നമസ്‌കാരം പൗരാണിക കാലം മുതലേ അംഗീകരിക്കപ്പെട്ട ഒരു പ്രധാന ആരാധനയാണ്. രൂപങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും അത് മതചിഹ്നമായി ഗണിക്കാത്ത ഒരു സമൂഹവും മാനവ ചരിത്രത്തിലില്ല. സകല പ്രവാചകന്മാരും അതനുഷ്ഠിക്കുകയും അവരുടെ കുടുംബത്തോടും സമുദായത്തോടും അതു നിര്‍വഹിക്കാന്‍ നിഷ്‌കര്‍ഷിക്കുകയും ചെയ്തിരുന്നു. പ്രവാചകന്മാര്‍ നിയുക്തരാവാത്ത ഒരു ജനതയോ ദേശമോ ഇല്ലെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയത് ഇത്തരുണത്തില്‍ ഓര്‍ക്കുക.
ഇബ്‌റാഹീം നബി(അ) തന്റെ പ്രാര്‍ഥനയില്‍ നമസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു. ''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വ്വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ!'' (14:40).
ഇസ്മാഈല്‍ നബി(അ)നെ ഖുര്‍ആന്‍ പ്രശംസിക്കുന്നു: ''തന്റെ കുടുംബത്തോട് നമസ്‌കരിക്കുവാനും സകാത്ത് നല്‍കുവാനും അദ്ദേഹം കല്പിക്കുമായിരുന്നു. തന്റെ രക്ഷിതാവിന്റെ അടുക്കല്‍ അദ്ദേഹം പ്രീതി ലഭിച്ചവനായിരുന്നു'' (19:55).
മൂസാ നബി(അ)യുടെ ഒന്നാമത്തെ അനുഷ്ഠാനം നമസ്‌കാരമായിരുന്നു. അല്ലാഹു പറയുന്നു: ''ഞാന്‍ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ ബോധനം നല്‍കുന്നത് നീ ശ്രദ്ധിച്ചു കേള്‍ക്കുക. നിശ്ചയം, ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ യാതൊരു ദൈവവുമില്ല . അതിനാല്‍ നീ എന്നെ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിന്നായി നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും ചെയ്യുക'' (20:13-14).
അദ്ദേഹത്തിനും സഹോദരന്‍ ഹാറൂനിനും(അ) നല്കിയ ദൈവിക നിര്‍ദേശം ഖുര്‍ആന്‍ ഇപ്രകാരം വിവരിക്കുന്നു: ''നിങ്ങള്‍ രണ്ടുപേരും നിങ്ങളുടെ ജനതയ്ക്ക്‌വേണ്ടി ഈജിപ്തില്‍ പ്രത്യേകം വീടുകള്‍ സൗകര്യപ്പെടുത്തുകയും നിങ്ങളുടെ വീടുകള്‍ ഖിബ്‌ലയാക്കുകയും നിങ്ങള്‍ നമസ്‌കാരം (കൃത്യമായി) നിര്‍വഹിക്കുകയും ചെയ്യുക'' (10:87).
ഈസാ നബി(അ) തൊട്ടിലില്‍ വെച്ച് പറഞ്ഞ വചനങ്ങള്‍ ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സകാത്ത് കൊടുക്കുവാനും അല്ലാഹു എന്നോട് ഉപദേശിച്ചു'' (19:31).
അല്ലാഹു ഇസ്‌റാഈല്യരോട് അംഗീകരിക്കാന്‍ ആവശ്യപ്പെട്ട കരാറില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലൊന്ന് നമസ്‌കാരമാണെന്ന് ഖുര്‍ആന്‍ (2:83) വ്യക്തമാക്കുന്നുണ്ട്. ഈ വചനങ്ങളൊക്കെ പ്രാചീന സമൂഹങ്ങളിലെ ദൈവികമതങ്ങളില്‍ നമസ്‌കാരത്തിന് നല്‍കിയ പ്രാധാന്യം വിവരിക്കുന്നു.