അംറുബ്‌നു അന്‍ബസയില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായൊരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു. നബി(സ്വ) പറഞ്ഞു: ''സൂര്യോദയ സമയത്തും അസ്തമയ സമയത്തും നിങ്ങള്‍ നമസ്‌കരിക്കരുത്. തത്സമയം സത്യനിഷേധികള്‍ അതിന് സാഷ്ടാംഗം ചെയ്യുന്നു''. ഇവിടെ ബഹുദൈവാരാധനയോടുള്ള സാദൃശ്യം പോലും വര്‍ജിക്കേണ്ടതാണെന്ന് പ്രവാചകന്‍(സ്വ) ഉണര്‍ത്തുകയാണ്. അതുകൊണ്ടാണ് സൂര്യാരാധനയുടെ സമയങ്ങളില്‍ നമസ്‌കരിക്കുന്നത് വിലക്കപ്പെട്ടത്.
ഇപ്രകാരംതന്നെ ഖബ്‌റിലേക്ക് തിരിഞ്ഞു നമസ്‌കരിക്കുന്നതിനെ വിലക്കിക്കൊണ്ട് നബി(സ്വ) പറഞ്ഞു: ''നിങ്ങള്‍ ഖബ്‌റിലേക്ക് തിരിഞ്ഞു നമസ്‌കരിക്കരുത്. അവയുടെമേല്‍ ഇരിക്കുകയും അരുത്'' (മുസ്‌ലിം). നമസ്‌കരിക്കുന്ന വ്യക്തി തന്റെ മനസ്സ് അല്ലാഹുവില്‍ സമര്‍പിക്കുന്നുവെങ്കിലും പ്രത്യക്ഷത്തില്‍ ഖബ്ര്‍ പൂജയോടുള്ള സാദൃശ്യം ഇതില്‍ വരുന്നുണ്ട്. തൗഹീദില്‍ നിന്ന് സമൂഹത്തെ അകറ്റുന്നതില്‍ ഖബ്ര്‍ പൂജയും ഖബ്‌റിനോടുള്ള അമിതമായ ബഹുമാനവും വഹിച്ച പങ്ക് അത്യധികം ആപത്കരമാണ്. നമസ്‌കാരത്തിന്റെ സ്ഥലവും സമയവും നിജപ്പെടുത്തിയതില്‍ പോലും ബഹുദൈവാരാധനയുടെ കലര്‍പ്പ് വരാതിരിക്കണമെന്ന് ഇസ്‌ലാം നിര്‍ദേശിച്ചു.
ഏകദൈവാരാധനയില്‍ നിന്നുള്ള നേരിയ ഒരു വ്യതിയാനംപോലും പൊറുപ്പിക്കാത്ത ഇസ്‌ലാമില്‍, ബഹുദൈവാരാധന ആരോപിക്കുന്നത് എത്ര വലിയ ക്രൂരതയാണ്. എന്നാല്‍ ഇത്തരം കടുത്ത ആരോപണങ്ങള്‍ക്കെതിരെ ശക്തമായ ഒരായുധമായി നമസ്‌കാരം നിലനില്‍ക്കുന്നുവെന്നതാണ് പരമാര്‍ഥം. മതം നിര്‍ദേശിക്കുന്ന ആരാധനകള്‍ ആത്മാര്‍ഥതയോടെ, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് ചെയ്യുമ്പോഴേ അവ പുണ്യകര്‍മങ്ങളാവുകയുള്ളൂ. ''ആത്മാര്‍ഥമായി അല്ലാഹുവിനെ കീഴ്‌വണങ്ങി, അവനെ ആരാധിക്കുവാനും നമസ്‌കാരം നിലനിറുത്തുവാനും സകാത്ത് നല്‍കുവാനുമല്ലാതെ അവരോട് കല്പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം'' (98:5).
ദൈവപ്രീതി ലക്ഷ്യമാക്കാതെ അന്യര്‍ അറിയണമെന്ന ദുരുദ്ദേശ്യത്തോടെ നിര്‍വഹിക്കപ്പെടുന്ന നമസ്‌കാരമടക്കമുള്ള ആരാധനകള്‍ നിഷ്ഫലമാണ്. മാത്രമല്ല, അത് ചെറിയ രൂപത്തിലുള്ള ശിര്‍ക്കും കൂടിയാണെന്ന് പ്രവാചകന്‍(സ്വ) വ്യക്തമാക്കി.
''ഒരാള്‍ നമസ്‌കരിക്കാന്‍ നില്‍ക്കുകയും ആരെങ്കിലും കാണുമ്പോള്‍ അത് ഭംഗിയാക്കുകയും ചെയ്യലാണ് രഹസ്യമായ ശിര്‍ക്ക്'' (ഇബ്‌നുമാജ).
അത്തരക്കാര്‍ക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് ഖുര്‍ആന്‍ ഇപ്രകാരം താക്കീത് ചെയ്യുന്നു. ''നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരും മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യുന്നവരും പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാകുന്നു നാശം'' (107:4-7).
ചുരുക്കത്തില്‍ ഒരു മുസ്‌ലിം നമസ്‌കരിക്കുമ്പോള്‍ തന്റെ മനസ്സും ബാഹ്യ ചലനങ്ങളും മുഴുവന്‍ അല്ലാഹു എന്ന ഏക ലക്ഷ്യത്തില്‍ കേന്ദ്രീകരിക്കുകയും അതുവഴി ബഹുദൈവത്വത്തിന്റെ രൂപഭാവങ്ങളില്‍നിന്ന് തീര്‍ത്തും മുക്തി കൈവരിക്കുകയും ചെയ്യാന്‍ നമസ്‌കാരം അവന് പ്രചോദനവും ശക്തമായ പ്രേരണയും നല്‍കിക്കൊണ്ടിരിക്കേണ്ടതാണ്.