Skip to main content

കെട്ടിപ്പൊക്കലും മൂടലും

ഒരു ഖബ്‌റും ഒരു ചാണിലധികം ഉയര്‍ത്തുന്നത് അനുവദനീയമല്ല. അബുല്‍ ഹയ്യാജില്‍അസദി പറയുന്നു: അലി(റ) എന്നോട് പറഞ്ഞു: ''നബി(സ്വ) എന്നെ നിയോഗിച്ച ഒരു കാര്യത്തിന് ഞാന്‍ നിങ്ങളെയും നിയോഗിക്കുന്നു: ഒരു പ്രതിരൂപവും നീ തട്ടിഉടക്കാതെ വിടരുത്. ഉയര്‍ന്നു നില്ക്കുന്ന ഒരു ഖബ്‌റും തട്ടിനിരത്താതെയും ഉപേക്ഷിക്കരുത്'' (മുസ്‌ലിം).

പൂര്‍വികമുസ്‌ലിംകള്‍ അധികം ഉയര്‍ത്തപ്പെട്ടിരുന്ന ഖബ്‌റുകള്‍ തട്ടിനിരപ്പാക്കിയിരുന്നു. സുഹ്‌രിയില്‍ നിന്ന് അബ്ദുര്‍റസ്സാഖ് നിവേദനം ചെയ്യുന്നു: ''ഉസ്മാന്‍(റ) ഖബ്‌റുകള്‍ നിരപ്പാക്കാന്‍ കല്പിച്ചു. പക്ഷേ നിലത്തു നിന്ന് അല്പം ഉയര്‍ത്താം. ഉമറിന്റെ മാതാവിന്റെയും ഉസ്മാന്റെ മകളുടെയും ഖബ്‌റുകള്‍ക്കരികിലൂടെ അവര്‍ നടക്കാനിടവന്നപ്പോള്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം അവ തട്ടിനിരപ്പാക്കുകയുണ്ടായി'' (മുസ്വന്നഫ്).

ഇമാം ശാഫിഈ പറയുന്നു: ''ഒരു ഖബ്‌റില്‍ അതിലേതല്ലാത്ത മണ്ണിടാതിരിക്കലാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഉപരിതലത്തുനിന്ന് ഒരു ചാണോളം ഉയര്‍ത്തുന്നതേ ഞാനിഷ്ടപ്പെടുന്നുള്ളൂ. അത് കെട്ടിപ്പടുക്കുന്നതും കുമ്മായമിടുന്നതും എനിക്കിഷ്ടമില്ല. കാരണം അലങ്കാരത്തോടും അഹങ്കാരത്തോടും സാമ്യമുള്ളതാണവ. മരണമാവട്ടെ അതിന്റെ സ്ഥാനവുമല്ലല്ലോ. മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും ഖബ്‌റുകള്‍ കുമ്മായമിട്ടതായി ഞാന്‍ കണ്ടിട്ടില്ല. എന്നാല്‍ ഖബ്‌റുകളില്‍ കെട്ടിപ്പടുത്തവ ഭരണാധികാരികള്‍ തകര്‍ക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിന്റെ പേരില്‍ പണ്ഡിതന്മാരാരും അവരെ ആക്ഷേപിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല'' (അല്‍ഉമ്മ് 1:245).

ഖബ്‌റുകള്‍ക്ക്മീതെ ഗോപുരങ്ങളും മിനാരങ്ങളും നിര്‍മിക്കുന്നത് ഇസ്‌ലാം അനുദിക്കുന്നില്ല. സുമാമയില്‍ നിന്ന് അബ്ദുര്‍റസ്സാഖ് നിവേദനം ചെയ്യുന്നു: ''നീ അറിഞ്ഞില്ലേ, നബി(സ്വ) മുസ്‌ലിംകളുടെ ഖബ്‌റുകളിന്മേല്‍ പടുത്തുയര്‍ത്തുന്നതും കുമ്മായമിടുന്നതും നിരോധിച്ചിരിക്കുന്നു'' (മുസ്വന്നഫ്). ഇവ നിരോധിക്കുന്ന ഹദീസുകള്‍ മുസ്‌ലിമും അബൂദാവൂദും ഉദ്ധരിച്ചിട്ടുണ്ട്.

''പൊതുശ്മശാനങ്ങളില്‍ കെട്ടിപ്പടുത്ത ശവകുടീരങ്ങള്‍ തകര്‍ത്തുകളയല്‍ ഭരണാധികാരികളുടെ നിര്‍ബന്ധ ബാധ്യതയാണ്. ശാഫിഈ ഇമാമിന്റെ ഖബ്‌റിന്മേല്‍ നിര്‍മിക്കപ്പെട്ട ഗോപുരം പൊളിച്ചുനീക്കാന്‍ ശാഫിഈ മദ്ഹബിലെ ഒരു പ്രമുഖസംഘം തന്നെ ഫത്‌വ നല്കിയിരുന്നു; അതിന്റെ നിര്‍മാണത്തിന്നായി ആയിരക്കണക്കിന് ദീനാറുകള്‍ ചെലവാക്കപ്പെട്ടിരുന്നെങ്കിലും'' (ഫതാവാ ഇബ്‌നുഹജര്‍ 2:25). മഹാന്മാരുടെ ഖബ്‌റുകള്‍ക്ക്മീതെ കെട്ടിടം നിര്‍മിക്കുന്നത് നിരോധിക്കപ്പെട്ടതല്ലെന്ന ചിലരുടെ വാദം ബാലിശമാണെന്ന് ഈ സംഭവംതന്നെ വ്യക്തമാക്കുന്നു. പുറമെ അക്കാര്യം ഇബ്‌നുഹജറുല്‍ഹൈതമി തന്റെ ഫതാവയില്‍ വിശദീകരിക്കുന്നുണ്ട്'' (2:18). ''ഖബ്‌റുകള്‍ക്ക്മീതെയുള്ള ഗോപുരങ്ങളും പള്ളികളും ഉടനെ പൊളിച്ചുനീക്കണമെന്നും അവിടെയുള്ള മുഴുവന്‍ വിളക്കുകളും തിരികളും എടുത്തുമാറ്റണമെന്നും അതിന് വേണ്ടിയുള്ള വഖ്ഫുകളും നേര്‍ച്ചകളും ഒരിക്കലും സാധുവാകയില്ലെന്നും ഇബ്‌നുഹജര്‍ ഫത്‌വ നല്കി'' (സവാജിര്‍ 1:121).

അദ്ദേഹത്തിന്റെ കാലത്തെ പണ്ഡിതന്മാരൊക്കെ ഇതിനോട് യോജിച്ചു. അന്നത്തെ ഭരണാധികാരിയായ സാഹിര്‍ രാജാവ് ഖുറാഫയിലെ ഖബ്‌റുകളിന്മേലുള്ള മുഴുവന്‍ കെട്ടിടങ്ങളും പൊളിച്ചു മാറ്റാന്‍ കല്പിക്കുകയുണ്ടായി'' (ഫിഖ്ഹുസ്സുന്ന 1:549).

Feedback
  • Friday Nov 22, 2024
  • Jumada al-Ula 20 1446