുടെ പ്രധാന വിജ്ഞാന സ്രോതസ്സായിരുന്നു അവര്‍. സ്വഹാബ സ്ത്രീകള്‍ നബി(സ്വ)യില്‍ നിന്ന് അറിവ് നേടിയെടുക്കാന്‍ മത്സരിക്കുകയായിരുന്നു. അബൂസഈദില്‍ഖുദ്‌രി(റ) പറയുന്നു: സ്ത്രീകള്‍ ഒരിക്കല്‍ നബി(സ്വ) യോട് പറഞ്ഞു: താങ്കളെ സമീപിക്കുന്നതില്‍ പുരുഷന്മാര്‍ ഞങ്ങളെ പരാജയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ട് താങ്കള്‍ ഞങ്ങള്‍ക്ക് (വിജ്ഞാനം നല്‍കാന്‍) പ്രത്യേകമായി ഒരു ദിവസം നിശ്ചയിച്ചുതന്നാലും. അപ്പോള്‍ നബി(സ്വ) അവര്‍ക്ക് ദിവസം നിശ്ചയിച്ചുകൊടുക്കുകയും അന്ന് അവരുടെ അടുക്കല്‍ ചെല്ലുകയും അവര്‍ക്ക് ഉപദേശം കൊടുക്കുകയും അവരോട് കല്പിക്കുകയും ചെയ്തു (ബുഖാരി). സ്ത്രീ ബൈബിള്‍ വായിക്കുന്നത് നിരോധിച്ചുകൊണ്ട് ഹെന്റി എട്ടാമന്റെ കാലത്ത് ബ്രിട്ടീഷ് പാര്‍ലമെന്റ് നിയമം പാസ്സാക്കിയിരുന്നുവെന്നും ഹിന്ദു സമൂഹത്തില്‍ സ്ത്രീക്ക് വേദവിദ്യാ പഠനം പാടില്ലായിരുന്നുവെന്നും മനസ്സിലാക്കുമ്പോഴാണ് മതവിജ്ഞാന രംഗത്ത് മുസ്‌ലിം സ്ത്രീകളുടെ ഈ മുന്നേറ്റം നമ്മെ അത്ഭുതപ്പെടുത്തുന്നത്. ഇന്നും മതവിജ്ഞാന സദസ്സുകളിലുള്ള വര്‍ധിത സ്ത്രീസാന്നിധ്യം ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ്.  

വിജ്ഞാനം നേടുന്നതില്‍ ലജ്ജപാടില്ലെന്നും അവര്‍ പഠിപ്പിച്ചു. സ്ത്രീകളുടെ സ്വകാര്യപ്രശ്‌നങ്ങളിലുള്ള മതവിധി പോലും അവര്‍ റസൂലിനോട് ചോദിച്ചു പഠിച്ചു. അസ്മാഅ്(റ) പറയുന്നു: ഒരിക്കല്‍ ഒരു സ്ത്രീ നബി(സ്വ)യുടെ അടുക്കല്‍ വന്ന് ചോദിച്ചു. ഞങ്ങളില്‍ ആരുടെയെങ്കിലും വസ്ത്രത്തില്‍ ആര്‍ത്തവരക്തമായാല്‍ എങ്ങനെ വൃത്തിയാക്കണമെന്നാണ് താങ്കള്‍ പറയുന്നത്? അവിടുന്ന് അരുളി: അത് തിരുമ്മി ഉടച്ചു കളയണം. എന്നിട്ട് വെള്ളമൊഴിച്ച് അതിന്റെ അവശിഷ്ടമെല്ലാം നീക്കി ശുചീകരിക്കണം. പിന്നെ അതേ വസ്ത്രം ധരിച്ച് നമസ്‌കരിക്കാം (ബുഖാരി). 

പ്രവാചകന്റെ കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിഞ്ഞ പത്‌നിമാരടക്കമുള്ളവര്‍ ആ അറിവുകള്‍ വരും തലമുറയ്ക്കായി പകര്‍ന്നു നല്കാന്‍ കാണിച്ച ശ്രദ്ധയും അനിതരമാണ്. മതപരമായ അറിവുകള്‍ക്കു പുറമെ ജീവിതാവശ്യങ്ങള്‍ക്കുള്ള ഭൗതിക കാര്യങ്ങളിലും അവര്‍ അഭിജ്ഞരായിരുന്നു. അങ്ങനെ പ്രഥമശുശ്രൂഷ, ചികിത്സ, രോഗീപരിചരണം എന്നിവയിലെല്ലാം അവര്‍ വിജ്ഞരായി. അറിവു നേടുന്നതില്‍ നിന്ന് അവരുടെ രക്ഷിതാക്കള്‍ അവരെ തടഞ്ഞിരുന്നില്ല. കാരണം സ്ത്രീകള്‍ക്ക് അറിവു നല്കുക തന്റെ ബാധ്യതയാണെന്നും പടച്ചവന്റെ പ്രതിഫലം ലഭിക്കുമെന്നും അവര്‍ നബി(സ്വ)യില്‍ നിന്ന് പഠിച്ചിരുന്നു. ഒരാള്‍ക്ക് പുത്രിയുണ്ടാവുകയും എന്നിട്ട് അവളെ നന്നായി പഠിപ്പിക്കുകയും സംസ്‌കരിക്കുകയും ചെയ്തുവെങ്കില്‍ അതുമൂലം പരലോകത്ത് അയാള്‍ക്ക് സ്വര്‍ഗം ലഭിക്കുന്നതാണ് എന്നും നബി(സ്വ) ഉണര്‍ത്തി(ബുഖാരി).

Feedback