Skip to main content

തസ്ബീത്തും തൽഖീനും

മൃതദേഹം ഖബ്‌റക്കിക്കഴിഞ്ഞാല്‍ കഴിഞ്ഞാല്‍ പരേതാത്മാവിന് സ്ഥൈര്യത്തിനും പാപമോചനത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതാണ് തസ്ബീത്ത്. ഇത് സുന്നത്താണ്. ഉസ്മാന്‍(റ) പറയുന്നു: നബി(സ്വ) മൃതദേഹം ഖബ്‌റടക്കിയ ശേഷം അവിടെ നിന്നുകൊണ്ട് ഇപ്രകാരം പറയാറുണ്ടായിരുന്നു: ''നിങ്ങളുടെ സഹോദരന് പാപമോചനത്തിന്നായി പ്രാര്‍ഥിക്കൂ. തസ്ബീത്ത് (സ്ഥൈര്യം) ചോദിക്കുകയുംചെയ്യുക. അദ്ദേഹമിപ്പോള്‍ ചോദ്യംചെയ്യപ്പെടുകയാണ്'' (അബൂദാവൂദ്, ഹാകിം -അദ്ദേഹം സ്വഹീഹാണെന്ന് വ്യക്തമാക്കി).

നബി(സ്വ)യില്‍നിന്ന് തസ്ബീത്തിന് വേണ്ടി നിശ്ചിതവചനങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഈ പ്രാര്‍ഥനയ്ക്ക് മതിയായ വചനങ്ങള്‍ സൗകര്യംപോലെ രൂപപ്പെടുത്താവുന്നതാണ്. സാധാരണ ചൊല്ലി വരാറുള്ളതും പണ്ഡിതന്മാര്‍ നിര്‍ദേശിച്ചതും ഇപ്രകാരമാണ്.

അല്ലാഹുമ്മ സബ്ബിത്ഹ് ഇന്‍ദ സ്സുആല്‍, അല്ലാഹുമ്മ അല്‍ഹിംഹുല്‍ ജവാബ്, അല്ലാഹുമ്മ ജാഫില്‍ ഖബ്‌റ അന്‍ ജന്‍ബൈഹ്, അല്ലാഹുമ്മഗ്ഫിര്‍ ലഹു വര്‍ഹംഹു, അല്ലാഹുമ്മ ആമിന്‍ഹു മിന്‍ കുല്ലില്‍ ഫസഅ്(63) (അല്ലാഹുവേ, ചോദിക്കപ്പെടുന്ന സമയം അദ്ദേഹത്തിന് നീ സ്ഥൈര്യം നല്‌കേണമേ! അല്ലാഹുവേ, നീ അദ്ദേഹത്തിന് മറുപടി തോന്നിപ്പിക്കേണമേ. അല്ലാഹുവേ, അദ്ദേഹത്തിന്റെ ഇരുപാര്‍ശ്വങ്ങളില്‍ നിന്നും ഖബ്‌റിനെ നീ അകറ്റേണമേ! അല്ലാഹുവേ, നീ അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണകാണിക്കുകയും ചെയ്യേണമേ! അല്ലാഹുവേ, എല്ലാവിധ സംഭ്രമങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന് നിര്‍ഭയത്വം നല്‌കേണമേ).

ഇവിടെ പ്രവാചകന്‍(സ്വ) തസ്ബീത്ത് ചൊല്ലാന്‍ സമൂഹത്തെ ഏല്പിക്കുകയാണ്‌ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്തവചനങ്ങളാണ് പൂര്‍വികരില്‍ നിന്നുദ്ധരിക്കപ്പെടുന്നത്. പ്രമുഖ സ്വഹാബിയായ അനസ്(റ) തന്റെ മകന്റെ മയ്യിത്ത് ഖബ്‌റടക്കിയപ്പോള്‍ ഇപ്രകാരം പ്രാര്‍ഥിച്ചു:

അല്ലാഹുമ്മ ജാഫില്‍ അര്‍ദ അന്‍ ജന്‍ബയ്ഹ്, വഫ്തഹ് അബ്‌വാബ സ്സമാഇ ലി റൂഹിഹി വ അബ്ദില്‍ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി(64) (അല്ലാഹുവേ, അവന്റെ ഇരുഭാഗത്തുനിന്നും ഭൂമിയെ നീ അകറ്റേണമേ. അവന്റെ ആത്മാവിന് വേണ്ടി ആകാശത്തിന്റെ കവാടങ്ങള്‍ തുറക്കേണമേ. അവന്റെ ഭവനത്തെക്കാള്‍ ഉത്തമമായൊരു ഭവനം നീ പകരം നല്‌കേണമേ). (ത്വബ്‌റാനി). ഈ ഹദീസിന്റെ നിവേദക പരമ്പരയിലുള്ളവര്‍ വിശ്വസ്തരാണെന്ന് ഇബ്‌നുഹജര്‍ പറഞ്ഞിരിക്കുന്നു (മജ്മഉസ്സവാഇദ് 3:44).

