നുത്വഫയുടെ ഭാഷാര്‍ഥം ഒരു തുള്ളി ദ്രാവകം എന്നാണ്. രേതസ് കണത്തില്‍ നിന്നാണ് സ്ത്രീയെയും പുരുഷനെയും സൃഷ്ടിക്കുന്നതെന്ന സത്യം ശാസ്ത്രലോകത്തിന് ഇരുപതാം നൂറ്റാണ്ടു വരെ അജ്ഞാതമായിരുന്നു. എന്നാല്‍ പതിനാലു നൂറ്റാണ്ടു മുമ്പ് ഖുര്‍ആന്‍ പറഞ്ഞു: ''സ്ഖലിക്കപ്പെട്ട രേതസ്‌കണത്തിലെ ഒരു ബീജം മാത്രമായിരുന്നില്ലേ അവന്‍; പിന്നീടവന്‍ തൂങ്ങിക്കിടക്കുന്ന ഒന്നായിത്തീര്‍ന്നു. അല്ലാഹു അതിന് രൂപവും ആകൃതിയും നല്കി. എന്നിട്ടതില്‍ നിന്ന് ആണ്‍, പെണ്‍ എന്നിങ്ങനെ ഇണകളെ ഉണ്ടാക്കി. അങ്ങനെയുള്ള ഒരുവന്‍ മരിച്ചവരെ പുനര്‍ജ്ജനിപ്പിക്കാന്‍ കഴിവുറ്റവനല്ലയോ?'' (വി. ഖുര്‍ആന്‍. 75: 37-40)
പുരുഷന്റെ ലിംഗത്തിനു സമീപമുള്ള വൃഷണങ്ങള്‍ നാനൂറോളം അറകളായി വിഭജിച്ചിരിക്കുന്നു. ഓരോ അറയിലും വളഞ്ഞുപുളഞ്ഞു കിടക്കുന്ന നീണ്ട നാളികളുണ്ട്. ഇവയാണ് ബീജനാളികള്‍. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ ഇരുപതു മുതല്‍ നാല്പതു കോടി വരെ ബീജങ്ങളുണ്ടായിരിക്കും. ഒരു തവണ ബീജ സ്ഖലനം നടക്കുമ്പോള്‍ ശരാശരി അഞ്ചു മില്ലി ലിറ്റര്‍ ശുക്ലമാണ് സ്രവിക്കുന്നതെന്നിരിക്കെ ഒരു തവണ സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് ഇരുനൂറു കോടിയോളം പുംബീജങ്ങളെയാണ് സ്രവിപ്പിക്കുന്നത്.
ഭ്രൂണത്തിന്റെ ലിംഗഭേദം ബീജസങ്കലനം നടത്തുന്ന പുരുഷ ബീജത്തെ ആശ്രയിച്ചാണിരിക്കു ന്നതെന്ന് എക്‌സ്, വൈ പാരമ്പര്യഘടകങ്ങളക്കുറിച്ച് മനുഷ്യന്‍ തികച്ചും അജ്ഞാതനായിരുന്ന കാലത്ത് ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. സിക്താണ്ഡ രൂപീകരണത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തമുണ്ടെന്ന വസ്തുത അടുത്ത കാലത്താണ് കണ്ടുപിടിക്കപ്പെട്ടതെന്നിരിക്കെ ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നടത്തുന്നത് അത്ഭുത വെളിപാടുകള്‍ തന്നെ. പുരുഷനും സ്ത്രീയും പരസ്പരം ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും അതിസങ്കീര്‍ണമായ ഗര്‍ഭാശയ ഭിത്തിയില്‍ വച്ച് കൂടിച്ചേരുമ്പോഴാണ് മനുഷ്യജനനം സംഭവിക്കുന്നത്.