ബന്ധുക്കളുടെയും ആത്മസുഹൃത്തുക്കളുടെയും വേര്‍പാടില്‍ ദുഃഖിതരായി കഴിയുന്നവരെ ആശ്വസിപ്പിക്കുകയും ക്ഷമിക്കാന്‍ പ്രേരിപ്പിക്കുകയുംചെയ്തുകൊണ്ട് സാന്ത്വനപ്പെടുത്തല്‍ സുന്നത്താണ്. അംറുബ്‌നു ഹസമി (റ)ല്‍നിന്ന് ഇബ്‌നുമാജ നിവേദനം ചെയ്യുന്നു: നബി(സ്വ) പറഞ്ഞു: ''വിപത്തിലകപ്പെട്ട തന്റെ സഹോദരനെ സമാശ്വസിപ്പിക്കുന്ന വിശ്വാസിക്ക് പരലോകത്ത് മാന്യതയുടെ വസ്ത്രം അല്ലാഹു അണിയിക്കുന്നതാണ്'' (ഇബ്‌നുമാജ).
ദുഃഖം ലഘൂകരിക്കുന്നതിനും ക്ഷമയവലംബിക്കുന്നതിനും പ്രേരകമായ സാന്ത്വനവാക്കുകള്‍ പറയാവുന്നതാണ്. നബി(സ്വ)യുടെ വചനങ്ങളില്‍ അതിന്റെ വിവിധ രൂപങ്ങള്‍ കാണാവുന്നതാണ്. ''അല്ലാഹു എടുത്തത് അവന്റേതാണ്. അവന്‍ നല്കിയതും അവന്റേത്തന്നെ. എല്ലാവസ്തുവിന്നും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ നീ ക്ഷമിക്കുക. അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിക്കുക'' (ബുഖാരി).
മുഅ്ത്ത യുദ്ധത്തില്‍ ജഅ്ഫര്‍(റ) രക്തസാക്ഷിയായപ്പോള്‍ പുത്രന്‍ അബ്ദുല്ലയെ ആശ്വസിപ്പിച്ചുകൊണ്ട് നബി(സ്വ) പ്രാര്‍ഥിച്ചു: ''അല്ലാഹുവേ, ജഅ്ഫറിന്റെ അഭാവം പരിഹരിക്കുന്ന ഒരു പിന്‍ഗാമിയെ ആ കുടുംബത്തിന് നല്‌കേണമേ. അബ്ദുല്ലായുടെ ഇടപാടില്‍ അനുഗ്രഹംചെയ്യേണമേ'' (അഹ്മദ്). പണ്ഡിതന്മാര്‍ പറഞ്ഞു: ഒരു മുസ്‌ലിമിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന മുസ്‌ലിമിനോട് ''അല്ലാഹു നിനക്ക് മഹത്തായ പ്രതിഫലം നല്കട്ടെ. നിന്റെ സാന്ത്വനം അല്ലാഹു നന്നാക്കട്ടെ. നിന്റെ പരേതന് പൊറുത്തുകൊടുക്കുകയുംചെയ്യട്ടെ'' എന്നും ഒരു അവിശ്വാസിയുടെ പേരില്‍ ഒരു മുസ്‌ലിമിനെ സാന്ത്വനപ്പെടുത്തുന്നവന്‍ ''അല്ലാഹു നിനക്ക് മഹത്തായ പ്രതിഫലവും നല്ല സാന്ത്വനവും നല്കട്ടെ'' എന്നും ഒരു മുസ്‌ലിമിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന അവിശ്വാസിയോട് ''അല്ലാഹു നിനക്ക് നല്ല സാന്ത്വനം പ്രദാനം ചെയ്യട്ടെ. നിന്റെ പരേതന് പൊറുത്തുകൊടുക്കുകയുംചെയ്യട്ടെ'' എന്നും പറയേണ്ടതാണ്. ഇങ്ങനെ പ്രത്യേകവചനങ്ങള്‍ നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടുവന്നിട്ടില്ല. മയ്യിത്തിന്റെയും കുടുംബത്തിന്റെയും വിശ്വാസവും കൂടി പരിഗണിച്ചുകൊണ്ട് പ്രാര്‍ഥിക്കുകയാണ് വേണ്ടതെന്ന്ഇതില്‍ നിന്ന് മനസ്സിലാക്കാം (ശറഹുല്‍മുഹദ്ദബ് 5:305).
