Skip to main content

സ്വലാത്ത്: അര്‍ഥവും ആശയവും

'സ്വലാത്ത്' എന്ന പദത്തിന് നമസ്‌കാരം എന്ന് വിവര്‍ത്തനം നല്‍കപ്പെട്ടുവരുന്നു. അറബിയില്‍ അതിന് ഭാഷാപരവും സാങ്കേതികവുമായ അര്‍ഥങ്ങളുണ്ട്.  

സ്വലാത്ത് എന്നതിന് പ്രാര്‍ഥന, അനുഗ്രഹത്തിന്നായുള്ള പ്രാര്‍ഥന, സ്തുതികീര്‍ത്തനം ചെയ്യല്‍ എന്നീ അര്‍ഥങ്ങളാണ് ഭാഷാ പണ്ഡിതരിലധികവും പറഞ്ഞിട്ടുള്ളത്. 'സ്വല്ലാഅലയ്ഹി' എന്നതിന്റെ വിവക്ഷ അവന് വേണ്ടി പ്രാര്‍ഥിച്ചു, അവനെ പരിശുദ്ധനാക്കി എന്നിങ്ങനെയാണ്. നബി(സ്വ) പറഞ്ഞു: 'നിങ്ങളിലൊരാള്‍ ഭക്ഷണത്തിന് ക്ഷണിക്കപ്പെട്ടാല്‍ അവനത് സ്വീകരിക്കട്ടെ. അവന്‍ വ്രതമനുഷ്ഠിച്ചിരിക്കുകയാണെങ്കില്‍ അവന്‍ 'സ്വലാത്ത്' ചെയ്യട്ടെ അഥവാ അവന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കട്ടെ'.

ഇമാം റാഗിബ്(റ) പറയുന്നു: ''സ്വലാത്ത് അല്ലാഹുവിന്റേതാണെങ്കില്‍ അതിന്റെ സൂക്ഷ്മാര്‍ഥം അവന്‍ അവര്‍ക്ക് പരിശുദ്ധി നല്‍കുക എന്നതാണ്. അത് മലക്കുകളുടേതാണെങ്കില്‍ അതിന്റെ അര്‍ഥം മനുഷ്യരില്‍ നിന്നെന്നപോലെ പ്രാര്‍ഥനയും പാപമോചനത്തിന്നായുള്ള അപേക്ഷയുമാണ്. ഒരു പ്രത്യേക ആരാധനാകര്‍മത്തിനും സ്വലാത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. കാരണം അതിന്റെ അടിസ്ഥാനം പ്രാര്‍ഥനയാണ്. ഒരു വസ്തുവിന് അതുള്‍ക്കൊള്ളുന്ന ഒരു ഭാഗത്തിന്റെ പേര് നിശ്ചയിക്കപ്പെടാറുള്ളത് ‌പോലെയാണ് 'സ്വലാത്ത്' എന്ന് ഇതിനു നാമകരണം ചെയ്തിട്ടുള്ളത്.'' (അല്‍മുഫ്‌റദാത്ത് ഫീ ഗരീബില്‍ ഖുര്‍ആന്‍, പേ. 285)

ഇമാം ബൈദാവി പറയുന്നു: ''സ്വല്ലാ എന്നാല്‍ പ്രാര്‍ഥിച്ചു എന്നാണര്‍ഥം. അതില്‍ നിന്നുള്ള നാമരൂപമാണ് സ്വലാത്ത്. ഇത് ഒരു പ്രത്യേക കര്‍മത്തിന്റെ നാമമായി നിശ്ചയിക്കപ്പെടാന്‍ കാരണം അത് ദുആ (പ്രാര്‍ഥന) ഉള്‍ക്കൊള്ളുന്നു എന്നതാണ്.'' (തഫ്‌സീര്‍ ബൈദാവി, പേ. 19)

ചുരുക്കത്തില്‍, തക്ബീറുകൊണ്ട് തുടങ്ങി, സലാംകൊണ്ടവസാനിക്കുന്ന, പ്രത്യേക പ്രവൃത്തികളും വചനങ്ങളും ഉള്‍ക്കൊണ്ട നിശ്ചിത രൂപത്തിലുള്ള സമയബന്ധിതമായൊരു ആരാധനാകര്‍മമെന്ന് നമസ്‌കാരത്തെ നിര്‍വചിക്കാം. 
 

Feedback