ഇസ്‌ലാമിലെ ആദ്യത്തെ നിര്‍ബന്ധ അനുഷ്ഠാനകര്‍മമാണ് നമസ്‌കാരം. അല്ലാഹു മുഹമ്മദ് നബി(സ്വ)യോട് കല്പിക്കുന്നു: ''(നബിയേ) വേദഗ്രന്ഥത്തില്‍ നിന്ന് നിനക്ക് ബോധനം നല്‍കപ്പെട്ടത് ഓതിക്കേള്‍പ്പിക്കുകയും നമസ്‌കാരം (നിഷ്ഠയോടെ) നിര്‍വഹിക്കുകയും ചെയ്യുക'' (29:45).
''നിന്റെ കുടുംബത്തോട് നീ നമസ്‌കരിക്കാന്‍ കല്പിക്കുകയും അതിനായി (നമസ്‌കാരത്തില്‍) നീ ക്ഷമാപൂര്‍വം ഉറച്ചുനില്‍ക്കുകയും ചെയ്യുക'' (20:132).
വിശ്വാസികളോട് നമസ്‌കരിക്കാന്‍ കല്പിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അനേകമാണ്. പുറമെ, വിശ്വാസികളെ സൗഭാഗ്യപൂര്‍ണമായ വിജയത്തിലേക്ക് നയിക്കുന്ന സവിശേഷഗുണങ്ങളുടെ വിവരണം ഖുര്‍ആന്‍ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും നമസ്‌കാരം പരാമര്‍ശിച്ചുകൊണ്ടാണ്. 'വിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു'. 'അവര്‍ നമസ്‌കാരത്തില്‍ ഭക്തിയുള്ളവരാണ്', 'തങ്ങളുടെ നമസ്‌കാരങ്ങള്‍ കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്നവരുമാണ്' (23:1,2,9).
മനുഷ്യന്റെ ബുദ്ധിക്ക് ഭംഗം വരാതിരിക്കുന്ന കാലമത്രയും ഒരാള്‍ നമസ്‌കരിക്കേണ്ടത് മതദൃഷ്ട്യാ നിര്‍ബന്ധമാണ്. യുദ്ധഭൂമിയില്‍ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോഴും സൗകര്യപ്പെടും വിധം നമസ്‌കരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നു. അല്ലാഹു പറയുന്നു: ഇനി നിങ്ങള്‍ (യുദ്ധരംഗത്ത് ശത്രുക്കളെ) ഭയപ്പെടുന്നുവെങ്കില്‍ നടന്നുകൊണ്ടോ വാഹനത്തിലിരുന്നുകൊണ്ടോ നമസ്‌കാരം നിര്‍വഹിക്കുക. പിന്നീട് നിങ്ങള്‍ സമാധാനാവസ്ഥ പ്രാപിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ക്കറിയുമായിരുന്നില്ലാത്തത് അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചതനുസരിച്ച്, അവനെ നിങ്ങള്‍ സ്മരിക്കുക (2:239).
ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ നമസ്‌കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകള്‍ ഭൗതികവും രാഷ്ട്രീയവുമായ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഉപാധിയോ പരിശീലനമോ അല്ല. അപ്രകാരമാവുന്നത് അതിന്റെ പ്രാധാന്യത്തിന് നിരക്കുന്നതുമല്ല. പ്രത്യുത, അത് മൗലികാടിസ്ഥാനമുള്ളതാണെന്നും മതത്തിന്റെ പ്രധാന ഭാഗമാണെന്നും ഉപര്യുക്ത വചനത്തില്‍ നിന്നും സുവ്യക്തമാണ്. അതിനാല്‍ ശത്രുവിന്നെതിരെയുള്ള സമരം വിജയിച്ച ശേഷം മുസ്‌ലിംകള്‍ക്കുള്ള ധര്‍മ്മം വിവരിക്കവെ ഖുര്‍ആന്‍ നമസ്‌കാരം നിലനിര്‍ത്താന്‍ പ്രത്യേകം ഉണര്‍ത്തുകയുണ്ടായി. അല്ലാഹു പറയുന്നു: ''അവര്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കിയാല്‍ നമസ്‌കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും സദാചാരം കല്പിക്കുകയും ദുരാചാരം തടയുകയും ചെയ്യുന്നവരത്രെ അവര്‍. കാര്യങ്ങളുടെ പര്യവസാനം അല്ലാഹുവിനുള്ളതാകുന്നു'' (22:41). രാഷ്ട്രം ലക്ഷ്യവും, ആരാധനകള്‍ അതിനുള്ള മാര്‍ഗങ്ങളുമാണെന്നുള്ള സങ്കല്പം ഇസ്‌ലാമിന് അന്യമാണ്.