ഇമാം നവവി പറയുന്നു: സന്ദര്‍ശകരുടെ അനുശോചനത്തിന്നായി പരേതന്റെ കുടുംബങ്ങളും ബന്ധുക്കളും വീട്ടില്‍ ഒത്തുകൂടിഇരിക്കുന്നത് കറാഹത്താണ്. അവര്‍ ജോലികളില്‍ ഏര്‍പ്പെടണം. ആരെങ്കിലും അവരെ കണ്ടാല്‍ അവന്‍ ആശ്വസിപ്പിക്കുകയുംചെയ്യണം. ഇമാം ശാഫിഈ പറഞ്ഞു: സംഘമായി കൂടിയിരിക്കുന്നത് ഞാന്‍ വെറുക്കുന്നു. അവര്‍ കരഞ്ഞില്ലെങ്കിലും അത് വീണ്ടും ദുഃഖമുണ്ടാക്കും. ചെലവ് വര്‍ധിപ്പിക്കുകയുംചെയ്യും. ഇതൊരു പുതിയ സമ്പ്രദായമാണ്. പുതിയത് ബിദ്അത്തുമാണ് (ശറഹുല്‍മുഹദ്ദബ് 5:3-6).
ഇമാം അഹ്മദ് പറഞ്ഞു: ''മരിച്ചവരുടെ ബന്ധുക്കളെ സാന്ത്വനിപ്പിക്കുന്നതിനായി പള്ളിയില്‍ ഇരിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല. അതില്‍ ബഹുമാനിക്കലുണ്ടായേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.'' ഇപ്രകാരം ഹനഫികളും പറഞ്ഞിരിക്കുന്നു. ഇങ്ങനെ 'തഅ്‌സിയ'ത്തിന് വേണ്ടി ഇരിക്കുന്നത് 'നിയാഹത്തായി' സ്വഹാബികള്‍ പരിഗണിച്ചിരുന്നു. അതായിരിക്കും ഇമാം അഹ്മദിന്റെ അവലംബം (അല്‍മസ്ജിദു ഫില്‍ഇസ്‌ലാം: 164).
ഇബ്‌നുല്‍ഖയ്യിം പറഞ്ഞു: പരേതന്റെ കുടുംബത്തെ സാന്ത്വനപ്പെടുത്തല്‍ നബിചര്യയാണ്. എന്നാല്‍ അതിനുവേണ്ടി സംഘടിക്കുന്നതോ ഖബ്‌റിന്റെ അരികിലോ അല്ലാതെയോ ഖുര്‍ആന്‍ പാരായണംചെയ്യുന്നതോ നബിചര്യയിലില്ല. ഇവയെല്ലാം നബി(സ്വ)യുടെ ശേഷമുണ്ടായ പുതിയ ബിദ്അത്തുകളാണ്. ഇത് വര്‍ജ്യമാണ് (സാദുല്‍മആദ് 1:304).
പ്രസ്തുത പണ്ഡിതാഭിപ്രായങ്ങളില്‍ നിന്ന് സാന്ത്വനപ്പെടുത്തുന്നത് സ്വാഭാവികമായി നടക്കേണ്ടതാണെന്നും അതിനായി പ്രത്യേകം സദസ്സുകളോ ചടങ്ങുകളോ സംഘടിപ്പിക്കുന്നത് ഉപേക്ഷിക്കേണ്ടതാണെന്നും വ്യക്തമാണ്.
അനുശോചകര്‍ മയ്യിത്തിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് കൂടുതല്‍ ദുഃഖം ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രവാചകനും അനുചരരും ഒരു മയ്യിത്തിന്റെ സമീപത്തുകൂടെ നടന്നുപോയപ്പോള്‍ അവരൊക്കെ പരേതനെ പ്രശംസിക്കുകയുണ്ടായി. അപ്പോള്‍ നബി(സ്വ) പറഞ്ഞു: ''(സ്വര്‍ഗം) അനിവാര്യമായിരിക്കുന്നു.'' മറ്റൊരവസരത്തില്‍ പ്രവാചകന്റെ അടുക്കല്‍ പരാമര്‍ശിക്കപ്പെട്ട ഒരു വ്യക്തിയെ ഒരാള്‍ പ്രശംസിച്ചു പറഞ്ഞപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ''നിനക്ക് നാശം. നീ സഹോദരന്റെ കഴുത്ത് ഒടിച്ചിരിക്കുന്നു. ആരെങ്കിലും പ്രശംസിക്കുകയാണെങ്കില്‍ തന്റെ കൂട്ടുകാരന്‍ ഇപ്രകാരമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു എന്ന് അവന്‍ പറയട്ടെ. പ്രശംസിക്കപ്പെടുന്നവന്റെ വിചാരണ അല്ലാഹുവിന്റെയടുത്താണ്. അല്ലാഹുവിന്റെയടുക്കല്‍ ആരെയും വിശുദ്ധരാക്കരുത്'' (ബുഖാരി).