ഇപ്രകാരം വന്ന മിക്ക വചനങ്ങളുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ന് പ്രചാരത്തിലുള്ള തസ്ബീത്തിന്റെ വചനങ്ങളെന്ന്കാണാം.

സംസ്‌കരണാനന്തരം ഖബ്‌റിന്റെ തലഭാഗത്തിരുന്ന് ഇന്ന സ്ത്രീയുടെ മകനേ എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, ഭീകരന്മാരായ രണ്ടു മലക്കുകളെ പരിചയപ്പെടുത്തുകയും അനന്തരം അവരുടെ ചോദ്യങ്ങള്‍ക്കജല്പ ഉത്തരം പറഞ്ഞുകൊടുക്കുകയുംചെയ്യുന്ന വചനങ്ങള്‍ ചൊല്ലിക്കൊടുക്കുന്നതിനാണ് തല്‍ഖീന്‍ എന്ന് ഇക്കാലത്ത് പറയുന്നത്. ഇപ്രകാരം ചിലവചനങ്ങള്‍ അബൂഉമാമയില്‍ നിന്ന് ത്വബ്‌രി ഉദ്ധരിക്കുന്നുണ്ട്. ഇത് ദുര്‍ബലമാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുയൂത്വി പറഞ്ഞു:

''മറവ്‌ചെയ്തശേഷം മയ്യിത്തിന് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കുന്നതിനെക്കുറിച്ച് ദുര്‍ബലമായ പരമ്പരയിലൂടെ ഒരു ഹദീസ് ത്വബ്‌റാനിയുടെ മുഅ്ജമില്‍ വന്നിരിക്കുന്നു'' (278).

നവവി പറയുന്നു: ''അബൂഉമാമയുടെ ഹദീസ് ദുര്‍ബലമായ പരമ്പരയിലൂടെയാണ് ത്വബ്‌റാനി തന്റെ മുഅ്ജമില്‍ ഉദ്ധരിച്ചത്'' (ശറഹുല്‍മുഹദ്ദബ് 5:304, റൗദത്തു ത്വാലിബീന്‍ 2:138).

ഈ തല്‍ഖീന്‍ പ്രവാചകന്റെ അംഗീകാരമുള്ളതോ പൂര്‍വികര്‍ക്ക് പരിചിതമോ അല്ല. മറിച്ച്, പില്‍ക്കാലത്ത് നിര്‍മിക്കപ്പെട്ട ബിദ്അത്തുകളില്‍ പെട്ടതാണ്. അസ്‌റം പറയുന്നു: ''ഖബ്‌റടക്കിയശേഷം ഒരാള്‍ എഴുന്നേറ്റ് 'ഇന്ന സ്ത്രീയുടെമകനേ......' എന്നു പറയുന്ന ഈ ഏര്‍പ്പാടിനെക്കുറിച്ച് ഞാന്‍ അഹ്മദിനോട് ചോദിച്ചു. അദ്ദേഹം പറയുന്നു: മുഗീറയുടെ പിതാവ് മരിച്ചപ്പോള്‍ സിറിയക്കാര്‍ ചെയ്യുന്നതല്ലാതെ മറ്റാരും അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല'' (അത്തല്‍ഖീസ് 5:243).

മുല്ലാ അലിയ്യുല്‍ഖാരി പറഞ്ഞു: ''ഇന്ന് ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന തല്‍ഖീന്‍ മുന്‍ഗാമികള്‍ക്കിടയില്‍ അറിയപ്പെടാത്തതാണ്. അത് പുതിയകാര്യമാണ്. ഇതിനെ നബി(സ്വ)യുടെ വാക്കെന്ന് പറയാനാവില്ല.'' (മിര്‍ക്വാത്ത് 2:329) ഇസ്സ്ബ്‌നു അബ്ദിസ്സലാം പറഞ്ഞു: തല്‍ഖീനില്‍ ഒന്നും സ്വഹീഹായി വന്നിട്ടില്ല. അത് ബിദ്അത്താണ്. 'ലഖ്ഖിനൂ മൗതാകും' എന്ന നബിവചനത്തിന്റെ ആശയം മരണം ആസന്നമായവര്‍ക്ക് നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു ചൊല്ലി(തല്‍ഖീന്‍)ക്കൊടുക്കുക എന്നാണ്'' (ഫതാവാ 43:44).

Feedback
  • Friday Apr 4, 2025
  • Shawwal 5 1446