ദുഃഖമുണ്ടാക്കുകയോ അത് വര്‍ധിക്കാനിടവരുത്തുകയോചെയ്യുന്ന രൂപത്തില്‍ പരേതനെ പ്രശംസിക്കുന്നത് നിരോധിക്കപ്പെട്ടതാണ്. അബ്ദുല്ലാഹിബ്‌നു അബീഔഫാ(റ) പറയുന്നു. ''നബി(സ്വ) വിലാപത്തെ നിരോധിച്ചിരിക്കുന്നു.''
ഇബ്‌നു ഹജര്‍ പറഞ്ഞു: ''കരയാന്‍ പ്രേരിപ്പിക്കുന്നതും ദുഃഖത്തെ പുതുക്കുന്നതുമായ വിലാപം നിഷിദ്ധമായ 'നിയാഹത്തി'ന്റെ ഭാഗമാണെന്നതില്‍ സംശയമില്ല. ഭൗതികമേഖലയിലെ ചില പ്രമുഖര്‍ മരിച്ച ഉടന്‍ സംഘടിപ്പിക്കപ്പെടുന്ന സദസ്സുകളില്‍ വായിക്കപ്പെടുന്ന വിലാപകാവ്യങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്'' (ഫതാവാ ഇസ്വ്‌ലാഹുല്‍ മസാജിദ്-ഉദ്ധരണം: മുഹമ്മദ് ജമാലുദ്ദീനുല്‍ഖാസിമീ, പേ:163).
ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു: ''അല്ലാഹുവിന്റെ വിധിയില്‍ വെറുപ്പ് പ്രകടിപ്പിക്കുന്ന രൂപത്തിലുള്ള വിലാപങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ നല്ല മനുഷ്യന്റെ ഗുണങ്ങള്‍ പറയുകയും ആ ഗുണങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണെങ്കില്‍ നിഷിദ്ധമാവുന്നില്ല.''
ചുരുക്കത്തില്‍ മതപരമായ ഒരാചാരമെന്ന നിലയില്‍ മരിച്ച ഉടനെ ജനങ്ങള്‍ ഒരിടത്ത് സംഘടിച്ചു പരേതന്റെ നന്മകള്‍ പറയുന്നത് അനുചിതമാണെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് വ്യക്തമാണ്. അതുതന്നെ ദുഃഖം വര്‍ധിപ്പിക്കുന്നതും അമിതാദരവിന്റേതുമായ രൂപത്തിലോ മരണാനന്തര കര്‍മങ്ങള്‍ക്ക് വിഘാതമുണ്ടാക്കുന്നതോ ആവുമ്പോള്‍ നിഷിദ്ധമായിത്തീരുമെന്നും ഗ്രഹിക്കാന്‍ പ്രയാസമുണ്ടാവില്ല.
മരണം സംഭവിച്ച വീട്ടുകാര്‍ക്ക് വേണ്ട ഭക്ഷണം പാകംചെയ്ത് അത് അവരെ കഴിക്കാന്‍ പ്രേരിപ്പിക്കേണ്ടത് മറ്റു മുസ്‌ലിംകളുടെ ബാധ്യതയാണ്. കുട്ടികളുടെ കാര്യം പോലും ശ്രദ്ധിക്കാത്ത മാനസികാവസ്ഥയായിരിക്കുമല്ലോ അവര്‍ക്ക് ഉണ്ടാവുക. ഹിജ്‌റ ഒമ്പതാം വര്‍ഷം മുഅ്ത്ത യുദ്ധത്തില്‍ മരണപ്പെട്ട ജഅ്ഫറിന്റെ കുടുംബത്തിന് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാന്‍ നബി(സ്വ) കല്പിച്ചു. ''അതില്‍ നിന്നെല്ലാം അശ്രദ്ധമാക്കുന്ന ഒരു വാര്‍ത്തയാണ് അവര്‍ക്ക് വന്നിട്ടുള്ളത്'' എന്നുകൂടി അവിടുന്നു പറഞ്ഞു (അബൂദാവൂദ്). ഇമാം ശാഫിഈ പറഞ്ഞു: ''മരണമടഞ്ഞവന്റെ കുടുംബത്തിന് വേണ്ടി ആ ദിവസം അയല്‍വാസികളും ബന്ധുക്കളും ഭക്ഷണം പാകംചെയ്ത് കഴിപ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. നിശ്ചയം അത് സുന്നത്താണ്. അത് നമ്മുടെ പൂര്‍വികരുടെയും ശേഷക്കാരുടെയും ഉത്തമകര്‍മമാണ്'' (അല്‍ ഉമ്മ് 1:186).